ചെന്നൈ: കരുണാനിധിയുടെ ഭൗതിക ശരീരം അണ്ണാ സമാധിക്ക് സമീപം സംസ്കരിക്കാൻ സ്ഥലം അനുവദിക്കാനാവില്ലെന്ന സർക്കാർ വാദം മദ്രാസ് ഹൈകോടതി തള്ളി. മറിന ബീച്ചിൽ സ്ഥലം അനുവദിച്ച് ഹൈകോടതി ഉത്തരവായി. ബുധനാഴ്ച രാവിലെ എട്ടരയോടെ മദ്രാസ് ഹൈകോടതി ആക്ടിങ് ചീഫ് ജസ്റ്റിസ് ജി. രമേഷ്, എസ്.എസ്. സുന്ദർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് വാദംകേട്ടത്. പത്തേ മുക്കാലോടെ വിധിവന്നു. കേന്ദ്ര സർക്കാറിെൻറ തീരസംരക്ഷണ നിയമ പ്രകാരമാണ് തീരുമാനമെന്ന് തമിഴ്നാട് സർക്കാർ വാദിച്ചു. പെരിയാർ, മുൻ മുഖ്യമന്ത്രിമാരായ ജാനകി രാമചന്ദ്രൻ, കാമരാജ്, രാജാജി എന്നിവർ മരിച്ചപ്പോൾ കടൽക്കരയിൽ സ്ഥലം അനുവദിക്കാത്തത് ചൂണ്ടിക്കാട്ടി.
ജയലളിത മുഖ്യമന്ത്രിയായിരിെക്കയാണ് മരിച്ചത്. മുഖ്യമന്ത്രിമാർക്ക് മറിനയിൽ ഇടം അനുവദിക്കുന്നത് പതിവാണെന്ന് അഡ്വ. സി.എസ്. വൈദ്യനാഥൻ വ്യക്തമാക്കി. ജയലളിതയുടെ സംസ്കാരത്തിന് സംസ്ഥാന സർക്കാർ ഇറക്കിയ ഉത്തരവ് കോടതി പരിശോധിച്ചു. കരുണാനിധി വിഷയത്തിൽ കേസുകൾ പിൻവലിച്ചതിനാൽ സർക്കാറിന് നിയമപരമായ തടസ്സമെന്താണെന്ന് കോടതി ചോദിച്ചു. അതിന് സർക്കാർ അഭിഭാഷകന് വിശദീകരണം നൽകാനായില്ല. മുഖ്യമന്ത്രിയായിരിക്കെ മരിച്ചാൽ മാത്രമേ മറിനയിൽ ഇടംനൽകാൻ കഴിയൂവെന്ന് നിയമമില്ല.
നേതാക്കൾക്ക് സ്മൃതി മണ്ഡപം നിർമിക്കാനുള്ള സ്ഥലമായി 1988ൽ കരുണാനിധി സർക്കാർ ഉത്തരവുള്ളതായി അഭിഭാഷകൻ ചൂണ്ടിക്കാട്ടി. കോടതിയിൽ കേസുകൾ നിലവിലുള്ളതിനാൽ മറിന കടൽക്കരയിൽ സ്ഥലം അനുവദിക്കാനാവില്ലെന്ന് ചീഫ് സെക്രട്ടറി ഗിരിജ ൈവദ്യനാഥൻ പത്രക്കുറിപ്പ് ഇറക്കിയിരുന്നു. ഗിണ്ടിയിലെ കാമരാജ്- ഗാന്ധി മണ്ഡപം സ്ഥിതിചെയ്യുന്ന സ്ഥലത്ത് രണ്ട് ഏക്കർ ഭൂമി അനുവദിക്കാമെന്നും അറിയിച്ചു. കരുണാനിധിയുടെ മക്കളായ സ്റ്റാലിനും കനിമൊഴിയും ഉൾപ്പെടെ കുടുംബാംഗങ്ങളും ഡി.എം.കെ നേതാക്കളും മുഖ്യമന്ത്രി എടപ്പാടി പളനിസാമിയുടെ വസതിയിൽചെന്ന് ഇക്കാര്യത്തെക്കുറിച്ച് അഭ്യർഥിച്ചിരുന്നു. തുടർന്നാണ് സർക്കാർ നിലപാട് വ്യക്തമാക്കിയത്.
സർക്കാർ തീരുമാനത്തിനെതിരെ പ്രവർത്തകർ പ്രതിഷേധരംഗത്തിറങ്ങി. രാഹുൽ ഗാന്ധി, രജനികാന്ത് ഉൾപ്പെടെയുള്ള പ്രമുഖർ സർക്കാർ നിലപാടിനെതിരെ പ്രതികരിച്ചു. ഇൗ നിലയിലാണ് ഡി.എം.കെ നിയമ വിഭാഗം സെക്രട്ടറി ആർ.എസ്. ഭാരതിയുടെ നേതൃത്വത്തിൽ കോടതിയെ സമീപിച്ചത്. ഹരജി അടിയന്തര സ്വഭാവത്തോടെ പരിഗണിക്കണമെന്ന ആവശ്യം കോടതി അംഗീകരിച്ചു. ബുധനാഴ്ച പുലർച്ച ഒരു മണിക്ക് വിചാരണ നടത്തി. ഇൗ സമയത്ത് മറിന ബീച്ചിൽ നേതാക്കൾക്ക് സ്മൃതി മണ്ഡപം നിർമിക്കുന്നതിനെതിരെ സമർപ്പിച്ച അഞ്ചു കേസുകളും ഹരജിക്കാർ നാടകീയമായി പിൻവലിച്ചു. പിന്നീട് കേസുകൾ തള്ളിയതായി കോടതി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.