മുംബൈ: മാവോവാദി ബന്ധം കേസിൽ കീഴ്കോടതി വിധിച്ച ജീവപര്യന്തം ശിക്ഷക്കെതിരെ ഡൽഹി സർവകലാശാല പ്രഫസർ ജി.എൻ. സായിബാബ നൽകിയ അപ്പീൽ ബോംബെ ഹൈകോടതി വിധിപറയാൻ മാറ്റിവെച്ചു. ജസ്റ്റിസുമാരായ വിനയ് ജോഷി, വാൽമീകി മെനേസെസ് എന്നിവരടങ്ങിയ നാഗ്പുർ ബെഞ്ചാണ് വാദം കേട്ടത്. സുപ്രീംകോടതി ഉത്തരവിനെ തുടർന്നാണ് അപ്പീൽ.
സായിബാബയെയും മറ്റ് മൂന്നുപേരെയും കഴിഞ്ഞ വർഷം ബോംബെ ഹൈകോടതിയുടെ മറ്റൊരു ബെഞ്ച് കുറ്റമുക്തരാക്കിയിരുന്നു. യു.എ.പി.എ ചുമത്താൻ ചട്ട പ്രകാരം അനുമതി ലഭിക്കുന്നതിന് മുമ്പ് തന്നെ സായിബാബക്കെതിരെ യു.എ.പി.എ പ്രകാരം വിചാരണ തുടങ്ങിയത് ചൂണ്ടിക്കാട്ടി കീഴ്കോടതി നടപടികൾ അസാധുവായി പ്രഖ്യാപിക്കുകയാണ് അന്നത്തെ ഹൈകോടതി ബെഞ്ച് ചെയ്തത്.
മഹാരാഷ്ട്ര സർക്കാറിന്റെ അപ്പീലിൽ സുപ്രീംകോടതി വിധി മരവിപ്പിച്ചു. കുറ്റകൃത്യം പരിശോധിച്ചല്ല യു.എ.പി.എ ചുമത്തിയതിലെ സാങ്കേതിക പിഴവ് ചൂണ്ടിക്കാട്ടിയാണ് പ്രതികളെ വെറുതെ വിട്ടതെന്നാണ് മഹാരാഷ്ട്ര വാദിച്ചത്. ഹൈകോടതി വിധി പറഞ്ഞ അന്ന് രാത്രി അസാധാരണമായ പ്രത്യേക വാദം കേൾക്കൽ നടത്തിയാണ് സുപ്രീംകോടതി വിധി മരവിപ്പിച്ചത്. അപ്പീലിൽ മറ്റൊരു ബെഞ്ച് വീണ്ടും വാദം കേട്ട് നാലു മാസത്തിനകം വിധി പറയണമെന്ന് സുപ്രീംകോടതി നിർദേശിക്കുകയായിരുന്നു. സായിബാബയെ വെറുതെവിട്ട ജഡ്ജിമാരിൽ ഒരാളായ ജസ്റ്റിസ് രോഹിത് ദേവ് കഴിഞ്ഞ ആഗസ്റ്റിൽ രാജിവെച്ചു. മാവോവാദി ബന്ധം ആരോപിച്ച് 2013 ലാണ് അരക്കു താഴെ ചലനശേഷിയില്ലാത്ത സായിബാബയെ മഹാരാഷ്ട്രയിലെ ഗഡ്ചിറോലി പൊലീസ് അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.