നാഗ്പൂർ: മുഗൾ ചക്രവർത്തി ഔറംഗസീബിന്റെ കല്ലറയെ ചൊല്ലി ഇരു വിഭാഗങ്ങൾ തമ്മിൽ സംഘർഷമുണ്ടായ നാഗ്പൂരിൽ വനിതാ പൊലീസ് ഉദ്യോഗസ്ഥയെ ആക്രമിച്ചതായി കേസ്. സംഘർഷത്തിനിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ പൊലീസ് ഉദ്യോഗസ്ഥയുടെ യൂണിഫോമിലും ശരീരത്തിലും പ്രതി അനുചിതമായി സ്പർശിച്ചതായാണ് എഫ്.ഐ.ആർ. ഗണേശ്പേത്ത് പൊലീസ് സ്റ്റേഷനിൽ ഇതു സംബന്ധിച്ച് കേസ് രജിസ്റ്റർ ചെയ്തതായി പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.
പ്രതി വനിതാ പൊലീസുകാരോട് അശ്ലീല ആംഗ്യങ്ങൾ കാണിക്കുകയും മോശമായി പെരുമാറുകയും ചെയ്തതായി എ.എൻ.ഐ റിപ്പോർട്ട് ചെയ്തു. എന്നാൽ, പ്രതിയെ തിരിച്ചറിയുകയോ കസ്റ്റഡിയിലെടുത്തിട്ടുണ്ടോ എന്ന് വ്യക്തമാക്കുന്ന വിവരങ്ങളൊന്നുമില്ല. അതിനിടെ, സംഘർഷബാധിത പ്രദേശങ്ങളിൽ കർഫ്യൂ തുടരുകയാണ്. നഗരം കർശന സുരക്ഷയിലാണ്, 11 പോലീസ് സ്റ്റേഷൻ പരിധികളിൽ കർഫ്യൂ നിലവിലുണ്ട്. നാഗ്പൂരിലെ മിക്ക ഭാഗങ്ങളിലും സ്ഥിതി സാധാരണ നിലയിലാണെങ്കിലും, മുൻകരുതൽ നടപടിയായി പ്രശ്ന ബാധിത പ്രദേശങ്ങളിൽ നിയന്ത്രണങ്ങൾ തുടരാൻ അധികൃതർ തീരുമാനിച്ചു.
ഛത്രപതി സംഭാജിനഗറിലെ ഔറംഗസീബിന്റെ ശവകുടീരം നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് വിശ്വഹിന്ദു പരിഷത്തും ബജ്റംഗ്ദളും സംഘടിപ്പിച്ച പ്രതിഷേധത്തിനിടെയാണ് അക്രമം പൊട്ടിപ്പുറപ്പെട്ടത്. ഭീഷണികൾ തിരിച്ചറിയുന്നതിനും കൂടുതൽ പ്രശ്നങ്ങൾ തടയുന്നതിനും ഇന്റലിജൻസ് സംഘങ്ങൾ സ്ഥിതിഗതികൾ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. സംഘർഷം വർദ്ധിപ്പിക്കുന്ന തരത്തിലുള്ള കിംവദന്തികൾ പ്രചരിപ്പിക്കുന്നതിൽ നിന്ന് വിട്ടുനിൽക്കണമെന്ന് അധികൃതർ അഭ്യർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.