നീറ്റ് പരീക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ആം ആദ്മി പാർട്ടി പ്രവർത്തകർ സംഘടിപ്പിച്ച പ്രതിഷേധത്തിൽ നിന്ന് (Photo: X/@AamAadmiParty)

‘നെറ്റ് മാത്രമല്ല, നീറ്റും റദ്ദാക്കണം’; സർക്കാറിനെ പ്രതിരോധത്തിലാക്കി പ്രതിപക്ഷം

ന്യൂഡൽഹി: ക്രമക്കേട് നടന്നെന്ന സംശയത്തിൽ യു.ജി.സി നെറ്റ് പരീക്ഷ റദ്ദാക്കിയതുപോലെ നീറ്റ് പരീക്ഷയും റദ്ദാക്കണമെന്ന ആവശ്യം പ്രതിപക്ഷം ശക്തമാക്കുന്നു. നെറ്റ് പരീക്ഷ റദ്ദാക്കിയത് രാജ്യത്തെ ലക്ഷക്കണക്കിന് വിദ്യാർഥിനികളുടെ വിജയമാണെന്നും മോദി സർക്കാറിന്‍റെ അഹങ്കാരം പരാജയപ്പെട്ടെന്നും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ട്വീറ്റ് ചെയ്തു. ക്രമക്കേട് നടന്നെന്ന് ഉറപ്പായിട്ടും പരീക്ഷ റദ്ദാക്കാൻ കേന്ദ്രം തയാറാകാത്തത് എന്തുകൊണ്ടാണെന്നും ഖാർഗെ ചോദിച്ചു.

“പ്രധാനമന്ത്രി മോദി നിരവധി ’പരീക്ഷാ പേ ചർച്ച’ നടത്തി. ‘നീറ്റ് പേ ചർച്ച’ എപ്പോൾ നടത്തും? നെറ്റ് പരീക്ഷ റദ്ദാക്കിയത് രാജ്യത്തെ ലക്ഷക്കണക്കിന് വിദ്യാർഥിനികളുടെ വിജയമാണ്. യുവാക്കളുടെ ഭാവി നശിപ്പിക്കാനുള്ള ശ്രമത്തിനിടെ, മോദി സർക്കാറിന്‍റെ അഹങ്കാരത്തിനേറ്റ വലിയ പരാജയമാണിത്. ചോദ്യപ്പേപ്പർ ചോർന്നില്ലെന്ന് ആദ്യം അവകാശപ്പെട്ട വിദ്യാഭ്യാസമന്ത്രി, ബിഹാറിലും ഹരിയാനയിലും ഗുജറാത്തിലും അറസ്റ്റ് ഉണ്ടായതോടെ ക്രമക്കേട് നടന്നെന്ന് സമ്മതിച്ചു. എപ്പോഴാണ് പരീക്ഷ റദ്ദാക്കുക?” -ഖാർഗെ എക്സിൽ കുറിച്ചു.

പരീക്ഷാ സംവിധാനത്തിലുണ്ടായ പിഴവിന്‍റെ ഉത്തരവാദിത്തം ഏറ്റെടുക്കാൻ വിദ്യാഭ്യാസ മന്ത്രി തയാറാകുമോ എന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി ചോദിച്ചു. നീറ്റിനു പിന്നാലെ നെറ്റിലും ക്രമക്കേട് നടന്നെന്ന് വ്യക്തമാകുമ്പോൾ രാജ്യത്തെ യുവാക്കളുടെ ഭാവിവെച്ചാണ് സർക്കാർ കളിക്കുന്നതെന്നും പ്രിയങ്ക തുറന്നടിച്ചു. പരീക്ഷ റദ്ദാക്കണമെന്ന് കോൺഗ്രസ് നേതാവ് കാർത്തി ചിദംബരവും ആവശ്യപ്പെട്ടു. ക്രമക്കേടില്ലാതെ ഒറ്റ പരീക്ഷ പോലും മോദി സർക്കാറിന് നടത്താനായിട്ടില്ലെന്ന് ആം ആദ്മി പാർട്ടി വിമർശിച്ചു.

ക്രമക്കേട് നടന്നെന്ന സംശയത്തിന്‍റെ പശ്ചാത്തലത്തിലാണ് പരീക്ഷ നടന്നതിന്‍റെ തൊട്ടുത്ത ദിവസം അധ്യാപക യോഗ്യതാ നിർണയപരീക്ഷയായ യു.ജി.സി നെറ്റ് പരീക്ഷ റദ്ദാക്കുന്നതായി വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചത്. പരീക്ഷയുടെ തലേ ദിവസം ചോദ്യപ്പേപ്പർ ടെലഗ്രാം ഗ്രൂപ്പുകളിൽ ഉൾപ്പെടെ പ്രചരിച്ചതായും റിപ്പോർട്ടുകളുണ്ട്. ചൊവ്വാഴ്ച നടന്ന പരീക്ഷ റദ്ദാക്കിയതായി ബുധനാഴ്ച രാത്രി വിദ്യാഭ്യാസ മന്ത്രാലയം വാർത്താക്കുറിപ്പ് ഇറക്കുകയായിരുന്നു. പുനഃപരീക്ഷ പിന്നീട് നടക്കുമെന്നും സർക്കാർ അറിയിച്ചു. നീറ്റുമായി ബന്ധപ്പെട്ട ഹരജികൾ സുപ്രീംകോടതി ഇന്ന് പരിഗണിക്കും.

Tags:    
News Summary - 'Cancel NEET too': Opposition after UGC-NET cancelled fearing irregularities

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.