ന്യൂഡൽഹി: വിവേചനപരമായ പൗരത്വ നിയമഭേദഗതിയിൽ പ്രതിഷേധിച്ച വിദ്യാർഥികളോടുള ്ള പൊലീസ് ക്രൂരതക്കെതിരായ രോഷം തെരുവിൽ. അസാധാരണമായ പ്രതിഷേധത്തിെൻറ വ്യാപ്തി വ്യക്തമാക്കി രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിൽ വിദ്യാർഥികൾ കൂട്ടത്തോടെ കാമ്പസ് വിട്ടിറങ്ങി. പൊലീസ് അതിക്രമിച്ചു കയറി തേർവാഴ്ച നടത്തിയ ഡൽഹി ജാമിഅ മില്ലിയ്യ, അലീഗഢ് യൂനിവേഴ്സിറ്റി പരിസരങ്ങളിൽ കടുത്ത സംഘർഷാവസ്ഥ. അലീഗഢ്, ജാമിഅ വിദ്യാർഥികളുടെ നോവ് ഏറ്റുവാങ്ങി ഡൽഹി സർവകലാശാല, ജെ.എൻ.യു തുടങ്ങി എല്ലാ കലാലയങ്ങളിലും പ്രതിഷേധം അണപൊട്ടിയതിനെ തുടർന്ന് കനത്ത പൊലീസ് സന്നാഹവും ഗതാഗത ക്രമീകരണങ്ങളും വഴിയാണ് തലസ്ഥാനത്ത് പൊലീസ് ഉപരോധം തീർത്തത്. നിരവധി മെട്രോ സ്റ്റേഷനുകൾ അടച്ചിട്ട് കലാലയങ്ങളിലേക്കും ഇന്ത്യാഗേറ്റ് പരിസരത്തേക്കും ജനം ഒഴുകുന്നത് പൊലീസ് തടഞ്ഞു.
യു.പിയിലെ എല്ലാ ജില്ലകളിലും നിരോധനാജ്ഞ പ്രഖ്യാപിക്കേണ്ടി വന്നത് പൗരത്വ നിയമഭേദഗതിക്കെതിരായ പ്രതിഷേധത്തിെൻറ വ്യാപ്തി വ്യക്തമാക്കി. ഇതിനു പുറേമയുണ്ടായ പൊലീസ് അതിക്രമത്തോടുള്ള രോഷം ഡൽഹിക്കു പുറമെ ലഖ്നോ, മുംബൈ, കൊൽക്കത്ത, ചെന്നൈ, ഭോപാൽ, പട്ന, ഹൈദരാബാദ്, ബംഗളൂരു, ഔറംഗാബാദ്, കാൻപുർ, സൂറത്ത്, പുതുച്ചേരി, ചണ്ഡീഗഢ്, കോഴിക്കോട്, വാരാണസി തുടങ്ങി വിവിധ സ്ഥലങ്ങളിലും അലയടിച്ചു.
ഞായറാഴ്ച പൊലീസ് കസ്റ്റഡിയിലെടുത്ത ജാമിഅ, അലീഗഢ് വിദ്യാർഥികളിൽ മിക്കവാറും പേരെ വ്യാപക പ്രതിഷേധത്തെ തുടർന്ന് തിങ്കളാഴ്ച വിട്ടയച്ചു. വിദ്യാർഥികൾക്ക് പിന്തുണ പ്രഖ്യാപിച്ച് തദ്ദേശവാസികൾ ഒഴുകുന്നതായിരുന്നു തിങ്കളാഴ്ചത്തെ കാഴ്ച. അതേസമയം, പൊലീസ് അഴിഞ്ഞാടിയ ജാമിഅ, അലീഗഢ് സർവകലാശാലകൾ മൂന്നാഴ്ചത്തേക്ക് അടച്ചതോടെ മലയാളികൾ അടക്കം ഹോസ്റ്റൽ വിട്ടുപോകാൻ നിർബന്ധിതരായി.
ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസിലെ നുറുകണക്കിനു വിദ്യാർഥികൾ പൊലീസ് അതിക്രമം നേരിട്ടവർക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച് ക്ലാസ് ബഹിഷ്ക്കരിച്ച് തെരുവിലിറങ്ങിയത് മുംബൈ നഗരത്തിൽ അസാധാരണമായി. ‘വിദ്യാർഥികളുടെ ഒത്തൊരുമ മോദി-അമിത് ഷാ കൂട്ടുകെട്ടിനേക്കാൾ വലുതാ’ണെന്ന് പ്ലക്കാർഡുകളുമേന്തിയായിരുന്നു പ്രകടനം. മുസ്ലിംകളെ ഉന്നം വെക്കുന്നതിനെ തള്ളിപ്പറഞ്ഞായിരുന്നു മുംബൈ യൂനിവേഴ്സിറ്റി വിദ്യാർഥികളുടെ പ്രകടനം. ലഖ്നോ നദ്വ കോളജിൽ പ്രകടനം നടത്തിയവരെ പുറത്തിറങ്ങാൻ അനുവദിക്കാതെ ഗേറ്റ് പൂട്ടിയാണ് പൊലീസ് പ്രതിരോധിച്ചത്.
മോദിസർക്കാർ നടത്തിയ പൗരത്വ നിയമഭേദഗതിക്കെതിരായ പ്രതിഷേധം മൂലം വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ കലാപാന്തരീക്ഷം തുടരുകയാണ്. കഴിഞ്ഞ ദിവസങ്ങളിൽ റെയിൽവേ സ്റ്റേഷനുകളും ട്രെയിനുകൾക്കും തീവെപ്പ് നടന്ന പശ്ചിമബംഗാളിലും സ്ഥിതി അയഞ്ഞില്ല. റോഡ്, റെയിൽ ഉപരോധം തുടരുന്നതിനിടയിൽ നിരവധി വണ്ടികൾ റദ്ദാക്കുകേയാ മണിക്കൂറുകൾ വൈകുകയോ ചെയ്തു.
ഇന്ത്യാ ഗേറ്റിൽ പ്രിയങ്കാ ഗാന്ധിയുടെ പ്രതിഷേധ ധർണ
പൗരത്വ നിയമ ഭേദഗതിക്കെതിരെ രാജ്യത്തിന്‍റെ വിവിധയിടങ്ങളിൽ പ്രതിഷേധം കത്തുന്നു. ജാമിഅ, അലീഗഢ് വിദ്യാർഥികൾക്കു നേരെ നടന്ന പൊലീസ് അതിക്രമത്തിനെതിരെ ഇന്ത്യ ഗേറ്റിനു സമീപം എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി മൗന പ്രതിഷേധം നടത്തി. മുൻകൂട്ടി നിശ്ചയിക്കാതെ, വൈകീട്ട് നാലു മണിയോടെ ഏതാനും പ്രവർത്തകർക്കൊപ്പം ഇന്ത്യ ഗേറ്റിനു സമീപമെത്തി പ്രിയങ്ക ഗാന്ധി വഴിയിൽ ഇരിക്കുകയായിരുന്നു. ഇത് സുരക്ഷ ഉദ്യോഗസ്ഥരെയും പൊലീസിനെയും കുഴക്കി. തൊട്ടുപിന്നാലെ എ.കെ. ആന്‍റണി, കെ.സി. വേണുഗോപാൽ, പി.എൽ. പുനിയ, അഹമ്മദ് പട്ടേൽ, അംബികാ സോണി അടക്കം നേതാക്കളും, പൊലീസ് വലയം മറികടന്ന് നൂറുകണക്കിനു പ്രവർത്തകരും എത്തി.
