ന്യൂഡൽഹി: അഖിലേന്ത്യ മെഡിക്കൽ പ്രവേശന പരീക്ഷ (നീറ്റ്-യു.ജി), കോളജ് അധ്യാപക യോഗ്യതയായ യു.ജി.സി നെറ്റ് പരീക്ഷ പേപ്പറുകൾ ചോർന്ന സാഹചര്യത്തിൽ നടക്കാനിരിക്കുന്ന പരീക്ഷകൾക്ക് സുരക്ഷയും വിശ്വാസ്യതയുമുറപ്പാക്കാൻ സംസ്ഥാനങ്ങളുടെ സഹായം തേടി കേന്ദ്ര സർക്കാർ. പരീക്ഷ കേന്ദ്രങ്ങളിൽ പൊലീസ് ഉദ്യോഗസ്ഥൻ ഉൾപ്പെടെ രണ്ടുപേരെ നിരീക്ഷകരായി നിയോഗിക്കണമെന്ന് കേന്ദ്രം സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു.
സംസ്ഥാനതല നോഡൽ ഓഫിസറെയും നിയമിക്കണം. കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് ഭല്ല കഴിഞ്ഞ ആഴ്ച വിളിച്ചുചേർത്ത ചീഫ് സെക്രട്ടറിമാരുടെയും പൊലീസ് ഉദ്യോഗസ്ഥരുടെയും യോഗത്തിലാണ് നടക്കാനിരിക്കുന്ന അഖിലേന്ത്യ ആയുഷ് പി.ജി പ്രവേശന പരീക്ഷ (എ.ഐ.എ.പി.ജി.ഇ.ടി) അടക്കമുള്ള പരീക്ഷകൾക്ക് സഹായം അഭ്യർഥിച്ചത്.
നീറ്റ് യു.ജി, യു.ജി.സി നെറ്റ് പരീക്ഷകൾ നടത്തി ദേശീയ പരീക്ഷ ഏജൻസി (എൻ.ടി.എ) തന്നെയാണ് ആയുഷ് പ്രവേശന പരീക്ഷയും നടത്തുന്നത്. നിലവിൽ എൻ.ടി.എ തന്നെയാണ് പരീക്ഷ കേന്ദ്രങ്ങളിൽ നിരീക്ഷകരെ നിയമിച്ചത്. നീറ്റ് യു.ജി, യു.ജി.സി പേപ്പർ ചോർച്ചക്കെതിരെ രാജ്യവ്യാപക പ്രതിഷേധമുയരുന്നതിനിടെയാണ് കേന്ദ്ര സർക്കാറിന്റെ പുതിയ നടപടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.