ബംഗളൂരു: നമ്മ മെട്രോയുടെ ആർ.വി റോഡുമുതൽ ബൊമ്മസാന്ദ്രവരെയുള്ള യെല്ലോ ലൈനിൽ (19 കിലോമീറ്റർ പാത) 2024 ഏപ്രിലോടെ വാണിജ്യ സർവിസ് തുടങ്ങുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ. നാഗസാന്ദ്രയിൽനിന്ന് തുമകുരു റോഡുവരെയുള്ള ഗ്രീൻലൈനിന്റെ നീളം കൂട്ടിയ പാതയിലും (മൂന്ന് കി.മീ.) അപ്പോഴേക്കും സർവിസ് തുടങ്ങും. നഗരത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഐ.ടി ഹബ്ബായ ഇലക്ട്രോണിക് സിറ്റിയുമായി ബന്ധപ്പെടുത്തുന്നതാണ് യെല്ലോ ലൈൻ.
നമ്മ മെട്രോയുടെ കെ.ആർ. പുരം-ബൈയ്യപ്പനഹള്ളി, കെങ്കേരി-ചല്ലഘട്ട സ്ട്രെച്ചുകളുടെ ഔദ്യോഗിക ഓൺലൈൻ ഉദ്ഘാടനചടങ്ങിൽ പങ്കെടുക്കവേയാണ് സിദ്ധരാമയ്യ ഇക്കാര്യം പറഞ്ഞത്. രണ്ടു മെട്രോ പാതകളും പ്രധാനമന്ത്രി നരേന്ദ്ര മോദി ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.
വെള്ളിയാഴ്ച രാവിലെ ഉത്തര്‍പ്രദേശില്‍ ആര്.ആര്.ടി.എസ് കോറിഡോര്‍ ഉദ്ഘാടനച്ചടങ്ങിനിടെ ഓണ്‍ലൈനായാണ് ബംഗളൂരു മെട്രോയുടെ പാതകള്‍ അദ്ദേഹം ഉദ്ഘാടനം ചെയ്തത്. ബംഗളൂരു വിധാൻസൗധയില്‍നിന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറും മന്ത്രിമാരും മുതിര്‍ന്ന ഉദ്യോഗസ്ഥരും ഓണ്‍ലൈനായി ചടങ്ങില്‍ പങ്കെടുക്കുകയായിരുന്നു.
പൊതുജനങ്ങളുടെ സമ്മർദത്തെ തുടർന്ന് ഈ പാതകളിൽ ഒക്ടോബർ ഒമ്പതിന് സർവിസ് തുടങ്ങിയിരുന്നു. ഇതാദ്യമായാണ് സർവിസ് തുടങ്ങിയതിനു ശേഷം ഔദ്യോഗികമായി പാതകളുടെ ഉദ്ഘാടനം നടക്കുന്നത്.
നമ്മ മെട്രോയുടെ മൂന്നാംഘട്ടത്തിന് ഉടൻ അനുമതി നൽകണമെന്ന് സിദ്ധരാമയ്യ കേന്ദ്രസർക്കാറിനോട് ആവശ്യപ്പെട്ടു. കെംപപുര-ജെ.പി നഗർ (നാലാമത് ഘട്ടം), ഹൊസഹള്ളി-കദബഗരെ (മൂന്നാം ഘട്ടം) എന്നിവക്കായുള്ള വിശദ പദ്ധതി രൂപരേഖ സംസ്ഥാന സർക്കാർ കേന്ദ്രത്തിന് ഇതിനകം സമർപ്പിച്ചിട്ടുണ്ട്.
ഇരുപാതകളുടെയും ആകെ നീളം 45 കിലോമീറ്റർ ആണ്. 15,611 കോടി രൂപയാണ് പദ്ധതി ചെലവ് കണക്കാക്കുന്നത്. സർജാപുരയിൽനിന്ന് ഹെബ്ബാളിലേക്കുള്ള 37 കിലോമീറ്റർ പാതക്കുള്ള പദ്ധതിരേഖ തയാറാക്കൽ പുരോഗമിക്കുകയാണ്. ഇത് 3എ ഘട്ടത്തിൽ ഉൾപ്പെടുന്ന പദ്ധതിയാണെന്നും സിദ്ധരാമയ്യ പറഞ്ഞു.
ബൈയപ്പനഹള്ളി-കെ.ആർ പുരം, ചല്ലഘട്ട-കെങ്കേരി പാതകൾ തുറന്നുകൊടുത്തതോടെ നമ്മ മെട്രോയുടെ പർപ്ൾ ലൈനിൽ പൂർണമായി ഒറ്റ സ്ട്രെച്ചിൽ സഞ്ചരിക്കാൻ കഴിയുന്നത് യാത്രക്കാർക്ക് ഏറെ ഗുണകരമായിട്ടുണ്ട്. ചല്ലഘട്ടെ മുതൽ കാടുഗോഡി (വൈറ്റ്ഫീൽഡ്) വരെ 42.49 കിലോമീറ്റർ ഒറ്റ ട്രെയിനിൽ സഞ്ചരിക്കാൻ സഹായിക്കുന്നതാണ് ഇരുപാതകളും.
നേരത്തേ കെങ്കേരി ഭാഗത്ത് നിന്ന് വൈറ്റ്ഫീൽഡിലേക്ക് പോകുന്നവർ ബൈയപ്പനഹള്ളിയിൽ ഇറങ്ങി മറ്റ് മാർഗങ്ങളിലൂടെ കെ.ആർ പുരത്തെത്തി വീണ്ടും മെട്രോ യാത്ര തുടങ്ങേണ്ടിയിരുന്നു. ഈ അവസ്ഥയാണ് പുതിയ പാതകളിലൂടെ മാറിയത്. നേരത്തേ പ്രത്യേക ഉദ്ഘാടനച്ചടങ്ങുകൾ ഒന്നുമില്ലാതെയാണ് ബി.എം.ആർ.സി.എൽ പാതകൾ തുറന്നുകൊടുത്തത്. ഇരുപാതകളും ആകെ 4.15 കിലോമീറ്ററാണുള്ളത്. ഇതോടെ നമ്മ മെട്രോയുടെ ആകെ ദൂരം 69.66 കിലോമീറ്ററിൽനിന്ന് 73.81 കിലോമീറ്റർ ആയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.