ന്യൂഡൽഹി: ഫ്രാൻസിൽനിന്ന് റാഫേൽ പോർവിമാനങ്ങൾ വാങ്ങുന്നതിനുള്ള നടപടികൾ ക്രമവിരുദ്ധമെന്ന് സർക്കാർ രേഖ. പ്രതിരോധ സന്നാഹങ്ങൾ വാങ്ങാൻ സുരക്ഷാകാര്യ മന്ത്രിസഭ സമിതിയുടെ അനുമതി വേണം. 2015ൽ ഫ്രാൻസ് സന്ദർശിച്ച പ്രധാനമന്ത്രി നരേന്ദ്രമോദി 36 റാഫേൽ വിമാനങ്ങൾ വാങ്ങാനുള്ള തീരുമാനം പ്രഖ്യാപിച്ചത് മന്ത്രിസഭ സമിതിയുടെ അനുമതിയില്ലാതെയാണ്. ഫ്രാൻസിൽ പ്രഖ്യാപനം നടത്തി 16 മാസം കഴിഞ്ഞാണ് സുരക്ഷാകാര്യ മന്ത്രിസഭ സമിതിയുടെ അംഗീകാരമായതെന്നാണ് പ്രതിരോധ സഹമന്ത്രി സുഭാഷ് ഭാംറെ തിങ്കളാഴ്ച രാജ്യസഭയിൽ രേഖാമൂലം നൽകിയ മറുപടി. 58,000 കോടി രൂപയുടെ റാഫേൽ ഇടപാട് 2016 ആഗസ്റ്റിൽ മാത്രമാണ് മന്ത്രിസഭ സമിതി അംഗീകരിച്ചത്. പ്രധാനമന്ത്രി ഫ്രാൻസിൽ പ്രഖ്യാപനം നടത്തിയത് 2015 ഏപ്രിലിൽ. കരാറിൽ ഒപ്പുവെച്ചത് 2016 ഡിസംബർ 23നാണ്.
ഒാരോ റാഫേൽ വിമാനത്തിനും 670 കോടി രൂപയാണ് ചെലവെന്നും കോൺഗ്രസ് എം.പി വിവേക് തൻകയുടെ ചോദ്യത്തിനുള്ള മറുപടിയിൽ പ്രതിരോധ സഹമന്ത്രി വിശദീകരിച്ചു. എന്നാൽ, പടക്കോപ്പുകളുടെ വില കൂടി ഉൾപ്പെടുത്തിക്കൊണ്ടുള്ള കണക്ക് മന്ത്രി വെളിപ്പെടുത്തിയില്ല. 1670 കോടിയെന്നാണ് വിമാനം നൽകുന്ന ദസോൾട്ട് ഏവിയേഷൻ കമ്പനിയുടെ വാർഷിക റിപ്പോർട്ടിൽ പറയുന്നത്. ഖത്തറിനും ഇൗജിപ്തിനും നൽകിയതിനെക്കാൾ 551 കോടി രൂപ കൂടുതലാണ് ഇതെന്ന് കോൺഗ്രസ് ആരോപണം ഉന്നയിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.