ന്യൂഡൽഹി: മുന്നാക്ക വിഭാഗങ്ങളിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കുള്ള 10 ശതമാനം സംവരണം ജമ്മു-കശ്മീരിലും നടപ്പാക്കാൻ കേന്ദ്രമന്ത്രിസഭ തീരുമാനിച്ചു. ഇതു സംബന്ധിച്ച ബിൽ നടപ്പു പാർലമെൻറ് സമ്മേളനത്തിൽ അവതരിപ്പിക്കും.
വിദ്യാഭ്യാസത്തിലും ഉദ്യോഗത്തിലും 10 ശതമാനം സാമ്പത്തിക സംവരണം ഏർപ്പെടുത്തുന്ന നിയമം മറ്റിടങ്ങളിൽ പ്രാബല്യത്തിൽ വന്നെങ്കിലും ജമ്മു-കശ്മീരിനുള്ള പ്രത്യേക പദവി അനുസരിച്ചാണ് ബന്ധപ്പെട്ട ബിൽ പാർലമെൻറിൽ എത്തുന്നത്. സംസ്ഥാനത്ത് രാഷ്ട്രപതി ഭരണമാണ്. ഇൗ സാഹചര്യത്തിലാണ് പാർലമെൻറിലെ നിയമനിർമാണം. ജമ്മു-കശ്മീർ സംവരണ (രണ്ടാം ഭേദഗതി) ബില്ലാണ് പാർലമെൻറിൽ അവതരിപ്പിക്കുന്നത്.
ജമ്മു-കശ്മീർ തെരഞ്ഞെടുപ്പു തീയതികളുടെ കാര്യത്തിൽ അമർനാഥ് തീർഥാടന കാലം അവസാനിക്കുന്ന ഇൗ മാസം 15നു ശേഷം തീരുമാനമെടുക്കാൻ തെരഞ്ഞെടുപ്പു കമീഷൻ നീങ്ങുന്നതിനൊപ്പമാണ് കേന്ദ്രമന്ത്രിസഭയുടെ തീരുമാനം. അഞ്ചു ദിവസങ്ങൾകൂടി ബാക്കിയുള്ള നടപ്പു പാർലമെൻറ് സമ്മേളന കാലത്തുതന്നെ ബിൽ പാസാക്കാനാണ് നടപടികൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.