ന്യൂഡൽഹി: ഉത്തർപ്രദേശിലെ ക്ലാസ് മുറിയിൽ പിഞ്ചുകുട്ടികളെ അധ്യാപിക വിദ്വേഷ കുറ്റകൃത്യത്തിനിരയാക്കിയതിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഇന്ത്യയുടെ എല്ലാ മുക്കുമൂലകളിലും തീയിടാൻ ബി.ജെ.പി പകരുന്ന എണ്ണയാണ് അവിടെയും ഉപയോഗിച്ചതെന്ന് അദ്ദേഹം പറഞ്ഞു.
‘നിരപരാധികളായ കുട്ടികളുടെ മനസ്സിൽ വിവേചനത്തിന്റെ വിഷം വിതച്ച്, ഒരു സ്‌കൂൾ പോലുള്ള പുണ്യസ്ഥലത്തെ വെറുപ്പിന്റെ വിപണിയാക്കി മാറ്റുന്നു. രാജ്യത്ത് ഒരു അധ്യാപകന് ഇതിനേക്കാൾ മോശമായി ഇനി ഒന്നും ചെയ്യാൻ കഴിയില്ല. ഇന്ത്യയുടെ എല്ലാ കോണിലും തീയിടാൻ ബി.ജെ.പി പകരുന്ന അതേ മണ്ണെണ്ണയാണ് ഇവിടെയും ഒഴിച്ചത്. കുട്ടികളാണ് ഇന്ത്യയുടെ ഭാവി. അവരെ വെറുക്കരുത്. നമുക്ക് എല്ലാവർക്കും ഒരുമിച്ച് സ്നേഹിക്കാൻ പഠിപ്പിക്കാം’ -രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു.
‘ചന്ദ്രനിലേക്ക് പോകാനുള്ള സാങ്കേതിക വിദ്യയെക്കുറിച്ച് ചർച്ച നടക്കുന്ന സമയത്ത് വിദ്വേഷ ഭിത്തി പണിയുന്നതിനെക്കുറിച്ചും ചർച്ച നടക്കുന്നു. വിദ്വേഷമാണ് പുരോഗതിയുടെ ഏറ്റവും വലിയ ശത്രു’ -പ്രിയങ്ക ഗാന്ധി വ്യക്തമാക്കി.
വൈറൽ വിഡിയോ പരിശോധിച്ചതായും സ്കൂളിലെ പഠനവുമായി പന്ധപ്പെട്ട കാര്യങ്ങൾ പൂർത്തിയാക്കാത്തതിനാണ് കുട്ടിയെ മർദിച്ചതെന്നാണ് പ്രഥമദൃഷ്ട്യാ മനസിലായതെന്നും പൊലീസ് സർക്കിൾ ഓഫീസർ രവിശങ്കർ മാധ്യമപ്രവർത്തകരോട് പറഞ്ഞു. “ആക്ഷേപകരമായ ചില പരാമർശങ്ങളും വിഡിയോയിൽ കേൾക്കാം. ഞങ്ങൾ വിഷയം പരിശോധിച്ച് തുടർ നടപടി സ്വീകരിക്കും’ -അദ്ദേഹം പറഞ്ഞു. വിദ്യാർഥികളെ കൂടാതെ ടീച്ചറെയും മറ്റൊരാളെയും വിഡിയോയിൽ കാണുന്നുണ്ടെന്നും അയാളെ തിരിച്ചറിയാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും വിദ്യാഭ്യാസ ഓഫിസർ ശുഭം ശുക്ല പറഞ്ഞു. രണ്ടുപേർക്കെതിരെയും സ്കൂൾ മാനേജ്‌മെന്റിനെതിരെയും നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. മതപരമായ വശത്തെ കുറിച്ച് ഇപ്പോൾ പറയാൻ കഴിയില്ലെന്നും പൊലീസും വിദ്യാഭ്യാസ വകുപ്പും ഇത് അന്വേഷിക്കുമെന്നും അവർ പറഞ്ഞു.
മുസഫർനഗർ കുബ്ബപൂരിലെ നേഹ പബ്ലിക് സ്കൂളിലായിരുന്നു രാജ്യത്തെ പിടിച്ചുലച്ച സംഭവം. ക്ലാസ് മുറിയിൽ മുസ്‍ലിം വിദ്യാർഥിയെ എഴുന്നേൽപിച്ച് നിർത്തിയ അധ്യാപിക, മറ്റു വിദ്യാർഥികളെ കൊണ്ട് ഈ കുട്ടിയുടെ മുഖത്ത് അടിപ്പിക്കുകയായിരുന്നു. ഇത് മറ്റൊരാൾ വിഡിയോയിൽ പകർത്തി പ്രചരിപ്പിച്ചു. വ്യാഴാഴ്ചയാണ് സംഭവം നടന്നതെന്ന് മർദനത്തിനിരയായ ഏഴുവയസ്സുകാരൻ പറഞ്ഞു. തൃപ്ത ത്യാഗി എന്ന അധ്യാപികയാണ് ഈ ക്രൂരകൃത്യം നടത്തിയത്. മുമ്പും വിദ്യാർഥികളെ സഹപാഠികളെ കൊണ്ട് തല്ലിക്കുന്ന ശീലം ഈ അധ്യാപികയ്ക്ക് ഉണ്ടായിരുന്നതായി മർദനമേറ്റ കുട്ടിയുടെ മാതാവ് റുബീന മാധ്യമങ്ങളോാട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.