പ്രത്യേക മുദ്രാവാക്യങ്ങളൊന്നും മുഴക്കാതെ ഡൽഹിയിലെ കൊടുംതണുപ്പിൽ, രണ്ടു മണിക്കൂർ നിശ്ശബ്ദം അവിടെ ഇരുന്ന ശേഷമാണ് അവർ പിരിഞ്ഞത്. എന്നാൽ പ്രിയങ്കയുടെ പ്രതിഷേധം അറിഞ്ഞ് ജനമൊഴുകാൻ സാധ്യതയുള്ളതു കണക്കിലെടുത്ത് സെൻട്രൽ സെക്രേട്ടറിയറ്റ്, ഉദ്യോഗ്ഭവൻ മെട്രോസ്റ്റേഷനുകൾ പൊലീസ് നിർദേശപ്രകാരം അടച്ചിട്ടു. ബാരിക്കേഡ് തീർത്ത പൊലീസ്, കുത്തിയിരുപ്പ് പ്രതിഷേധം നടക്കുന്ന സ്ഥലത്തേക്ക് പോകാൻ പൊതുജനങ്ങളെ അനുവദിച്ചില്ല.
രാഹുൽ ഗാന്ധി ഡൽഹിയിൽ ഇല്ല. അദ്ദേഹം ദക്ഷിണ കൊറിയ സന്ദർശനത്തിലാണ്. രാഹുലിെൻറ നിർദേശപ്രകാരമാണ് പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തിൽ പ്രതീകാത്മക സമരം നടന്നതെന്ന് കോൺഗ്രസ് വൃത്തങ്ങൾ പറഞ്ഞു.
വിദ്യാർഥി സമൂഹത്തെ പൊലീസ് ശക്തികൊണ്ട് നേരിടുന്നത് ഇന്ത്യയുടെ ആത്മാവിനെ മുറിവേൽപിക്കലാണെന്നും സ്വേച്ഛാധിപത്യം എതിർക്കപ്പെടണമെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.
ജാമിഅ മില്ലിയ, അലീഗഢ് യൂനിവേഴ്സിറ്റി വിദ്യാർഥികൾക്ക് നേരയുണ്ടായ പൊലീസ് അതിക്രമത്തിനെതിരെ രാജ്യത്തെ പ്രമുഖ സർവകലാശാലകളിൽ പ്രതിഷേധ പരിപാടികൾ നടക്കുകയാണ്. ലഖ്നോവിലെ ജാമിഅ നദ്വിയയിൽ പ്രതിഷേധക്കാരും പൊലീസും ഏറ്റമുട്ടി. കൊൽക്കത്തയിൽ പശ്ചിമബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയുടെ നേതൃത്വത്തിൽ റാലി നടത്തി.
അതേസമയം, പുതിയ പൗരത്വ നിയമവുമായി ബന്ധപ്പെട്ട എല്ലാ ഹരജികളും ഡിസംബർ 18 ന് പരിഗണിക്കുമെന്ന് സുപ്രീംകോടതി അറിയിച്ചു.
ഇന്നലെ ഡൽഹി പൊലീസ് ജാമിഅ കാമ്പസിൽ കയറി വിദ്യാർഥികൾക്കെതിരെ ക്രൂരമായ അക്രമം നടത്തിയിരുന്നു. പ്രതിഷേധവുമായി ബന്ധപ്പെട്ടുണ്ടായ അക്രമത്തിൽ പങ്കുണ്ടെന്ന് ആരോപിച്ച് നിരവധി പേരെ കസ്റ്റഡിയിലെടുത്തു. ഡൽഹി പൊലീസ് ആസ്ഥാനത്ത് പ്രതിഷേധം നടത്തിയതോടെ ഇവരെ വിട്ടയക്കുകയും െചയ്തിരുന്നു. പൊലീസ് ക്രൂരതയെക്കുറിച്ച് സി.ബി.ഐ അന്വേഷിക്കണം എന്നാവശ്യപ്പെട്ട് ജാമിഅയിലെ വിദ്യാർഥികൾ ഇന്നും തെരുവിലിറങ്ങി. വിദ്യാർത്ഥികൾ മനുഷ്യ ചങ്ങല സൃഷ്ടിച്ചും പ്രതിഷേധിച്ചു. കേരളത്തിലടക്കം രാജ്യത്തിന്‍റെ വിവിധയിടങ്ങളിൽ പ്രതിഷേധം തുടരുകയാണ്.
