ഭഗവദ് ഗീത മാത്രമാക്കാതെ എല്ലാ വിശുദ്ധ ഗ്രന്ഥങ്ങളും പഠിപ്പിക്കണം- ഗുജറാത്ത് സർക്കാറിനോട് കത്തോലിക്ക ബോർഡ്

അഹമ്മദാബാദ്: സ്കൂൾ പാഠ്യപദ്ധതിയിൽ ഭഗവദ് ഗീത മാത്രം പഠിപ്പിക്കാതെ, എല്ലാ വിശുദ്ധഗ്രന്ഥങ്ങളും പഠിപ്പിക്കണമെന്ന് ഗുജറാത്തിലെ കത്തോലിക്ക സംഘടന. ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലിന് മിർസാപൂർ ആസ്ഥാനമായുള്ള ഗുജറാത്ത് എജ്യുക്കേഷൻ ബോർഡ് ഓഫ് കാത്തലിക് ഇൻസ്റ്റിറ്റ്യൂഷൻസ് (ജി.ഇ.ബി.സി.ഐ) കത്തെഴുതി.

'2020ലെ ദേശീയ വിദ്യാഭ്യാസ നയത്തിന് അനുസൃതമായി ഇന്ത്യയെ ഊർജ്ജസ്വലമായ ജനാധിപത്യ രാജ്യമാക്കുന്നതിന് എല്ലാ വിശുദ്ധ ഗ്രന്ഥങ്ങളുടെയും മൂല്യങ്ങൾ സ്കൂൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തണം' -കത്തിൽ ആവശ്യപ്പെട്ടു. ഗുജറാത്തിലെ 6 മുതൽ 12 വരെയുള്ള ക്ലാസുകളിൽ ഭഗവദ് ഗീത നിർബന്ധമാക്കാൻ കഴിഞ്ഞ ദിവസം സംസ്ഥാന സർക്കാർ തീരുമാനിച്ചിരുന്നു. ഇതേത്തുടർന്നാണ് ജി.ഇ.ബി.സി.ഐയുടെ ഇടപെടൽ.

"2022-23 അധ്യയന വർഷം മുതൽ സർക്കാർ സ്‌കൂളുകളിലെ 6 മുതൽ 12 വരെ ക്ലാസുകളിൽ ഭഗവദ് ഗീത പഠിപ്പിക്കാൻ തീരുമാനിച്ചതിൽ പ്രശ്‌നമില്ല. പക്ഷേ, നമ്മുടെ രാജ്യത്തിന്റെ മതപരമായ ബഹുസ്വരതയുടെ വൈവിധ്യം കണക്കിലെടുക്കണം. വിദ്യാർഥികളിൽ ഈ ചിന്ത വളർത്താൻ പ്രധന മതങ്ങളുടെ ഗ്രന്ഥങ്ങളായ ഖുർആൻ, അവെസ്ത, ബഹാഇ, ബൈബ്ൾ, തനാഖ്- താൽമൂദ്, ഗുരു ഗ്രന്ഥ് സാഹിബ് തുടങ്ങിയവയു​ടെ സാരാംശം പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തണം' -ജി.ഇ.ബി.സി.ഐ സെക്രട്ടറി ഫാ. ടെലിസ് ഫെർണാണ്ടസ് കത്തിൽ ആവശ്യപ്പെട്ടു.

"ഇന്ത്യ എല്ലാവരെയും എല്ലായ്‌പ്പോഴും ഇരുകൈകളും നീട്ടി സ്വീകരിച്ചിട്ടുണ്ട്. ലോകം അഭിനന്ദിച്ച ഇന്ത്യ എന്ന മനോഹരമായ ആശയത്തിന് അവർ വളരെയധികം സംഭാവന നൽകി. എല്ലാവർക്കും അവരവരുടെ വിശ്വാസ സമ്പ്രദായം, ജീവിതരീതി, ആചാരങ്ങൾ, പാരമ്പര്യങ്ങൾ എന്നിവ പിന്തുടരാൻ സ്വാതന്ത്ര്യമുള്ള, എല്ലാവരെയും ഉൾക്കൊള്ളുന്ന ഇന്ത്യ കെട്ടിപ്പടുക്കണം' -ഫാ. ടെലിസ് ഫെർണാണ്ടസ് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.

Tags:    
News Summary - Catholic education body writes to Gujarat CM to include all holy books in school curriculum

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.