ന്യൂഡൽഹി: കോവിഡ് മരണങ്ങൾ റിപ്പോർട്ടു ചെയ്യുന്നതിൽ കേരളം സ്വീകരിക്കുന്ന രീതിക്കെതിരെ കേന്ദ്ര ആരോഗ്യ മന്ത്രാലയം. മുൻകാലങ്ങളിൽ റിപ്പോർട്ടു ചെയ്യാതിരുന്നവ കഴിഞ്ഞ മാസങ്ങളിലെ കണക്കിൽ ഉൾപ്പെടുത്തുന്നത് അശാസ്ത്രീയവും, കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളെത്തന്നെ ബാധിക്കുന്നതുമാണെന്ന് മന്ത്രാലയം കുറ്റപ്പെടുത്തി. നവംബർ 22 വരെ ഒരു മാസം കേരളം റിപ്പോർട്ട് ചെയ്തത് 8,684 കോവിഡ് മരണങ്ങളാണ്. ഇത് യഥാർഥമല്ല. ഒരു മാസത്തിനിടെ ഇത്ര മരണം നടന്നിട്ടില്ല. 2020 മാർച്ച് മുതൽ 2021 ജൂൺ വരെ റിപ്പോർട്ട് ചെയ്യാതിരുന്ന മരണങ്ങളത്രയും കഴിഞ്ഞ മൂന്നു മാസത്തെ പട്ടികയിൽ ചേർക്കുകയാണ്.
കോവിഡ് പ്രതിരോധ മികവിൽ അഭിമാനിച്ച സർക്കാറാണ് ഇപ്പോൾ മരണങ്ങളുടെ വലിയ കണക്ക് മുന്നോട്ടുവെക്കുന്നത്. മെച്ചപ്പെട്ട പ്രതിരോധ നടപടികൾ വഴി ഏറ്റവും കുറഞ്ഞ മരണ നിരക്കാണ് കേരളത്തിൽ എന്നായിരുന്നു അവകാശവാദം. നേരത്തെ നൽകിയ കണക്കുകളിലെല്ലാം കോവിഡ് ബാധിതർ കൂടുതലും മരണം കുറവുമായിരുന്നു. 2021 ഏപ്രിൽ 21ന് രാജ്യത്തെ കോവിഡ് രോഗികളിൽ 6.2 ശതമാനം മാത്രമാണ് കേരളത്തിൽ എന്ന കണക്കാണ് നൽകിയത്. മരണം 1.4 ശതമാനവും. മേയ് 21ന് കോവിഡ് ബാധിതർ 10.6 ഉം മരണം 2.8ഉം ശതമാനം ആയിരുന്നു. എന്നാൽ, പിന്നീട് മരണസംഖ്യ കുത്തനെ ഉയർന്നു. ആഗസ്റ്റ് 21ന് നൽകിയ കണക്കിൽ മൊത്തം കോവിഡ് ബാധിതരിൽ 56.9 ശതമാനവും ആകെ മരണങ്ങളിൽ 26.9 ശതമാനവും കേരളത്തിലാണെന്നാണ്. സെപ്റ്റംബർ 21 ആയപ്പോൾ കോവിഡ് ബാധിതർ 65.1 ശതമാനവും മരണത്തിൽ 45.2 ശതമാനവും കേരളത്തിൽ ആണെന്നായി. നവംബർ 21ന് മൊത്തം കോവിഡ് ബാധിതരിൽ 56.6 ഉം മരണ സംഖ്യയുടെ 77.4ഉം ശതമാനം കേരളത്തിലാണ്.
കോവിഡ് കണക്ക് ദിനേന സുതാര്യമായി കേന്ദ്രത്തെ അറിയിക്കണമെന്നാണ് വ്യവസ്ഥയെന്ന് ആരോഗ്യ മന്ത്രാലയം വിശദീകരിച്ചു. കേരളത്തിൽ കോവിഡ് കണക്കു രേഖപ്പെടുത്തുന്നതിലും മരണം റിപ്പോർട്ടു ചെയ്യുന്നതിലും വലിയ വീഴ്ചയാണ് ഉണ്ടായിരിക്കുന്നതെന്നും മന്ത്രാലയം കുറ്റപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.