ലൈംഗികോദ്ദേശ്യമില്ലാതെ സ്ത്രീകളെ സ്പർശിക്കുന്നതും കെട്ടിപ്പിടിക്കുന്നതും കുറ്റമല്ലെന്ന് വനിത ഗുസ്തി താരങ്ങൾക്കെതിരെ ലൈംഗികാതിക്രമം നടത്തിയെന്ന കേസിൽ ജാമ്യത്തിൽ കഴിയുന്ന ദേശീയ ഗുസ്തി ഫെഡറേഷൻ മുൻ അധ്യക്ഷനും ബി.ജെ.പി എം.പിയുമായ ബ്രിജ് ഭൂഷൺ ശരൺ സിങ്. ഡൽഹി മെട്രോപൊളിറ്റൻ മജിസ്ട്രേറ്റ് കോടതിയിൽ വിചാരണക്കിടെയാണ് അദ്ദേഹം ഇക്കാര്യം ഉന്നയിച്ചത്.
‘ഗുസ്തി കോച്ചുമാർ മിക്കപ്പോഴും പുരുഷന്മാരായിരിക്കും. വനിത പരിശീലകർ വിരളമായിരിക്കും. എന്തെങ്കിലും നേട്ടം ഉണ്ടാകുമ്പോൾ പരിശീലകൻ താരങ്ങളെ സന്തോഷത്താൽ ആലിംഗനം ചെയ്യുന്നത് കുറ്റകൃത്യത്തിന്റെ ഗണത്തിൽ പെടില്ല’, ബ്രിജ് ഭൂഷണ് വേണ്ടി ഹാജരായ അഡ്വ. രാജീവ് മോഹൻ വാദിച്ചു. കേസിൽ വ്യാഴാഴ്ച വാദം തുടരും.
ഗുസ്തി താരങ്ങൾക്കെതിരെ ലൈംഗികാതിക്രമം നടത്തിയെന്നാരോപിച്ച് ബ്രിജ് ഭൂഷണെതിരെ ദേശീയ ഗുസ്തി താരങ്ങളായ ബജ്‌റംഗ് പുനിയ, വിനേഷ് ഫോഗട്ട്, സാക്ഷി മാലിക് എന്നിവരുടെ നേതൃത്വത്തിൽ നടന്ന സമരം ലോക ശ്രദ്ധ നേടിയിരുന്നു. കേസില്‍ ജൂലൈ 20ന് ഡൽഹി കോടതി ബ്രിജ്ഭൂഷണ് സ്ഥിര ജാമ്യം അനുവദിച്ചിരുന്നു. കേസിൽ ബ്രിജ് ഭൂഷൺ വിചാരണ നേരിടണമെന്നായിരുന്നു ഡല്‍ഹി പൊലീസ് കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിലെ ആവശ്യം. ആറ് വനിത ഗുസ്തി താരങ്ങളുടെ പരാതിയിൽ ഡൽഹി കൊണാട്ട്പ്ലേസ് പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ ജൂൺ 15നാണ് 1,500 പേജുള്ള കുറ്റപത്രം സമർപ്പിച്ചത്. കേസിൽ 108 സാക്ഷികളുടെ മൊഴിയാണ് രേഖപ്പെടുത്തിയത്. ഇതിൽ 15 പേര്‍ പരിശീലകരാണ്. അന്വേഷണത്തിനിടെ റഫറിമാര്‍ ഗുസ്തി താരങ്ങളുടെ ആരോപണങ്ങള്‍ ശരിവെച്ചിരുന്നു.
അതിനിടെ അനധികൃത ഖനനവുമായി ബന്ധപ്പെട്ട് ബ്രിജ്ഭൂഷണെതിരെ അന്വേഷണത്തിന് ദേശീയ ഹരിത ട്രൈബ്യൂണൽ ഉത്തരവിട്ടിരുന്നു. സരയൂ നദിക്ക് ഹാനികരമായ രീതിയിൽ അനധികൃത മണൽ ഖനനം നടത്തുകയും ധാതുക്കൾ ഗോണ്ടയിലെ തന്റെ കമ്പനിയിലേക്ക് കടത്തുകയും ചെയ്തെന്ന പരാതിയിലാണ് ഇടപെടൽ. അന്വേഷണത്തിന് പരിസ്ഥിതി-വനം-കാലാവസ്ഥ വ്യതിയാന മന്ത്രാലയം, കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ്, ക്ലീൻ ഗംഗ മിഷൻ, ഉത്തർ പ്രദേശ് മലിനീകരണ നിയന്ത്രണ ബോർഡ്, ഗോണ്ട ജില്ല മജിസ്ട്രേറ്റ് എന്നിവയടങ്ങിയ സമിതിയെ ഹരിത ട്രൈബ്യൂണൽ നിയോഗിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.