രാജസ്ഥാനിലെ 200 അംഗ നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പു പ്രചാരണം സമാപിക്കുമ്പോൾ പ്രധാന കക്ഷികളായ കോൺഗ്രസും ബി.ജെ.പിയും ഏറ്റുവാങ്ങുന്ന സന്ദേശം --ഈസിയല്ല, വാക് ഓവർ. അടിയൊഴുക്കുകൾ ശക്തം.
നേരിയ മുൻതൂക്കം അവകാശപ്പെടാമെങ്കിലും, അഞ്ചു വർഷം കൂടുമ്പോൾ ഭരണം വീണ്ടെടുക്കാവുന്ന പതിവിൽ ബി.ജെ.പിക്ക് അമിതവിശ്വാസം വേണ്ട. സൗജന്യങ്ങളുടെ ഘോഷയാത്രകൊണ്ട് ഭരണവിരുദ്ധ വികാരം കുറക്കാൻ കഴിഞ്ഞ കോൺഗ്രസിന് തുടർഭരണത്തിലേക്ക് നടക്കാമെന്ന അമിത പ്രതീക്ഷയും വേണ്ട. ശനിയാഴ്ച പോളിങ് ബൂത്തിലേക്ക് നീങ്ങുന്ന രാജസ്ഥാനിൽ വിധിനിർണയത്തെ സ്വാധീനിക്കാവുന്ന നാലു പ്രധാന ഘടകങ്ങളുണ്ട്.
200 സീറ്റിലും താനാണ് മത്സരിക്കുന്നതെന്ന് മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് പറഞ്ഞിട്ടുണ്ട്. ഗെഹ്ലോട്ടിന്റെ പ്രതിച്ഛായവെച്ചാണ് വോട്ടു തേടുന്നതെന്ന് അർഥം. പ്രധാനമായും സ്ത്രീ വോട്ട് ലക്ഷ്യം വെക്കുന്ന സൗജന്യ വാഗ്ദാനങ്ങളും ക്ഷേമപദ്ധതികളും തുരുതുരാ ഗെഹ്ലോട്ട് മുന്നോട്ടുവെച്ചിട്ടുണ്ട്.
ഭരണവിരുദ്ധ വികാരം കുറച്ചെടുക്കാനും തുടർഭരണം സാധ്യമാണെന്ന അവകാശവാദത്തിന് സ്വീകാര്യത നേടാനും ഈ മിടുക്കു കൊണ്ട് കഴിഞ്ഞു. എന്നാൽ, അഞ്ചു വർഷത്തിനിടയിൽ ഗെഹ്ലോട്ട് സർക്കാർ കൊണ്ടുവന്ന ക്ഷേമ പദ്ധതികൾ പൂർണതോതിൽ നടപ്പാക്കാനോ, നടപ്പാക്കിയവ താഴെത്തട്ടിൽ എത്തിച്ച് വോട്ടാക്കി മാറ്റാനോ സാധിച്ചിട്ടില്ല.
പുതിയ വാഗ്ദാനങ്ങളുടെ വിശ്വാസ്യത വോട്ടർമാർക്കു മുന്നിൽ ചോദ്യം ചെയ്യാൻ ഇത് ബി.ജെ.പിക്ക് അവസരം നൽകി. കോൺഗ്രസ് രാജസ്ഥാനിൽ തോൽക്കുന്നുവെങ്കിൽ, പ്രധാന കാരണങ്ങളിലൊന്ന് വിശ്വസ്തരായ സിറ്റിങ് എം.എൽ.എമാർക്കെല്ലാം ഗെഹ്ലോട്ട് സീറ്റ് നൽകിയതാണ്. വിശ്വസ്തരെ കൂടെ നിർത്താൻ വേണ്ടി, അവരുടെ എല്ലാ ചെയ്തികളെയും പിന്തുണച്ചു.
