ഹൈദരാബാദ്: സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് എൻ.വി. രമണക്കെതിരെ ആരോപണമുന്നയിച്ചതിന് പിറകെ ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ജഗൻമോഹൻ റെഡ്ഡിയടക്കമുള്ള വൈ.എസ്.ആർ.സി.പി നേതാക്കൾക്കെതിരായ കേസുകൾ സി.ബി.ഐ അന്വേഷിക്കണമെന്ന് ഉത്തരവിട്ട് ആന്ധ്രപ്രദേശ് ഹൈകോടതി.
ജസ്റ്റിസുമാരായ രാകേഷ് കുമാർ, ജെ. ഉമാദേവി എന്നിവരാണ് കോടതിക്കെതിരെ നടത്തിയ ആരോപണങ്ങളെ കടുത്ത ഭാഷയിൽ വിമർശിച്ചുകൊണ്ട് ഉത്തരവിട്ടത്. ജസ്റ്റിസ് രമണയുടെ കുടുംബാംഗങ്ങൾ അനധികൃത സ്വത്ത് സമ്പാദിച്ചെന്ന് കണ്ടെത്തിയിട്ടുണ്ടെന്നും ചന്ദ്രബാബു നായിഡുവുമായി അദ്ദേഹത്തിന് അടുത്ത ബന്ധമുണ്ടെന്നും ആരോപിച്ച് ജസ്റ്റിസ് രമണക്കെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ജഗൻമോഹൻ സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് കത്തയച്ചത്.
തുടർന്ന് കോടതിയുടെ അന്തസ്സിനെ ചോദ്യം ചെയ്യുന്ന രീതിയിൽ സമൂഹ മാധ്യമങ്ങളിലൂടെയും മറ്റും പ്രതികരിച്ച ജഗൻമോഹനടക്കമുള്ള നേതാക്കൾക്കെതിരെ രജിസ്റ്റർചെയ്ത കേസാണ് ആന്ധ്രപ്രദേശ് ഹൈകോടതി സി.ബി.ഐക്ക് കൈമാറാൻ ഉത്തരവിട്ടത്.
അടുത്ത തവണ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ആകേണ്ട ജസ്റ്റിസ് എൻ.വി. രമണക്കെതിരെ ഉയർത്തിയ ആരോപണങ്ങൾ ദേശീയതലത്തിൽ വൻതോതിൽ ചർച്ചയായതിന് പിറകെയാണ് കോടതിയുടെ ഇടപെടൽ.
ഭരണകക്ഷിയായ വൈ.എസ്.ആർ.സി.പി നേതാക്കൾക്കെതിരായ കേസ് സംസ്ഥാനത്തെ സി.ഐ.ഡി അന്വേഷിക്കുന്നതിലും കോടതി അനിഷ്ടം രേഖപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.