ന്യൂഡൽഹി: പൊതുതെരഞ്ഞെടുപ്പിൽ പ്രതിപക്ഷത്തെ നേരിടാൻ നരേന്ദ്ര മോദി സർക്കാർ ധിക്കാരപൂർണമായ രീതിയിൽ കേന്ദ്ര ഏജൻസികളെ ദുരുപയോഗം ചെയ്യുന്നതിനെതിരെ പ്രതിപക്ഷ നേതാക്കൾ സമർപ്പിച്ച സംയുക്ത പരാതിയിൽ കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ പരിഹാര നടപടിക്ക്. ഇൻഡ്യ നേതാക്കൾ തങ്ങളുടെ പരാതിയിൽ മുന്നോട്ടുവെച്ച പരിഹാര നിർദേശത്തിന് സമാനമായതരത്തിൽ തെരഞ്ഞെടുപ്പ് കാലത്തെ നടപടികളിൽ നിഷ്പക്ഷത പാലിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ഏജൻസികൾക്ക് അനുശാസനം നൽകാനാണ് കമീഷൻ നീക്കം. ഇത്തരമൊരു അനുശാസനത്തിന്റെ കരട് തയാറാക്കുകയാണെന്ന് കമീഷൻ വൃത്തങ്ങൾ അറിയിച്ചു.
ഝാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും ജാമ്യമില്ലാ വകുപ്പുകളാൽ അറസ്റ്റിലായതും കോൺഗ്രസിന്റെ ഫണ്ട് മരവിപ്പിച്ചതും തങ്ങൾക്കെതിരായ പ്രതികാര നടപടിയാണെന്നും അവ തടയണമെന്നും ആവശ്യപ്പെട്ടാണ് കെജ്രിവാളിന്റെ അറസ്റ്റിന് പിന്നാലെ ഇൻഡ്യ നേതാക്കൾ ഒരുമിച്ച് കമീഷൻ ആസ്ഥാനത്തെത്തി പരാതി നൽകിയത്. ലോക്സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി കേന്ദ്ര അന്വേഷണ ഏജൻസികൾ പ്രതിപക്ഷ നേതാക്കൾക്കെതിരെ കൈക്കൊണ്ട നടപടികൾ നേതാക്കൾ പരാതിയിൽ അക്കമിട്ട് നിരത്തിയിരുന്നു. ഇത് കൂടാതെ കെജ്രിവാളിന്റെ അറസ്റ്റിനെതുടർന്ന് ആം ആദ്മി പാർട്ടി കമീഷന് പ്രത്യേകം കത്തെഴുതുകയും തങ്ങളുടെ ആവലാതികൾ ബോധിപ്പിക്കാൻ കൂടിക്കാഴ്ചക്ക് സമയം തേടുകയും ചെയ്തിട്ടുണ്ട്.
കേന്ദ്ര ഏജൻസികളുടെ അന്വേഷണ നടപടികളിൽ ഇടപെടാൻ നിയമപരവും ഭരണഘടനാപരവുമായ പരിമിതി തങ്ങൾക്കുണ്ടെങ്കിലും തെരഞ്ഞെടുപ്പ് കാലത്ത് ഭരണ - പ്രതിപക്ഷ കക്ഷികൾക്ക് തുല്യാവസരം ഉറപ്പാക്കേണ്ട ഉത്തരവാദിത്തമുണ്ട് എന്ന നിലപാടിലാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ. തെരഞ്ഞെടുപ്പ് നിഷ്പക്ഷവും നീതിപൂർവകവുമാക്കാൻ ഇത് അനിവാര്യമാണ്. ഈ നിലക്കാണ് കമീഷൻ അനുശാസനം തയാറാക്കുന്നത്. ഒന്നുകിൽ കേന്ദ്ര സർക്കാറിനോ അല്ലെങ്കിൽ ഓരോ കേന്ദ്ര ഏജൻസിക്കും പ്രത്യേകമായോ അനുശാസനം അയച്ചുകൊടുത്തേക്കും.
2019ലെ ലോക്സഭ തെരഞ്ഞെടുപ്പ് വേളയിൽ കമീഷൻ ഇത്തരമൊരു അനുശാസനം അയച്ച കാര്യം ഇൻഡ്യ സഖ്യ നേതാക്കൾ തങ്ങളുടെ പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. നടപടികളിൽ നിഷ്പക്ഷത ഉറപ്പുവരുത്തണമെന്നും കൈക്കൊള്ളുന്ന നടപടികൾ കമീഷനെ അറിയിക്കുകയും ചെയ്യണമെന്ന് അന്നയച്ച അനുശാസനത്തിൽ നിർദേശിച്ചിരുന്നു. മധ്യപ്രദേശിലെ ഭോപാലിലും ഇൻഡോറിലും ആദായനികുതി വകുപ്പ് നടത്തിയ റെയ്ഡിന്റെ പശ്ചാത്തലത്തിലായിരുന്നു ഈ നടപടി. തെരഞ്ഞെടുപ്പ് കാലത്തെ എല്ലാ അന്വേഷണ നടപടികളും തീർത്തും നിഷ്പക്ഷവും വിവേചന രഹിതവുമായിരിക്കണമെന്ന് ഇതിൽ കേന്ദ്ര ഏജൻസികളോട് ആവശ്യപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.