നിയന്ത്രണങ്ങൾ ഇല്ലാത്ത വിധം ചില എം.എം.എൽമാർ ഈ അവസരം ദുരുപയോഗിച്ച് അതാതു മണ്ഡലങ്ങളിൽ ജനരോഷം സമ്പാദിച്ചിട്ടുണ്ട്. സിറ്റിങ് എം.എൽ.എമാരിൽ പലരും തോറ്റെന്നു വരാം. അതിനിടയിലും 90 സീറ്റെങ്കിലും പിടിച്ചാൽ ഭൂരിപക്ഷം സമ്പാദിക്കുന്നതിൽ മിടുക്കനായ മാന്ത്രികനെപ്പോലെ ഭരണം വീണ്ടും പിടിക്കാൻ ഗെഹ്ലോട്ടിന് കഴിയുമെന്ന് സമാശ്വസിക്കുകയാണ് കോൺഗ്രസുകാർ.
അശോക് ഗെഹ്ലോട്ടും സചിൻ പൈലറ്റും രണ്ടു ധ്രുവങ്ങളിലായതാണ് കോൺഗ്രസിന് ദോഷം ചെയ്യുന്ന അടുത്ത ഘടകം. കേന്ദ്ര നേതൃത്വത്തിന്റെ ഇടപെടലിൽ ചില പ്രകടനങ്ങൾ കാണിച്ചതൊഴിച്ചാൽ, വിജയം മുൻനിർത്തി സചിനെ ഒപ്പം ചേർത്തു നിർത്താനും ഒന്നിച്ച് പ്രചാരണം നടത്താനും ഗെഹ്ലോട്ടിന് കഴിഞ്ഞിട്ടില്ല.
കോൺഗ്രസ് ജയിച്ചാൽ മുഖ്യമന്ത്രിയാകാൻ ഗെഹ്ലോട്ടിന്റെയും ബി.ജെ.പിയുടെയും ഊഴം കഴിയാൻ സചിൻ കാത്തിരിക്കണം; തോറ്റാൽ അഞ്ചു കൊല്ലം കഴിഞ്ഞുള്ള തെരഞ്ഞെടുപ്പ് നയിക്കാം, മുഖ്യമന്ത്രിയാകാം എന്നതാണ് സ്ഥിതി. ഇത് സചിന്റെ നിസ്സംഗത വർധിപ്പിക്കുന്നു.
രാജസ്ഥാൻ ബി.ജെ.പി പിടിച്ചാൽ മുൻമുഖ്യമന്ത്രി വസുന്ധര രാജെ അധികാരത്തിന്റെ അയലത്തുപോലും ഉണ്ടാവില്ലെന്ന് ബി.ജെ.പി നിശ്ചയിച്ചു കഴിഞ്ഞിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രചാരണത്തെ നയിക്കുകയും കേന്ദ്രമന്ത്രിമാർ അടക്കം ഏഴു സിറ്റിങ് എം.പിമാർ മത്സരിക്കുകയും ചെയ്യുന്ന തെരഞ്ഞെടുപ്പു കളത്തിൽ, വസുന്ധരയുമായുള്ള അകൽച്ച വളരെ പ്രകടമാണ്.
ഒടുവിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം വേദി പങ്കിട്ടതൊഴിച്ചാൽ, വസുന്ധര ഒരു വഴിക്കും മറ്റുള്ളവർ മറ്റൊരു വഴിക്കുമാണ് നീങ്ങിയത്. എന്നാൽ, രണ്ടുവട്ടം മുഖ്യമന്ത്രിയായിരുന്ന, രാജകുടുംബാംഗമായ വസുന്ധരയുടെ പിന്തുണയില്ലാതെ രാജസ്ഥാൻ പിടിക്കാൻ ബി.ജെ.പിക്ക് സാധിക്കില്ല.
ബി.ജെ.പി ജയിച്ചാൽ താൻ സംസ്ഥാന രാഷ്ട്രീയത്തിനു പുറത്താണെന്നും, തോറ്റാലാണ് പിന്നെയും സ്വാധീനം നിലനിർത്താൻ പറ്റുകയെന്നുമുള്ള യാഥാർഥ്യത്തിനു മുന്നിലാണ് വസുന്ധര. അവരുടെ അണികളുടെ ഉള്ളിലിരിപ്പ് ബി.ജെ.പിയുടെ സാധ്യതകളെ ബാധിക്കും.
