ന്യൂഡൽഹി: ലക്ഷദ്വീപ്​ കോഓപറേറ്റീവ്​ മാർക്കറ്റിങ്​ ഫെഡറേഷൻ ലിമിറ്റഡ് ​(എൽ.സി.എം.എഫ്​) മ​ുഖേന സംഭരിച്ച ഉണക്ക ടൂണ മൽസ്യം ശ്രീലങ്കയിലേക്ക്​ കയറ്റുമതി ചെയ്തതിൽ ഒമ്പത്​ കോടി നഷ്ടം സംഭവിച്ചതിന്​ ലക്ഷദ്വീപിൽ നിന്നുള്ള ലോക്സഭാ എം.പി മുഹമ്മദ്​ ഫൈസലിനെ മുഖ്യപ്രതിയാക്കി സി.ബി.ഐ കേസ്​ രജിസ്റ്റർ ചെയ്തു. ഉയർന്ന വില നൽകാമെന്ന് വാഗ്ദാനം നൽകിയ ലക്ഷദ്വീപിലെ മൽസ്യതൊളിലാളികളിൽ നിന്ന്​ ശേഖരിച്ച മൽസ്യം സ്വകാര്യ ഏജൻസി വഴി ശ്രീലങ്കയിലേക്ക്​ ടൂണ മൽസ്യം കയറ്റുമതി നടത്താൻ നോക്കിയെങ്കിലും നടന്നി​ല്ലെന്നും അത്​ വഴി ഒമ്പത്​ കോടി നഷ്ടമുണ്ടാക്കിയെന്നുമാണ്​ കേസ്​.

2016-17 കാലയളവിൽ നടന്ന സംഭവവുമായി ബന്ധപ്പെട്ട്​ രഹസ്യവിവരം കിട്ടിയതി​ന്‍റെ അടിസ്ഥാനത്തിൽ കഴിഞ്ഞ മാസം 24ന്​ കവരത്തിയിലെ എൽ.സി.എം.എഫ് ഓഫിസിലും കോഴിക്കോട്ടും മിന്നൽ പരിശോധന നടത്തിയെന്നും അതിന്‍റെ അടിസ്ഥാനത്തിലാണ്​ ന്യൂഡൽഹിയിലെ സി.ബി.ഐ ഓഫിസറുടെ പരാതിയിൽ കേസ്​ എടുക്കുന്നതെന്ന്​ സി.ബി.ഐ അവകാശപ്പെട്ടു.

ഫൈസലിനെ കൂടാതെ അദ്ദേഹത്തിന്‍റെ ബന്ധുവും ശ്രീലങ്കൻ കമ്പനിയുടെ പ്രതിനിധിയുമായ മുഹമ്മദ്​ അബ്​ദുറാസിഖ്​​ തങ്ങൾ, ശ്രീലങ്കയിലെ കയറ്റുമതി കമ്പനിയായ എസ്​.ആർ.ടി ജനറൽ മർച്ചന്‍റ്​ ഇംപോർ​ട്ടേഴ്​സ്​ ആൻഡ്​ എക്സ്​പോർട്ടേഴ്​സ്, ലക്ഷദ്വീപ്​ കോഓപറേറ്റീവ്​ മാർക്കറ്റിങ്​ ഫെഡ​റേഷൻ ലിമിറ്റഡ്​ മാനേജിങ്​ ഡയരക്ടർ എം.പി. അൻവർ എന്നിവരെയും ശ്രീലങ്കയിലെ കയറ്റുമതി കമ്പനിയെയും കേസിൽ കൂട്ടുപ്രതികളാക്കിയാണ്​ എഫ്​.ഐ.ആർ.

കൊളംബോയി​ലെ എസ്​.ആർ.ടി ജനറൽമർച്ചന്‍റ്​ എക്സ്​പോർട്ടേഴ്​സ്​ വലിയ വിലക്ക്​ വാങ്ങുമെന്ന് വ്യാജ വാഗ്ദാനം നടത്തി ലക്ഷദ്വീപിലെ വിവിധ ദ്വീപുകളിലെ മൽസ്യതൊഴിലാളികളിൽ നിന്ന്​ 287 മെട്രിക്​ ടൺ എൽ.സി.എം.എഫ്​ മുഖേന സംഭരിച്ചുവെന്ന്​ എഫ്​.ഐ.ആർ പറയുന്നു. ഫൈസൽ നൽകിയ കേവലമൊരു ഉറപ്പിൽ ടെണ്ടർ വിളിക്കാതെയും ചട്ടങ്ങൾ പാലിക്കാതെയും എൽ.സി.എം.എഫ്​ മാനേജിങ്​ ഡയരക്ടർ എം.പി അൻവർ ഇതിന്​ അവസരമൊരുക്കി​.

കൊളം​ബോയിലേക്ക്​ ഉണക്ക ടൂണ മൽസ്യം കയറ്റുമതി ചെയ്യാൻ ഏൽപിച്ച കൊച്ചിയിലെ എ.എഫ്​.ഡി.സി കമ്പനി ആദ്യം 10 മെട്രിക്​ ടൺ കയറ്റി അയച്ചു, എന്നാൽ  അവർക്ക്​ വാഗ്ദാനം ചെയ്ത 60ലക്ഷം കിട്ടാതിരുന്നതിനാൽ കയറ്റുമതിയിൽ നിന്ന്​ പിന്മാറി. ഇതോടെ എൽ.സി.എം.എഫിനും ലക്ഷദ്വീപ്​ മൽസ്യ തൊഴിലാളികൾക്കും ഒമ്പത്​ കോടി നഷ്ടമുണ്ടായെന്നാണ്​ കേസ്​. ഈ നഷ്ടത്തിനിടയാക്കിയത്​ മുഹമ്മദ്​ ഫൈസലും മുഹമ്മദ്​ അബ്​ദുറാസിഖ്​​ തങ്ങളും എൽ.സി.എം.എഫ്​ എം.ഡി അൻവറും ശ്രീലങ്കൻ കമ്പനിയും നടത്തിയ ക്രിമിനൽ ഗൂഢാലോചനയാണെന്നാണ്​ സി.ബി.ഐ ആരോപണം

Tags:    
News Summary - CBI FIR making Lakshadweep MP Faisal the main accused

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.