ന്യൂഡൽഹി: സി.ബി.എസ്.ഇ ചോദ്യപേപ്പർ വിവാദവുമായി ബന്ധപ്പെട്ട് രണ്ട് വിഷയ വിദഗ്ധരെ ചോദ്യപേപ്പർ നിർണയ സമിതിയിൽ നിന്ന് പുറത്താക്കി. ഇംഗ്ലീഷ്, സോഷ്യോളജി വിഷയങ്ങളിലെ വിദഗ്ധരെയാണ് സി.ബി.എസ്.ഇ പുറത്താക്കിയത്. ചോദ്യങ്ങൾ തയാറാക്കുന്നത് സംബന്ധിച്ച മാർഗനിർദേശങ്ങൾ പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് വിദഗ്ധർക്കെതിരായ നടപടി. പന്ത്രണ്ടാം ക്ലാസിലെ സോഷ്യോളജി ചോദ്യപേപ്പറിലെ ഗുജറാത്ത് കലാപവുപമായി ബന്ധപ്പെട്ട ചോദ്യവും പത്താം ക്ലാസ് ഇംഗ്ലീഷ് ചോദ്യപേപ്പറിലെ സ്ത്രീവിരുദ്ധ പരാമർശവുമായി ബന്ധപ്പെട്ട ചോദ്യവുമാണ് വിവാദത്തിന് വഴിവെച്ചത്.
'2002ൽ ഗുജറാത്തിൽ മുസ്ലിം വിരുദ്ധ അക്രമം വ്യാപിച്ചത് ഏത് സർക്കാറിന്‍റെ കാലത്തായിരുന്നു?'എന്നായിരുന്നു പന്ത്രണ്ടാം ക്ലാസ് ഫസ്റ്റ് ടേം പരീക്ഷയുടെ സോഷ്യോളജി ചോദ്യപേപ്പറിലെ വിവാദ ചോദ്യം. കോൺഗ്രസ്, ബി.ജെ.പി, ഡെമോക്രാറ്റിക്, റിപബ്ലിക്കൻ എന്നീ ഓപ്ഷനുകളും ഉത്തരമായി നൽകി. വിവാദത്തെ തുടർന്ന് സംഭവത്തിൽ സി.ബി.എസ്.ഇ മാപ്പ് പറഞ്ഞിരുന്നു.
സ്ത്രീ - പുരുഷ തുല്യത കുടുംബങ്ങളിൽ കുട്ടികളുടെ അച്ചടക്കം ഇല്ലാതാക്കി എന്നാണ് സി.ബി.എസ്.ഇ പത്താം ക്ലാസ് ആദ്യ ടേം ഇംഗ്ലീഷ് പരീക്ഷയുടെ ചോദ്യത്തിലെ പരാമർശം. സത്രീ - പുരുഷ തുല്യത ഇല്ലാതിരുന്ന കാലത്ത് കുടുംബത്തിലെ കുട്ടികൾക്ക് അച്ചടക്കം ഉണ്ടായിരുന്നു. സ്ത്രീക്ക് അവളുടെ സ്ഥാനം കണ്ടെത്താൻ സാധിച്ചിരുന്നു. എന്നാൽ സ്ത്രീ - പുരുഷ തുല്യത വന്നതോടെ കുടുംബത്തിലെ ഒരിക്കലും തെറ്റുപറ്റാത്ത അധികാരി എന്ന സ്ഥാനം പുരുഷന് ത്യജിക്കേണ്ടി വന്നു എന്നാണ് ചോദ്യപേപ്പറിലെ നിരീക്ഷണം. രക്ഷിതാക്കൾക്ക് കൗമാരക്കാരിൽ ആധിപത്യം ഇല്ലാത്തതിന് കാരണമായി ചോദ്യപേപ്പർ ചൂണ്ടിക്കാട്ടുന്നത് സ്ത്രീ -പുരുഷ തുല്യതയാണ്.
ഭാര്യ ഭർത്താവിനെ അനുസരിക്കുന്നവൾ ആകണം. അങ്ങനെ ആയിരുന്നപ്പോൾ ഭാര്യക്ക് കുട്ടികളിൽ സ്വാധീനം ഉണ്ടാക്കാൻ സാധിച്ചിരുന്നു. രക്ഷിതാക്കളിൽ ചുമതലക്കാരൻ ഭർത്താവ് എന്നാണ് പഴയ കാഴ്ചപ്പാട്. അക്കാലത്ത് ഭർത്താവിന്‍റെ നിഴലിൽ നിന്ന് തന്‍റെ കുട്ടികളിൽ ആധിപത്യം സ്ഥാപിക്കാൻ അവൾ ഒരുക്കമായിരുന്നു. അതിനാൽ തന്നെ അച്ഛന്‍റെ ആജ്ഞ വിഷയമാക്കിയാണ് ഭാര്യ കുട്ടികളെ നിലക്ക് നിർത്തിയിരുന്നത്. എന്നാൽ 20ാം നൂറ്റാണ്ടിൽ സ്ത്രീപക്ഷ വാദം കൂടിയതോടെ കുടുംബത്തിൽ അച്ചടക്കത്തിന് പ്രാധാന്യമില്ലാതെ ആയി. അച്ഛന്‍റെ വാക്ക് പവിത്രമെന്ന ചിന്ത മാറി. സ്ത്രീ - പുരുഷ തുല്യത നടപ്പാക്കി തുടങ്ങിയതോടെ എല്ലാം വഴി തെറ്റിയെന്നാണ് ചോദ്യ പേപ്പറിലെ നിരീക്ഷണം.
വിവാദ ചോദ്യത്തിനെതിരെ അധ്യാപകരും രക്ഷിതാക്കളും രാഷ്ട്രീയക്കാരും ഉൾപ്പെടെയുള്ളവർ വിമർശനവുമായി രംഗത്തെത്തുകയും ചെയ്തു. കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി വിഷയം പാർലമെൻറിൽ ഉന്നയിച്ചതിന് പിന്നാലെ സ്ത്രീവിരുദ്ധ ചോദ്യം സി.ബി.എസ്.ഇ പിൻവലിക്കുകയായിരുന്നു. സംഭവത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ്, ഡി.എം.കെ, മുസ്ലിം ലീഗ്, എൻ.സി.പി അംഗങ്ങൾ ലോക്സഭയിൽ നിന്നും ഇറങ്ങിപ്പോവുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.