ആപ് നേതാവിന്‍റെ പരാതി: കെജ്‌രിവാളിന്‍റെ സഹായിക്കെതിരെ കേസെടുത്തു

ന്യൂഡൽഹി: എ.എ.പി രാജ്യസഭ എം.പി സ്വാതി മലിവാളിന്‍റെ പരാതിയിൽ അരവിന്ദ് കെജ്‌രിവാളിന്‍റെ സഹായി ബിഭവ് കുമാറിനെതിരെ കേസെടുത്തു. കഴിഞ്ഞ ദിവസം സ്വാതി മലിവാൾ ഡൽഹി പൊലീസിന് മൊഴി നൽകിയിരുന്നു. തുടർന്നാണ് കേസെടുത്തത്. അവരെ എയിംസിൽ വൈദ്യപരിശോധനക്ക് വിധേയയാക്കിയതായി ബന്ധപ്പെട്ട വൃത്തങ്ങൾ പറയുന്നു.

ഇതേക്കുറിച്ച് കുറിപ്പ് സ്വാതി എക്സിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. എനിക്ക് സംഭവിച്ചത് വളരെ മോശം കാര്യമാണ്. ഇതേക്കുറിച്ച് പൊലീസിന് മൊഴി നൽകിയിട്ടുണ്ട്, ഉചിതമായ നടപടി സ്വീകരിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങൾ വളരെ ബുദ്ധിമുട്ടായിരുന്നു. എനിക്കായി പ്രാർത്ഥിച്ചവർക്ക് നന്ദി പറയുന്നു. മറ്റു പാർട്ടിക്കാർ പറഞ്ഞിട്ടാണ് ഞാനിത് ചെയ്യുന്നതെന്ന് എന്നെ വ്യക്തിഹത്യ നടത്താൻ ശ്രമിച്ചവരെയും ദൈവം സന്തോഷിപ്പിക്കട്ടെ. രാജ്യത്ത് സുപ്രധാന തെരഞ്ഞെടുപ്പ് നടക്കുകയാണ്. സ്വാതി മലിവാൾ അല്ല പ്രധാനം, രാജ്യത്തെ പ്രശ്നങ്ങളാണ് പ്രധാനം. ഈ വിഷയത്തിൽ രാഷ്ട്രീയം കലർത്തരുതെന്ന് ബി.ജെ.പിക്കാരോട് ഞാൻ അഭ്യർത്ഥിക്കുകയാണ് -സ്വാതി കുറിച്ചു.

ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ പേഴ്സണൽ സ്റ്റാഫിൽനിന്നും അതിക്രമം നേരിടേണ്ടി വന്നുവെന്നായിരുന്നു സ്വാതിയുടെ പരാതി. ആപ് നേതാവ് സഞ്ജയ് സിങ് സ്വാതിയുടെ ആരോപണം സ്ഥിരീകരിച്ചിരുന്നു. കെജ്‌രിവാളിന്റെ വസതിയിൽ യോഗത്തിനായെത്തിയപ്പോഴാണ് പി.എ ബിഭവ് കുമാർ സ്വാതിയോട് മോശമായി പെരുമാറിയതെന്നും സംഭവത്തിൽ കൃത്യമായ നടപടിയെടുക്കുമെന്നും സഞ്ജയ് സിങ് പറഞ്ഞു.

സ്വാതി മലിവാളിന് നേരിടേണ്ടി വന്ന കാര്യങ്ങൾ അന്വേഷിക്കാൻ ആം ആദ്മി പാർട്ടി ആഭ്യന്തര അന്വേഷണ സമിതിയെ നിയോഗിച്ചുവെന്ന് കഴിഞ്ഞ ദിവസം റിപ്പോർട്ടുണ്ടായിരുന്നു.

Tags:    
News Summary - Case Against Arvind Kejriwal's Aide Over Swati Maliwal's Allegations

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.