കൊൽക്കത്ത: ആർ.ജി കർ ആശുപത്രിയിൽ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസുമായി ബന്ധപ്പെട്ട് തൃണമൂൽ കോൺഗ്രസ് (ടി.എം.സി) എം.എൽ.എ ഡോ. സുദീപ്തോ റോയിയുടെ വസതിയിലും നഴ്സിങ് ഹോമിലും സി.ബി.ഐ റെയ്ഡ്. ആർ.ജി കർ ഹോസ്പിറ്റലിലെ പേഷ്യന്‍റ് വെൽഫെയർ അസോസിയേഷൻ ചെയർമാൻ കൂടിയാണ് സുദീപ്തോ റോയി.
സി.ബി.ഐയുടെ പ്രത്യേക ക്രൈംബ്രാഞ്ച് സംഘം ഇന്നലെ ഉച്ചക്ക് ഒരു മണിയോടെ സുദീപ്തോ റോയിയുടെ വടക്കൻ കൊൽക്കത്തയിലെ വീട്ടിലും നഴ്സിങ് ഹോമിലും എത്തി. റോയിയുടെ വസതിയിൽ ഒന്നര മണിക്കൂറോളം തിരച്ചിൽ നടത്തി. തുടർന്ന് അന്വേഷണവുമായി സഹകരിക്കാൻ സന്നദ്ധത അറിയിച്ച് സുദീപ്തോ റോയ് പത്രസമ്മേളനം നടത്തി.
ആശുപത്രിയിലെ സെമിനാർ ഹാളിൽ ട്രെയിനി ഡോക്‌ടറുടെ മൃതദേഹം കണ്ടെത്തി മണിക്കൂറുകൾക്ക് ശേഷം ആശുപത്രി മുൻ പ്രിൻസിപ്പൽ ഡോ.സന്ദീപ് ഘോഷ് റോയിയെ വിളിച്ചതായി അന്വേഷണത്തിൽ കണ്ടെത്തിയതായി സി.ബി.ഐ വൃത്തങ്ങൾ അറിയിച്ചു.
സംസ്ഥാന ഹെൽത്ത് റിക്രൂട്ട്‌മെന്‍റ് ബോർഡ് അംഗവും പശ്ചിമ ബംഗാൾ മെഡിക്കൽ കൗൺസിലിന്‍റെ മുൻ പ്രസിഡന്‍റുമാണ് സുദീപ്തോ റോയ്. നിലവിൽ ഹൂഗ്ലി ജില്ലയിലെ ശ്രീരാംപൂരിലെ എം.എൽ.എയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.