ന്യൂഡൽഹി: രണ്ടാം നരേന്ദ്ര മോദി സർക്കാറിൻെറ നാളെ നടക്കുന്ന ആദ്യ പൊതു ബജറ്റിന് മുന്നോടിയായി സാമ്പത്തിക സർ വെ ഇന്ന് ലോക്സഭയിൽ വെക്കും. ധനമന്ത്രി നിർമല സീതാരാമൻെറ കന്നി ബജറ്റാണ് നാളെ നടക്കാനിരിക്കുന്നത്. സാമ്പത് തിക മാന്ദ്യം മറികടക്കുകയെന്ന വെല്ലുവിളിയാണ് ധനമന്ത്രിക്ക് മുമ്പിലുള്ളത്.
ആഭ്യന്തര വളർച്ചാ നിരക്ക് 6 .8 ശതമാനമായി കുറഞ്ഞതും കാർഷിക-വ്യാവസായിക മേഖലകളിലെ മുരടിപ്പും സർക്കാറിന് മുന്നിലെ പ്രധാന വെല്ലുവിളിയാണ്. ഓഹരികൾ വിറ്റഴിച്ച് 90000 കോടി കണ്ടെത്തുകയെന്ന നിർദേശമായിരുന്നു ഇടക്കാല ബജറ്റിൽ മുന്നോട്ട് വെച്ചത്. സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുന്നതിന് തന്നെയാവും ബജറ്റിൽ ഊന്നൽ നൽകുക. തൊഴിൽ പ്രതിസന്ധി മറികടക്കാനുള്ള പ്രഖ്യാപനങ്ങളും കാർഷിക മേഖലയിൽ പുതിയ പദ്ധതികളും ബജറ്റിൽ പ്രതീക്ഷിക്കാം.
എന്നാൽ നോട്ട് നിരോധനവും ജി.എസ്.ടി തകർത്ത ഇന്ത്യൻ സമ്പദ്വ്യവസ്ഥയെ കരകയറ്റുകയെന്നതും നിർമല സീതാരാമനെ സംബന്ധിച്ചിടത്തോളം എളുപ്പമല്ല. 48 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കിലാണ് രാജ്യത്തെ തൊഴിലില്ലായ്മ. ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങൾ എതാണ്ട് തകർച്ചയുടെ വക്കിലാണ്. ഇതിന് പുറമേയാണ് സമ്പദ്വ്യവസ്ഥയെ സമ്മർദത്തിലാക്കി ഉപഭോഗത്തിലും കുറവുണ്ടാകുന്നത്. ഗ്രാമീണ സമ്പദ്വ്യസ്ഥയും വെല്ലുവിളികൾ നേരിടുകയാണ്. ഈ പ്രതിസന്ധികളെല്ലാം മറികടക്കാനുള്ള നിർദേശങ്ങളാണ് ബജറ്റിൽ ഉൾപ്പെടുത്തേണ്ടത്.
നോട്ട് നിരോധനവും ജി.എസ്.ടിയും റിയൽ എസ്റ്റേറ്റ് മേഖലയുടെ നട്ടെല്ലൊടിച്ചിരുന്നു. ഇതിൽ നിന്നും കരകയറാനുള്ള കൈത്താങ് റിയൽ എസ്റ്റേറ്റ് മേഖലക്ക് മോദി സർക്കാർ നൽകുമെന്നാണ് വിലയിരുത്തൽ. ഇതിന് പുറമേ കൂടുതൽ തൊഴിലുകൾ പ്രദാനം ചെയ്യുന്ന ബാങ്കിങ്, ഓട്ടോ, നിർമാണ, ചെറുകിട വ്യവസായ മേഖലകൾക്ക് പ്രത്യേക ഇളവുകളും പ്രതീക്ഷിക്കുന്നുണ്ട്. കോർപ്പറേറ്റ് നികുതി കുറക്കണമെന്ന ആവശ്യം ഉയർന്നു വന്നിട്ടുണ്ട്. നികുതി കുറക്കുക വഴി കമ്പനികളിൽ റിക്രൂട്ട്മെൻറ് വർധിപ്പിക്കാനും അതുവഴി തൊഴിലില്ലായ്മയുടെ തോത് കുറക്കാമെന്ന വിലയിരുത്തലുകൾ ചില സാമ്പത്തിക വിദഗ്ധർ നടത്തുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.