പഞ്ചാബ് എം.എൽ.എമാരെയും വിലക്ക് വാങ്ങാൻ ബി.ജെ.പി ശ്രമം; 10 എം.എൽ.എമാർക്ക് 25 കോടി വീതം വാഗ്ദാനം ചെയ്തതായി ആം ആദ്മി പാർട്ടി

ചണ്ഡീഗഢ്: ഗോവയിൽ എട്ട് കോൺഗ്രസ് എം.എൽ.എമാർ ബി.ജെ.പി പാളയത്തിൽ എത്തിയതിനുപിന്നാലെ, സമാനമായ ആരോപണവുമായി പഞ്ചാബിലെ ഭരണകക്ഷിയായ ആം ആദ്മി പാർട്ടി. തങ്ങളുടെ 10 എം.എൽ.എമാരെ വിലക്കുവാങ്ങാൻ ബി.ജെ.പി ശ്രമിച്ചുവെന്നാണ് ആപ് കേന്ദ്രങ്ങൾ വ്യക്തമാക്കുന്നത്. ഇതുസംബന്ധിച്ച് സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് സംസ്ഥാന ഡിജിപിക്ക് ബുധനാഴ്ച പരാതി നൽകിയതായി എഎപിയുടെ പഞ്ചാബ് മന്ത്രി ഹർപാൽ ചീമ അറിയിച്ചു.

എം.എൽ.എമാരായ ബുദ്ധ് റാം, കുൽവന്ത് പണ്ടോരി, മഞ്ജിത് സിങ് ബിലാസ്പൂർ, ദിനേശ് ഛദ്ദ, രമൺ അറോറ, നരീന്ദർ കൗർ ഭരജ്, രജനീഷ് ദഹിയ, രൂപീന്ദർ സിങ് ഹാപ്പി, ശീതൾ അംഗുറൽ, ലഭ് സിങ് ഉഗോകെ എന്നിവരോടൊപ്പമാണ് ചീമ ബുധനാഴ്ച ഡി.ജി.പിയുടെ ഓഫിസിലെത്തി പരാതി നൽകിയത്. വിഷയത്തിൽ ഡിജിപി ഗൗരവ് യാദവിന് എല്ലാ തെളിവുകളും ​കൈമാറിയതായി അദ്ദേഹം അറിയിച്ചു.

അതിനിടെ, കുതിരക്കച്ചവടത്തെ ചോദ്യം ചെയ്ത ജലന്ധർ വെസ്റ്റ് എംഎൽഎ ശീതൾ അംഗുറലിന് നേരെ ബിജെപി നേതാക്കൾ വധഭീഷണി മുഴക്കിയതായും സംഭവത്തിൽ പരാതി നൽകിയതായും ചീമ പറഞ്ഞു. "കോടികൾ വാഗ്ദാനം ചെയ്ത വിവരം പുറത്തുപറഞ്ഞാൽ കൊന്നുകളയുമെന്നാണ് ഭീഷണി. ഇതിന്റെ തെളിവും ഞങ്ങളുടെ പക്കലുണ്ട്' -അദ്ദേഹം പറഞ്ഞു.

'ഡൽഹിയിലെയും പഞ്ചാബിലെയും ആപ് സർക്കാരിനെ താഴെയിറക്കാൻ 35 എംഎൽഎമാരെ വിലക്കുവാങ്ങാനാണ് ശ്രമം നടത്തിയത്. എന്നാൽ "ഓപ്പറേഷൻ ലോട്ടസ്" പൂർണ്ണമായും പരാജയപ്പെട്ടു. ആം ആദ്മി പാർട്ടിയുടെ വിശ്വസ്തരായ സൈനികർ അരവിന്ദ് കെജ്‌രിവാളിന്റെയും മുഖ്യമന്ത്രി ഭഗവന്ത് മന്നിന്റെയും നേതൃത്വത്തിൽ പാറപോലെ ഉറച്ചു നിൽക്കുന്നതിനാൽ 2,200 കോടി രൂപ വാഗ്ദാനം ചെയ്താലും ബിജെപിയുടെ ദുഷിച്ച പദ്ധതികൾ വിജയിക്കില്ല. സിബിഐ, ഇഡി തുടങ്ങിയ കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് വിവിധ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുക്കപ്പെട്ട സർക്കാരുകളെ താഴെയിറക്കി ബിജെപി ജനാധിപത്യത്തെ കൊലപ്പെടുത്തുകയാണ്' -ചീമ ആരോപിച്ചു.

അതേസമയം, ഹൈകോടതിയുടെ മേൽനോട്ടത്തിൽ സ്വതന്ത്ര ഏജൻസിയെക്കൊണ്ട് വിഷയം അന്വേഷിപ്പിക്കണമെന്ന് പ്രതിപക്ഷമായ കോൺഗ്രസ് ആവശ്യപ്പെട്ടു. എന്നാൽ, ആപ് ആരോപണങ്ങൾ പരിഹാസ്യമായ തമാശയാണെന്ന് വിശേഷിപ്പിച്ച ബി.ജെ.പി ദേശീയ ജനറൽ സെക്രട്ടറി തരുൺ ചുഗ്, വിഷയത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടു. ആം ആദ്മി സർക്കാർ നടത്തിയ വൻഅഴിമതികളിൽ നിന്ന് ജനങ്ങളുടെ ശ്രദ്ധ തിരിക്കാനാണ് ഈ ശ്രമമെന്നും അദ്ദേഹം ആരോപിച്ചു. 

Tags:    
News Summary - ‘Bribe’ to MLAs: AAP lodges plaint with DGP against BJP, Cong seeks probe under HC supervision

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.