തിരുവനന്തപുരം: പഞ്ചായത്തുകളിലെ തൊഴിലുറപ്പ് പദ്ധതിയിൽ ഒരേസമയം 20 പ്രവൃത്തികൾ എന്ന നിയന്ത്രണത്തിൽനിന്ന് പിന്മാറി കേന്ദ്രസർക്കാർ. കേരളത്തിൽ മാത്രം 50 പ്രവൃത്തികൾ അനുവദിക്കുമെന്ന് കേന്ദ്ര ഗ്രാമവികസന വകുപ്പ് സംസ്ഥാന സർക്കാറിനെ അറിയിച്ചു. കേരള സർക്കാർ നിരന്തം ആവശ്യപ്പെട്ടതിന്റെ ഭാഗമായാണ് ഇളവ്.
നിയന്ത്രണ തീരുമാനം വന്നയുടൻ അന്നത്തെ തദ്ദേശമന്ത്രി എം.വി. ഗോവിന്ദൻ ശക്തമായ ഇടപെടൽ നടത്തിയിരുന്നു. ചുമതലയേറ്റെടുത്തത് മുതൽ മന്ത്രി എം.ബി. രാജേഷും സജീവമായി ഇടപെട്ടു. മുൻ തീരുമാനം തിരുത്തിയെങ്കിലും ഒരേസമയം 50 പ്രവൃത്തികൾ എന്ന നിബന്ധനയും ഉചിതമല്ലെന്ന് മന്ത്രി പറഞ്ഞു.
ആവശ്യപ്പെടുന്ന എല്ലാ കുടുംബങ്ങൾക്കും ഒരുവർഷം 100 തൊഴിൽ ദിനങ്ങൾ എന്ന തൊഴിലുറപ്പ് പദ്ധതിയുടെ അന്തസ്സത്തക്കുതന്നെ എതിരായിരുന്നു കേന്ദ്രത്തിന്റെ നിബന്ധന. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ പഞ്ചായത്ത് ഘടനയല്ല കേരളത്തിലേത്. ഇതര സംസ്ഥാനങ്ങളിലെ ഒരു ഗ്രാമപഞ്ചായത്തിന്റെ അത്രയും ജനസംഖ്യ കേരളത്തിലെ ഒരു വാർഡിൽ മാത്രമുണ്ട്.
ഇത്തരം 13 മുതൽ 23 വരെ വാർഡുകൾ ഉള്ളവയാണ് കേരളത്തിലെ ഗ്രാമപഞ്ചായത്തുകൾ. ഒരേസമയം ഒരുവാർഡിൽ തന്നെ ഏറെ പ്രവൃത്തികൾ നടത്തിയാണ് തൊഴിലാളികളുടെ തൊഴിൽ ഡിമാൻഡ് കേരളം നിർവഹിക്കുന്നത്.
അതിനാൽ പല വാർഡിലും ഒരു പ്രവൃത്തിപോലും നടത്താനാകില്ലെന്ന സ്ഥിതി വന്നിരുന്നു. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് സർക്കാർ ശക്തമായ ഇടപെടൽ നടത്തിയതെന്നും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.