ന്യൂഡൽഹി: പ്രതിപക്ഷവും സർക്കാറുമായുള്ള നിരന്തരമായ ഏറ്റുമുട്ടലിൽ സംഭവ ബഹുലമായിട്ടും മുൻകൂട്ടി നിശ്ചയിച്ചതിനെക്കാൾ 100 ശതമാനം കൂടുതൽ സമയം സമ്മേളിച്ചും നടപടികളെല്ലാം പൂർത്തിയാക്കിയുമാണ് പാർലമെന്റിന്റെ ഇരുസഭകളും പിരിഞ്ഞത്. കേന്ദ്ര ബജറ്റിന് പുറമെ വഖഫ് ഭേദഗതി ബിൽ അടക്കമുള്ള നിർണായക നിയമ നിർമാണങ്ങൾക്കും സാക്ഷ്യം വഹിച്ച ബജറ്റ് സമ്മേളനം, കാലങ്ങൾക്കുശേഷം ഒരു സംയുക്ത പാർലമെന്ററി സമിതി (ജെ.പി.സി) രൂപവത്കരണത്തിനും വേദിയായി.
രാജ്യസഭയിൽ തുടർന്ന മർക്കടമുഷ്ടി രാജ്യത്തിന്റെ ചരിത്രത്തിലാദ്യമായി ചെയർമാനെ തൽസ്ഥാനത്ത് നീക്കം ചെയ്യാനുള്ള നോട്ടീസിലേക്ക് കാര്യങ്ങളെത്തിച്ചു. 2024ലെ പൊതുതെരഞ്ഞെടുപ്പോടെ പ്രതിപക്ഷം വർധിത വീര്യത്തിലായതിന്റെ പ്രതിഫലനം കൂടിയാണ് മൂന്നാം മോദി സർക്കാറിന്റെ പ്രഥമ ബജറ്റ് സമ്മേളനം. പ്രതിപക്ഷത്തെ പൂർണമായും അവഗണിച്ച ഒരു പതിറ്റാണ്ടിനുശേഷം പ്രതിപക്ഷത്തെ പരിഗണിക്കാതെ ഇനിയും മുന്നോട്ടുപോകാനാവില്ലെന്ന് സർക്കാറിന് തിരിച്ചറിയേണ്ടി വന്ന ഒരു പാർലമെന്റ് സമ്മേളനമാണ് കടന്നുപോയത്.
കാബിനറ്റ് പദവിയുള്ള പ്രതിപക്ഷ നേതൃസ്ഥാനം സാങ്കേതികത്വം പറഞ്ഞ് കോൺഗ്രസിന് വകവെച്ചുകൊടുക്കാതെ 10 വർഷം എതിർവായ്ക്ക് തിരുവാ ഇല്ലാതെ ഭരിച്ച മോദിക്കും ബി.ജെ.പിക്കും രാഹുൽ ഗാന്ധി പ്രതിപക്ഷ നേതൃസ്ഥാനത്ത് എത്തിയതോടെ പിടിവാശികൾ പലതും ഉപേക്ഷിക്കേണ്ടിവന്നു.
പൊതു ബജറ്റിന്മേലുള്ള ചർച്ചക്ക് ഇരുസഭകളിലും അനുവദിച്ചത് 20 മണിക്കൂർ വീതമായിരുന്നുവെങ്കിലും ലോക്സഭയിൽ അത് 27 മണിക്കൂറും 19 മിനിറ്റും രാജ്യസഭയിൽ 22 മണിക്കൂറും 40 മിനിറ്റും നീണ്ടു. ബജറ്റ് ചർച്ച കൂടാതെ റെയിൽവേ - വിദ്യാഭ്യാസ - ആരോഗ്യ കുടുംബ ക്ഷേമ-മൃഗ സംരക്ഷണ ക്ഷീര വികസന മന്ത്രാലയങ്ങളുടെ ധനാഭ്യർഥനകളിന്മേലും ഇരുസഭകളിലും വിശദമായ ചർച്ച നടന്നു. ബ്രിട്ടീഷ് കാലത്തെ എയർ ക്രാഫ്റ്റ് നിയമത്തിന് പകരം കൊണ്ടുവന്ന ഭാരതീയ വായുയാൻ വിധേയക് ലോക്സഭ പാസാക്കി. ലോക്സഭ 136 ശതമാനവും രാജ്യസഭ 118 ശതമാനവും ഉൽപാദനക്ഷമമായെന്നാണ് കേന്ദ്ര പാർലമെന്ററി മന്ത്രാലയത്തിന്റെ കണക്ക്.
