ചെന്നൈ: കാവേരി നദീജല വിനിയോഗ ബോർഡ് രൂപവത്കരിക്കാനുള്ള സുപ്രീംകോടതി നിർദേശം അവഗണിച്ച കേന്ദ്ര സർക്കാറിനെതിരെ തമിഴ്നാട്ടിലെ രാഷ്ട്രീയ പാർട്ടികൾ പ്രക്ഷോഭത്തിലേക്ക് നീങ്ങുന്നു. കേന്ദ്ര നിലപാടിൽ പ്രതിഷേധിച്ച് അണ്ണാ ഡി.എം.കെ തിങ്കളാഴ്ച ജില്ല ആസ്ഥാനങ്ങളിൽ നിരാഹാരമിരിക്കും. ചെന്നൈയിൽ ഏപ്രിൽ 11ന് ഡിഫൻസ് എക്സ്പോ ഉദ്ഘാടനത്തിനെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കരിങ്കൊടി കാണിക്കാൻ തീരുമാനിച്ച ഡി.എം.കെ കേന്ദ്ര-സംസ്ഥാന സർക്കാറുകൾക്കെതിരെ വൻ സമരത്തിന് ഒരുക്കം തുടങ്ങി. ബി.ജെ.പി-അണ്ണാ ഡി.എം.കെ സൗഹൃദം സംസ്ഥാന താൽപര്യത്തിന് ഹാനികരമാണെന്ന് തുറന്നുകാണിക്കാൻ പ്രതിപക്ഷം ഇൗ അവസരം പരമാവധി ഉപയോഗപ്പെടുത്തുന്നത് ആടിയുലഞ്ഞുനിൽക്കുന്ന സംസ്ഥാന സർക്കാറിനെ പ്രതിസന്ധിയിലാക്കും. പ്രതിപക്ഷ പാർട്ടികളെക്കൂടി വിശ്വാസത്തിലെടുത്തു മറ്റു പ്രതിഷേധ പരിപാടികൾക്ക് രൂപംനൽകാൻ നാളെ സർവകക്ഷി യോഗം വിളിച്ചിട്ടുണ്ട്. കാവേരി നദീതട പ്രദേശങ്ങളിലുൾപ്പെടെ സംസ്ഥാനത്തിെൻറ വിവിധ ഭാഗങ്ങളിൽ പ്രതിഷേധം തുടരുന്നു. ഇതുവരെ അക്രമസംഭവങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
കാവേരി ബോർഡ് രൂപവത്കരിക്കുന്നതിന് അനുവദിച്ച ആറാഴ്ച സമയം വ്യാഴാഴ്ച അവസാനിച്ച സാഹചര്യത്തിൽ തമിഴ്നാട്, കേന്ദ്ര സർക്കാറിനെതിരെ സുപ്രീംകോടതിയിൽ ശനിയാഴ്ച കോടതിയലക്ഷ്യ കേസ് നൽകും. മുഖ്യമന്ത്രി എടപ്പാടി കെ. പളനിസാമിയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭ യോഗമാണ് കേന്ദ്രത്തിെനതിരെ നിയമനടപടികളുമായി മുന്നോട്ടുപോകാൻ തീരുമാനിച്ചത്. അഡ്വക്കറ്റ് ജനറൽ വിജയ് നാരായണയും പങ്കെടുത്തിരുന്നു. കേന്ദ്ര സർക്കാർ നിലപാടിൽ പ്രതിഷേധിച്ച് അണ്ണാ ഡി.എം.കെ രണ്ടിനു നടത്തുന്ന നിരാഹാര സമരത്തിൽ മുഖ്യമന്ത്രിയുൾപ്പെടെ പാർട്ടി നേതാക്കളെല്ലാം പങ്കെടുക്കും. ജില്ല ആസ്ഥാനങ്ങളിൽ മന്ത്രിമാർ സമരത്തിനു നേതൃത്വം നൽകും. കാവേരി വിഷയത്തിൽ കേന്ദ്രത്തിെൻറ വീഴ്ചക്ക് സംസ്ഥാന സർക്കാർ ഉത്തരവാദികളാണെന്ന പ്രതിപക്ഷ ആരോപണം തെറ്റാണെന്നു മുഖ്യമന്ത്രി പളനിസാമി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.