കോൺഗ്രസിലെ അങ്കലാപ്പുകൾ വർധിപ്പിച്ചും ജാതി-വർഗീയ ധ്രുവീകരണത്തിലൂടെയും സ്വന്തം പോരായ്മകളെ മറികടക്കുന്ന രീതിയാണ് നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ബി.ജെ.പി ചെയ്തുപോന്നത്.
രാജസ്ഥാനിലെ യോഗി ബാലക്നാഥിന്റെ സ്ഥാനാർഥിത്വം, ഉദയ്പുരിൽ തയ്യൽക്കാരന്റെ തലവെട്ടിയ സംഭവം തുടങ്ങി, തെരഞ്ഞെടുപ്പു കാലത്തെ ഇ.ഡി റെയ്ഡ്, സചിൻ പൈലറ്റിനു വേണ്ടി സംസാരിച്ച് ഗുജ്ജറുകളുടെ മനോഭാവം മാറ്റാൻ മോദി നടത്തിയ ശ്രമം എന്നിവവരെ ഉദാഹരണങ്ങൾ. കോൺഗ്രസിനേക്കാൾ ഏകോപിതമായ പ്രചാരണ പ്രവർത്തനം തങ്ങളുടേതായിരുന്നുവെന്ന സമാശ്വാസം ബി.ജെ.പിക്കുണ്ട്.
ബി.ജെ.പിയേയും കോൺഗ്രസിനെയും ഒരുപോലെ വിഷമിപ്പിച്ച ഘടകം ചെറുപാർട്ടികളുടെയും സ്വതന്ത്രരുടെയും വിമതരുടെയും പെരുപ്പമാണ്. ഇവർക്കിടയിൽനിന്ന് വിജയിച്ചവരെ സ്വാധീനിക്കാൻ കഴിഞ്ഞ തവണ ഗെഹ്ലോട്ടിന് സാധിച്ചത് ഭരണം പിടിക്കുന്നതിലും നിലനിർത്തുന്നതിലും നിർണായകമായി. ആറു ബി.എസ്.പി എം.എൽ.എമാരെയാണ് കോൺഗ്രസ് റാഞ്ചിയത്.
ഇത്തവണയും 200 സീറ്റിലും ബി.എസ്.പി സ്ഥാനാർഥികളെ നിർത്തിയിട്ടുണ്ട്. ആം ആദ്മി പാർട്ടി 86 സീറ്റിൽ. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 3000ൽ താഴെ വോട്ടിന് ജയം മാറിമറിഞ്ഞ മണ്ഡലങ്ങൾ പലതുണ്ട്. ഇത്തരത്തിൽ വെല്ലുവിളി ഉയർത്താൻ ഓരോ മണ്ഡലത്തിലും കെൽപുള്ളവരെ സ്വാധീനിക്കാനും വോട്ടു മറിക്കാനുമുള്ള സമർഥമായ പിന്നാമ്പുറ നീക്കങ്ങൾക്ക് സാധ്യത ഏറെ.
വോട്ടുചെയ്യുന്നതിൽ ജാതിപരിഗണന കൊടികുത്തി വാഴുന്ന സ്ഥലം കൂടിയാണ് രാജസ്ഥാൻ. സവർണ വോട്ടുകളിലും പിന്നാക്ക വോട്ടുകളിലും ജാതി സ്വാധീനം ശക്തം. ജാട്ട്, ഗുജ്ജർ, യാദവർ, ദലിത് വിഭാഗങ്ങളുടെയെല്ലാം മനസ്സിനെ സ്വാധീനിക്കാൻ സ്ഥാനാർഥിയുടെ ജാതിയും, വിവിധ പാർട്ടികൾക്ക് അവരോടുള്ള മനോഭാവവും ഘടകങ്ങളാണ്.
എട്ടു തെരഞ്ഞെടുപ്പുകളിൽ ഒന്നിൽമാത്രം ബി.ജെ.പി ജയിച്ച തിജാരയിൽ യാദവ വോട്ടുകളെ സ്വാധീനിക്കാനും വിഭാഗീയത വളർത്താനും ബാലക്നാഥ് യോഗിയെ ബി.ജെ.പി മത്സരിപ്പിക്കുന്നത് ഒരു ഉദാഹരണം മാത്രം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.