അതേസമയം, ഒളിമ്പിക്സിനുള്ള ഇന്ത്യയുടെ ഒരുക്കങ്ങൾ ചർച്ച ചെയ്യാൻ സമയം നീക്കിവെച്ച രാജ്യസഭയിലും ലോക്സഭയിലും അതേ ഒളിമ്പിക്സിൽ രാജ്യത്തെ ഞെട്ടിച്ച വിനേഷ് ഫോഗട്ടിനെ അയോഗ്യയാക്കിയ സംഭവം ചർച്ച ചെയ്യാൻ സ്പീക്കറും ചെയർമാനും അനുമതി നൽകിയില്ല. മൂന്ന് പേരുടെ മരണത്തിനിടയാക്കിയ ഡൽഹി കോച്ചിങ് സെന്ററിലെ മരണത്തിൽ അടിയന്തര ചർച്ച അനുവദിച്ച ഇതേ സഭാധ്യക്ഷന്മാരെ കൊണ്ട് നൂറുകണക്കിനാളുകൾ മരിച്ച കേരളത്തിലെ ഉരുൾപൊട്ടൽ ചർച്ച ചെയ്യിക്കാൻ പ്രതിപക്ഷത്തിന് പാടുപെടേണ്ടി വന്നു.
രാഹുൽ ഗാന്ധി പ്രതിപക്ഷ നേതാവായശേഷം പാർലമെന്റിൽ സർക്കാറിനെ നേരിടുന്ന തന്ത്രത്തിൽ കൈക്കൊണ്ട ചുവടുമാറ്റം പാർലമെന്ററി പ്രക്രിയ തടസ്സപ്പെടുത്താതെതന്നെ പ്രതിപക്ഷ ശബ്ദം പൂർവാധികം ശക്തിയിൽ കേൾപ്പിക്കാൻ വഴിയൊരുക്കി. മുൻ സമ്മേളനങ്ങളെപോലെ പ്രതിപക്ഷം പ്രതിഷേധിച്ച് സഭ തടസ്സപ്പെടുത്തിക്കോളുമെന്ന് കരുതി വിഷയം പഠിക്കാതെ സഭയിലെത്തിയ കേന്ദ്ര മന്ത്രിമാർ ഉത്തരം പറയാനാകാതെ വെള്ളം കുടിക്കുന്നത് ബജറ്റ് സമ്മേളനത്തിന്റെ ആദ്യത്തെ രണ്ട് മൂന്ന് ദിവസം പാർലമെന്റിൽ കാണേണ്ടിവന്നു.
സഭാ നടപടികൾ തടസ്സപ്പെടുത്തുന്നതിലൂടെ പ്രതിപക്ഷത്തിന് സംസാരിക്കാനുള്ള അവസരം നഷ്ടമാകുമെന്ന കണ്ട് രാഹുലാണ് ഈ സമ്മേളനത്തിൽ പ്രതിപക്ഷത്തിന്റെ തന്ത്രം മാറ്റിയതെന്ന് തമിഴ്നാട്ടിൽനിന്നുള്ള കോൺഗ്രസ് എം.പി മണിക്കം ടാഗോർ ‘മാധ്യമ’ത്തോട് പറഞ്ഞു. സർക്കാർ പ്രതിപക്ഷത്തിന് ചെവി കൊടുക്കാതിരുന്ന ഘട്ടത്തിൽപോലും ഇറങ്ങിപ്പോന്ന് പ്രതിഷേധിച്ച് പാർലമെന്റ് നടപടികളുമായി മുന്നോട്ടുപോകാൻ അനുവദിക്കുകയാണ് പ്രതിപക്ഷം ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.