ന്യൂഡൽഹി: വിദേശനാണയ വിനിമയ ലംഘനവുമായി ബന്ധപ്പെട്ട് മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇന്റർനാഷനൽ ഇന്ത്യക്കും എക്സിക്യൂട്ടിവ് ഡയറക്ടറായിരുന്ന ആകാർ പട്ടേലിനുമെതിരെ അന്വേഷണം നടത്തുന്ന സി.ബി.ഐ, പ്രത്യേക കോടതിയിൽ അനുബന്ധ കുറ്റപത്രം സമർപ്പിച്ചു. ആംനസ്റ്റിക്കും ആകാറിനുമെതിരെ ആദ്യ കുറ്റപത്രം നൽകി 23 മാസത്തിനുശേഷമാണ് അനുബന്ധ കുറ്റപത്രം സമർപ്പിച്ചത്. ഈ കുറ്റപത്രത്തിൽ ആകാർ പട്ടേൽ, ഇന്ത്യൻസ് ഫോർ ആംനസ്റ്റി ഇന്റർനാഷനൽ ട്രസ്റ്റ് (ഐ.എ.ഐ.ടി), ആംനസ്റ്റി ഇന്ത്യ ഡയറക്ടർമാരായിരുന്ന ശോഭ മത്തായി, നന്ദിനി ആനന്ദ് ബാസപ്പ, മിനാർ വാസുദേവ് പിമ്പിൾ, ഹെഡ് ഓഫ് ഓപറേഷൻസ് മോഹൻ പ്രേമാനന്ദ മന്ദ്കർ, രാജ് കിഷോർ കപിൽ എന്നിവരെ പ്രതിചേർത്തിട്ടുണ്ട്. ഇവർക്കെതിരെ ക്രിമിനൽ ഗൂഢാലോചന, വിദേശസംഭാവന ചട്ട ലംഘനം എന്നീ വകുപ്പുകളാണ് ചുമത്തിയത്.
മറ്റു ഡയറക്ടർമാരുടെ പങ്കിനെക്കുറിച്ച് അന്വേഷണം നടത്തി അനുബന്ധ കുറ്റപത്രം സമർപ്പിക്കാൻ പ്രത്യേക കോടതി സി.ബി.ഐയോട് നിർദേശിച്ചിരുന്നു. 2019 നവംബർ അഞ്ചിന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് ആംനസ്റ്റിക്കും മറ്റുള്ളവർക്കുമെതിരെ സി.ബി.ഐ കേസെടുത്ത് അന്വേഷണം തുടങ്ങിയത്. ആംനസ്റ്റി ഇന്റർനാഷനൽ യു.കെയിൽ നിന്ന് ആംനസ്റ്റി ഇന്റർനാഷനൽ ഇന്ത്യ അനുമതിയില്ലാതെ വിദേശസംഭാവന സ്വീകരിച്ചുവെന്നാണ് ആരോപണം. കേസെടുത്തതിനു പിന്നാലെ ആംനസ്റ്റി ഇന്ത്യയുടെ ബംഗളൂരുവിലെ ഓഫിസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) റെയ്ഡ് നടത്തി. ഇന്ത്യയിലെ മനുഷ്യാവകാശ ലംഘനങ്ങൾ തുറന്നുപറഞ്ഞതിന് തങ്ങളെ വേട്ടയാടുകയാണെന്നാണ് ആംനസ്റ്റിയുടെ വിശദീകരണം. ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചതിനെ തുടർന്ന് ഇന്ത്യയിലെ പ്രവർത്തനങ്ങൾ നിർത്തുന്നതായി 2020ൽ ആംനസ്റ്റി അറിയിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.