ന്യൂഡൽഹി: വിവാദമായ പൗരത്വ നിയമ ഭേദഗതി (സി.എ.എ) പ്രകാരം 300ലധികം പേർക്ക് ഇന്ത്യൻ പൗരത്വം അനുവദിച്ച് കേന്ദ്ര സർക്കാർ. ഓൺലൈൻ പോർട്ടലിലൂടെ ലഭിച്ച അപേക്ഷകളിൽ തീർപ്പ് കൽപിച്ചാണ് നടപടി. 14 പേർക്ക് കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് കുമാർ ബല്ല ബുധനാഴ്ച ഡൽഹിയിൽ സർട്ടിഫിക്കറ്റുകൾ കൈമാറി. ഏതു രാജ്യക്കാർക്കാണ് പൗരത്വം നൽകിയതെന്ന് വ്യക്തമാക്കിയിട്ടില്ലെങ്കിലും ഭൂരിഭാഗവും പാകിസ്താനി ഹിന്ദുക്കൾക്കാണെന്നാണ് സൂചന. അടുത്തഘട്ടത്തിൽ വോട്ടെടുപ്പ് നടക്കാനിരിക്കുന്ന പശ്ചിമ ബംഗാളിലെ പല മണ്ഡലങ്ങളിലും സി.എ.എ വിഷയം നിർണായകമായ സാഹചര്യത്തിലാണ് സർക്കാർ നടപടി.
മതാടിസ്ഥാനത്തിൽ പൗരത്വം അനുവദിക്കുന്ന നിയമഭേദഗതിക്കെതിരെ പ്രമുഖ രാഷ്ട്രീയ പാർട്ടികളും വ്യക്തികളുമടക്കം നൽകിയ ഹരജികൾ സുപ്രീംകോടതിയുടെ പരിഗണനയിലിരിക്കെയാണ് എൻ.ഡി.എ സർക്കാറിന്റെ നീക്കം. ലോക്സഭ തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ടത്തിനുമുമ്പ് സി.എ.എ പ്രകാരം ആദ്യ പൗരത്വം നൽകുമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ രണ്ടാഴ്ച മുമ്പ് പ്രഖ്യാപിച്ചിരുന്നു. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് തൊട്ടുമുമ്പാണ് സി.എ.എ ചട്ടങ്ങൾ പ്രാബല്യത്തിൽവന്നത്.
മോദി സർക്കാർ രണ്ടാമതും അധികാരത്തിൽ വന്നതിനു പിന്നാലെ 2019 ഡിസംബറിലാണ് പൗരത്വ നിയമ ഭേദഗതി പാർലമെന്റ് പാസാക്കിയത്. പിന്നാലെ രാഷ്ട്രപതിയുടെ അംഗീകാരവും ലഭിച്ചു. പാകിസ്താൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്താൻ എന്നീ അയൽരാജ്യങ്ങളിൽനിന്ന് ഇന്ത്യയിലേക്ക് മതിയായ രേഖകളില്ലാതെ 2014 ഡിസംബർ 31നുമുമ്പ് കുടിയേറിയ മുസ്ലിംകളല്ലാത്തവർക്ക് പൗരത്വം അനുവദിക്കുന്നതാണ് നിയമ ഭേദഗതി. ഹിന്ദു, സിഖ്, ജൈന, ബുദ്ധ, പാഴ്സി, ക്രിസ്ത്യൻ വിഭാഗങ്ങൾക്കാണ് ഒരു രേഖയും ചോദിക്കാതെ അപേക്ഷയുടെ അടിസ്ഥാനത്തിൽ മാത്രം പൗരത്വം അനുവദിക്കുന്നത്.
മുസ്ലിംകളെ ഒഴിവാക്കിയുള്ള വിവേചനപരമായ നിയമഭേദഗതി പാർലമെന്റ് പാസാക്കിയതിനു പിന്നാലെ രാജ്യവ്യാപക പ്രക്ഷോഭം നടന്നിരുന്നു. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലടക്കം നടന്ന രൂക്ഷമായ പ്രക്ഷോഭത്തിൽ നൂറിലധികം പേരാണ് കൊല്ലപ്പെട്ടത്. കോവിഡ് നിയന്ത്രണങ്ങളെത്തിയതോടെ പ്രക്ഷോഭം തണുത്തു.
പാർലമെന്റ് പാസാക്കി രാഷ്ട്രപതി ഒപ്പുവെച്ചാൽ നിയമം നടപ്പാക്കുന്നതിന്റെ ചട്ടങ്ങൾ ആറു മാസത്തിനകം വിജ്ഞാപനം ചെയ്യണമെന്നാണ് വ്യവസ്ഥ. എങ്കിലും കടുത്ത എതിർപ്പുകൾക്കിടയിൽ ചട്ടവിജ്ഞാപനം പലവട്ടം സഭാസമിതിയുടെ അനുമതി തേടി കേന്ദ്രം നീട്ടിക്കൊണ്ടുപോയി. ഈ വർഷം മാർച്ച് 11നാണ് ചട്ടങ്ങൾ വിജ്ഞാപനം ചെയ്തത്. അപേക്ഷ നൽകാൻ ഓൺലൈൻ പോർട്ടലും സജ്ജമാക്കി. 1955ലെ പൗരത്വ നിയമപ്രകാരം പൗരത്വം നൽകാൻ ഗുജറാത്ത്, രാജസ്ഥാൻ, ഛത്തിസ്ഗഢ്, ഹരിയാന, പഞ്ചാബ്, മധ്യപ്രദേശ്, യു.പി, ഡൽഹി, മഹാരാഷ്ട്ര എന്നീ ഒമ്പത് സംസ്ഥാനങ്ങളിലെ 30 ജില്ലാ മജിസ്ട്രേറ്റുമാർക്കും ആഭ്യന്തര സെക്രട്ടറിമാർക്കും കേന്ദ്രം കഴിഞ്ഞ രണ്ടുവർഷത്തിനിടയിൽ അനുമതി നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.