ആറ് സംസ്ഥാനങ്ങളിലെ ഏഴ് നിയമസഭ മണ്ഡലങ്ങളിൽ ഇന്ന് ഉപതെരഞ്ഞെടുപ്പ്

ന്യൂഡൽഹി: ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, ത്രിപുര, കേരളം, പശ്ചിമബംഗാൾ, ജാർഖണ്ഡ് എന്നിവയുൾപ്പെടെ ആറ് സംസ്ഥാനങ്ങളിലെ ഏഴ് നിയമസഭ മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് ആരംഭിച്ചു. ബി.ജെ.പി നയിക്കുന്ന നാഷണൽ ഡെമോക്രാറ്റിക് അലയൻസും (എൻ.ഡി.എ), വിശാല പ്രതിപക്ഷ സഖ്യമായ ഇന്ത്യൻ നാക്ഷണൽ ഡെവലപ്പമെന്‍റ് ഇൻക്ലൂസീവ് അലയൻസും (ഇൻഡ്യ) തമ്മിൽ നടക്കുന്ന ആദ്യ പോരട്ടമാണിത്.

കേരളത്തിലെ പുതുപ്പള്ളി, പശ്ചിമ ബംഗാളിലെ ധുപ്ഗുരി, ജാർഖണ്ഡിലെ ദുമ്രി, ഉത്തരാഖണ്ഡിലെ ബാഗേശ്വർ, ത്രിപുരയിലെ ബോക്സനാഗർ, ധാൻപൂർ എന്നിവിടങ്ങളിലെ തെരഞ്ഞെടുപ്പാണ് ചൊവ്വാഴ്ച ആരംഭിച്ചത്. സെപ്റ്റംബർ എട്ടിനായിരിക്കും ഫലപ്രഖ്യാപനം. അഞ്ച് സംസ്ഥാനങ്ങളിൽ സിറ്റിങ് എം.എൽ.എമാരുടെ മരണത്തെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. മറ്റ് രണ്ട് മണ്ഡലങ്ങളിൽ സിറ്റിങ് എം.എൽ.എമാർ രാജിവെച്ചിരുന്നു.

ഉത്തർപ്രദേശിലെ ഘോസിയിൽ സമാജ് വാദി പാർട്ടിയിൽ നിന്നും ധാരാ സിങ് ചൗഹാൻ ബി.ജെ.പിയിലേക്ക് മാറിയതിനെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. സുധാകർ സിങ് ആണ് സമാജ് വാദി പാർട്ടിയുടെ സ്ഥാനാർഥി.

ലോക്സഭാ സീറ്റ് നിലനിർത്താൻ പ്രതിമ ഭൂമിക് രാജിവെച്ചതോടെയാണ് ത്രിപുരയിലെ ധൻപൂരിൽ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. മണ്ഡലത്തിൽ ബി.ജെ.പിയും, സി.പി.എമ്മും ഏറ്റുമുട്ടും. ബി.ജെ.പിയുടെ ബിന്ദു ദേബ്നാഥിനെ സി.പി.എം സ്ഥാനാർഥി കൗശിക് ചന്ദയായിരിക്കും നേരിടുക.

ത്രിപുരയിലെ ബോക്സാനഗറിലും ഇരുപാർട്ടികളും നേർക്ക് നേർ പോരാടും. സിറ്റിങ് എം.എൽ.എയായിരുന്നു സി.പി.എമ്മിന്‍റെ ഷംസുൽ ഹഖ് മരണപ്പെട്ടതിനെ തുടർന്നാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.

ഉത്തരാഖണ്ഡിലെ ഭാഗേശ്വിറിൽ എസ്.പി, കോൺഗ്രസ്, ബി.ജെ.പി എന്നിവർ ഏറ്റുമുട്ടും. കോൺഗ്രസ് എം.എൽ.എ ഉമ്മൻചാണ്ടി മരണപ്പെട്ടതോടെയാണ് കേരളത്തിലെ പുതുപ്പള്ളിയിൽ തെരഞ്ഞെടുപ്പ് നടക്കുക. ജാർഖണ്ഡിലെ ദുമ്രിയിൽ ജാർഖണ്ഡ് മുക്തി മോർച്ച ജഗർനാഥ് മഹ്തോ മരണപ്പെട്ടതിനെ തുടർന്നാണ് മണ്ഡലത്തിൽ തെരഞ്ഞെടുപ്പ് നടക്കുന്നത്. സിറ്റിങ് എം.എൽ.എയായിരുന്ന ബി.ജെ.പിയുടെ ബിഷ്ണു പാഡ റായുടെ മരണത്തിന് പിന്നാലെയാണ് പശ്ചിമബംഗാളിലെ തെരഞ്ഞെടുപ്പ്.

Tags:    
News Summary - bypolls; voting begins in 7 assembly seats of 6 states

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.