ലക്ഷദ്വീപിൽ സ്വകാര്യ കമ്പനിയുടെ വമ്പൻ ടൂറിസം പദ്ധതിക്ക്​ കേന്ദ്ര അംഗീകാരം; നാട്ടുകാരുടെ​ തൊഴിൽ സംവരണം ഒഴിവാക്കി

ന്യൂഡൽഹി: ലക്ഷദ്വീപിലെ നിയന്ത്രണങ്ങൾ എടുത്തുമാറ്റിയതിന്​ പിന്നാലെ വമ്പൻ ടൂറിസം പദ്ധതിക്ക്​ അംഗീകാരം നൽകി കേന്ദ്ര സർക്കാർ. സ്വകാര്യ കമ്പനിയുടെ നേതൃത്വത്തിൽ മിനിക്കോയ്​ ദ്വീപിലാണ്​ പദ്ധതി നടപ്പാക്കുന്നത്​. 319 കോടി രൂപ ചെലവിലാണ്​ ഇവിടെ റിസോർട്ട്​ നിർമിക്കുക.

റിസോർട്ടിനായി സ്വകാര്യമേഖലക്ക്​ 15 ഹെക്ടറോളം ഭൂമി 75 വർഷത്തേക്ക്‌ വിട്ടുകൊടുക്കും. മൂന്ന്​ വർഷം കൊണ്ടാണ്​ നിർമാണം പൂർത്തിയാക്കുക. ലേലത്തിലൂടെയാണ് സ്വകാര്യ​ കമ്പനിയെ തെരഞ്ഞെടുത്തത്​.

കടലോരത്ത്‌ വില്ലകൾ നിർമിക്കാൻ 8.53 ഹെക്ടറും വാട്ടർവില്ലകൾക്കായി പവിഴപ്പുറ്റുകൾ നിലകൊള്ളുന്ന ആറ്‌ ഹെക്ടറുമാണ്‌ നൽകുക. റിസോർട്ടിൽ 150 വില്ലകൾ ഉണ്ടാകും. ഇതിൽ 110 എണ്ണം ബീച്ചിലും 40 എണ്ണം കടലിലേക്ക്​ ഇറങ്ങിയുമാകും ഉണ്ടാവുക. മാലദ്വീപിനോട്​ കിടപിടിക്കുന്ന വില്ലകളാണ്​ ഇവിടെ നിർമിക്കാൻ ഉദ്ദേശിക്കുന്നത്​.

രണ്ട്‌ വർഷംമുമ്പ്‌ ആസൂത്രണം ചെയ്​ത പദ്ധതിയാണിത്​. സ്വകാര്യകമ്പനിക്ക്​ ഒട്ടേറെ ഇളവുകൾ നൽകിയാണ്‌ ധനമന്ത്രാലയത്തിലെ സാമ്പത്തികകാര്യ സമിതി പദ്ധതി അംഗീകരിച്ചത്‌. പദ്ധതിയിൽ ദ്വീപ്‌ വാസികൾക്ക്‌ നിശ്ചിതശതമാനം തൊഴിൽ സംവരണം ചെയ്യണമെന്ന്‌ മുമ്പ്‌ നിർദേശിച്ചിരുന്നു. ഈ വ്യവസ്ഥ നീക്കംചെയ്‌തു.

വർഷംതോറും ലൈസൻസ്‌ ഫീസിൽ 10 ശതമാനം വർധനയെന്നത്‌ അഞ്ച്‌ ശതമാനമായി കുറച്ചു. പരിസ്ഥിതി സൗഹൃദ റിസോർട്ടുകൾ നിർമിക്കുകയാണ്‌ പദ്ധതിയുടെ ലക്ഷ്യമെന്ന്‌ കേന്ദ്രസർക്കാർ അവകാശപ്പെടുന്നു. ലക്ഷദ്വീപ്‌ അതോറിറ്റി മുന്നോട്ടുവച്ച പദ്ധതിനിർദേശം ആഭ്യന്തരമന്ത്രാലയത്തിന്‍റെ അനുമതിയോടെയാണ്‌ ധനമന്ത്രാലയത്തിൽ എത്തിയത്‌.

ലക്ഷദ്വീപിലെ ജനവിരുദ്ധ പരിഷ്‌കാരങ്ങളുടെ ലക്ഷ്യം വ്യക്തമാക്കുന്നതാണ്‌ പുതിയ പദ്ധതി. തീരത്തുനിന്ന്‌ മത്സ്യത്തൊഴിലാളികളെ ഒഴിപ്പിക്കുന്നത്‌ സ്വകാര്യടൂറിസം പദ്ധതിക്കുവേണ്ടിയാണെന്ന്‌ നേരത്തേ ആരോപണം ഉയർന്നിരുന്നു. ​ഇതോടൊപ്പം മാലദ്വീപ്​ മോഡൽ വികസനം നടപ്പാക്കിയാൽ ലക്ഷദ്വീപ്​ ​കാത്തിരിക്കുന്നത്​ വലിയ ദുരന്തമായിരിക്കുമെന്നും വിദഗ്​ധർ മുന്നറിയിപ്പ്​ നൽകുന്നുണ്ട്​.

Tags:    
News Summary - Central approval for Lakshadweep private sector tourism project; The employment reservation of the natives was abolished

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.