ബംഗളൂരു: സാമ്പത്തികപ്രതിസന്ധികൾ നിലനിൽക്കെ ആറ് മാസത്തെ സാവകാശം ലഭിച്ചാൽ 1.2 ബില്യൺ ഡോളർ (9800 കോടി രൂപ) വായ്പ തിരിച്ചടക്കാമെന്ന് എഡ്ടെക് കമ്പനിയായ ബൈജൂസ്. മുപ്പത് കോടി ഡോളർ ആദ്യത്തെ മൂന്ന് മാസത്തിനുള്ളിലും അവശേഷിക്കുന്ന ബാക്കി തുക അടുത്ത മൂന്ന് മാസത്തിനുള്ളിലും തന്നുതീർക്കുമെന്നാണ് വാഗ്ദാനം. വായ്പാതിരിച്ചടവ് സംബന്ധിച്ച് വായ്പാദാതാക്കളുമായി നിയമപോരാട്ടം നടത്തിവരുന്നതിനിടെയാണ് ബൈജൂസിന്‍റെ വായ്പാ തിരിച്ചടവ് വാഗ്ദാനം.
ബൈജൂസ് മുന്നോട്ട് വെച്ച തിരിച്ചടവ് വാഗ്ദാനത്തെ കുറിച്ച് വിശദമായ പഠനം നടത്തുമെന്നും വായ്പ തിരിച്ചടക്കാനുള്ള പണം കമ്പനി എങ്ങനെ സമാഹരിക്കുമെന്ന് പരിശോധിക്കുമെന്നും വായ്പാദാതാക്കൾ വ്യക്തമാക്കിയതായി ബ്ലൂംബർഗ് റിപ്പോർട്ട് ചെയ്യുന്നു. വായ്പാദാതാക്കളുമായി ഇതിന് മുമ്പും നിരവധി തവണ തിരിച്ചടവ് സംബന്ധിച്ച് ബൈജൂസ് ചർച്ച നടത്തിയിരുന്നു. എന്നാൽ ഇവയൊന്നും വിജയം കണ്ടിരുന്നില്ല.
2015ലായിരുന്നു ബൈജു രവീന്ദ്രന്‍റെ കീഴിൽ ഓൺലൈൻ പഠനപരിശീലന ആപ്പായ ബൈജൂസ് ലേണിങ് ആപ്പ് അവതരിപ്പിച്ചത്. 2.200 കോടി ഡോളർ മൂല്യമുള്ള സ്റ്റാർട്ടപ്പുകളിൽ ഒന്നായിരുന്നു പ്രാരംഭഘട്ടത്തിൽ ബൈജൂസ്. 2021ൽ അമേരിക്കൻ വായ്പാദാതാക്കളുടെ കയ്യിൽ നിന്നും ബൈജൂസ് വായ് സ്വീകരിച്ചതായിരുന്നു കമ്പനിയുടെ പതനത്തിലേക്ക് നയിച്ചത്. സാമ്പത്തിക പ്രതിസന്ധി ശക്തമായതോടെ രണ്ടായിരത്തോളം ജീവനക്കാരെ സ്ഥാപനം പിരിച്ചുവിട്ടിരുന്നു. കമ്പനിയുടെ മേലധികാരികളിൽ പലരും രാജിവെച്ചതും വാർത്തയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.