അസമിൽ നേതാക്കളടക്കം നൂറിലധികം പേർ അറസ്റ്റിൽ
ഗുവാഹതി: പൗരത്വ നിയമ ഭേദഗതിക്കെതിരായ സമരം അസമിൽ അടിച്ചമർത്തുന്നതിെൻറ ഭാഗമായി നേതൃത്വം നൽകുന്ന ഓൾ അസം സ്റ്റുഡൻറ്സ് യൂനിയൻ (ആസു) നേതാക്കൾ അടക്കം നൂറിലധികംപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. മുഖ്യ ഉപദേശകൻ സജുജയ് ഭട്ടാചാര്യ, ജനറൽ സെക്രട്ടറി ലുറിങ്ജ്യോതി ഗൊഗോയി എന്നിവരടക്കം ഗുവാഹതിയിൽ പ്രതിഷേധ പ്രകടനം നടത്തുന്നതിനിടെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
ആസുവിെൻറ ത്രിദിന സത്യഗ്രഹം തിങ്കളാഴ്ച ആരംഭിച്ചു. ഡെപ്യൂട്ടി കമീഷണർ ഓഫിസിലേക്ക് മാർച്ചും നടത്തി. പൗരത്വ ഭേദഗതി നിയമം പിൻവലിക്കുക അല്ലെങ്കിൽ ഞങ്ങളെ അറസ്റ്റ് ചെയ്യുക എന്നതാണ് ആവശ്യമെന്ന് ഭട്ടാചാര്യ പറഞ്ഞു. അസമിൽ ഇന്‍റർനെറ്റ് നിരോധനം ചൊവ്വാഴ്ചവരെ നീട്ടിയിട്ടുണ്ട്. കഴിഞ്ഞ ബുധനാഴ്ച മുതൽ സംസ്ഥാനം ഇന്‍റർനെറ്റ് നിരോധത്തിലാണ്.
ബംഗാളിൽ പ്രക്ഷോഭം തുടരുന്നു
കൊൽക്കത്ത: പശ്ചിമബംഗാളിലും പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രക്ഷോഭം തുടരുകയാണ്. റെയിൽ-റോഡ് ഗതാഗതം താളംതെറ്റി. നിരവധി ട്രെയിനുകൾ റദ്ദാക്കുകയും വഴിതിരിച്ചുവിടുകയും ചെയ്തു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിയമം പിൻവലിക്കാൻ ആവശ്യപ്പെട്ട് ജനം തെരുവിലാണ്.
അതേസമയം, ദിവസങ്ങൾക്കു ശേഷം മേഘാലയ സാധാരണ നിലയിലേക്ക് നീങ്ങുന്നുണ്ട്. ക്രിസ്മസിനു മുന്നോടിയായി ജനം മാർക്കറ്റുകളിലേക്ക് എത്തിയിട്ടുണ്ട്. ചില ഭാഗങ്ങളിൽ കർഫ്യൂവിൽ 13 മണിക്കൂർ ഇളവുവരുത്തി. ഇതോടെ ബാങ്കുകൾക്കും എ.ടി.എമ്മുകൾക്കും മുന്നിൽ നീണ്ട നിരയാണ് ദൃശ്യമായത്. തിങ്കളാഴ്ച ൈവകുന്നേരം ഏഴ് മുതൽ വീണ്ടും ഏർപ്പെടുത്തി. കോൺഫെഡറേഷൻ ഓഫ് മേഘാലയ സോഷ്യൽ ഓർഗനൈസേഷൻ നേതൃത്വത്തിൽ തിങ്കളാഴ്ച വൈകുന്നേരവും പ്രക്ഷോഭം നടത്തി.
തത്സമയ വാർത്തകൾ:
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.