ചെന്നൈ: റിപ്പബ്ലിക്ദിന പരേഡിൽ അവതരിപ്പിക്കാൻ തമിഴ്നാട് സമർപ്പിച്ച ഫ്ലോട്ട് കേന്ദ്ര സർക്കാർ നിരാകരിച്ചു. വേലുനാച്ചിയാർ, വി.ഒ.സി എന്ന വി.ഒ. ചിദംബരം പിള്ളൈ ഉൾപ്പെടെ സ്വാതന്ത്ര്യ സമര പോരാളികളുടെ ചരിത്രം ആസ്പദമാക്കിയ പ്രമേയമാണ് അവതരിപ്പിക്കാനിരുന്നത്. കോവിഡ് കണക്കിലെടുത്ത് ഫ്ലോട്ടുകളുടെ എണ്ണം 12 ആയി കുറച്ചതാണ് ഇതിന് കാരണമെന്ന് കേന്ദ്ര റിപ്പബ്ലിക് ദിന പരേഡ് ഫ്ലോട്ട് നിർണയ സമിതി അറിയിച്ചു.
തെന്നിന്ത്യയിൽ ബി.ജെ.പി ഭരിക്കുന്ന കർണാടകയുടെ ഫ്ലോട്ടിന് മാത്രമാണ് അനുമതി ലഭിച്ചത്. കേരളം, പശ്ചിമബംഗാൾ സംസ്ഥാനങ്ങളുടെ ഫ്ലോട്ടുകളും ഒഴിവാക്കിയിരുന്നു. കേന്ദ്ര തീരുമാനത്തിനെതിരെ കനിമൊഴി എം.പി ഉൾപ്പെടെ വിവിധ ഡി.എം.കെ മുന്നണി നേതാക്കൾ പ്രതിഷേധിച്ചു.
കേന്ദ്രത്തിനെതിരെ കർണാടക കോൺഗ്രസ്
റിപ്പബ്ലിക് ദിന പരേഡിൽ കേരളം നിർദേശിച്ച ശ്രീനാരായണ ഗുരുവിന്റെ നിശ്ചലദൃശ്യം ഒഴിവാക്കിയ കേന്ദ്ര നടപടിക്കെതിരെ രൂക്ഷവിമർശനവുമായി കർണാടക കോൺഗ്രസ് രംഗത്ത്. സാമൂഹിക പരിഷ്കർത്താവായ ശ്രീനാരായണ ഗുരുവിന്റെ നിശ്ചലദൃശ്യം ഡൽഹിയിൽ നടക്കുന്ന റിപ്പബ്ലിക് പരേഡിൽനിന്ന് ഒഴിവാക്കിയ കേന്ദ്രത്തിലെ ബി.ജെ.പി സർക്കാർ മാപ്പുപറയണമെന്ന് കർണാടക മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ സിദ്ധരാമയ്യ ആവശ്യപ്പെട്ടു.
കേരളം രൂപകൽപന ചെയ്ത ശ്രീനാരായണ ഗുരുവിന്റെ നിശ്ചല ദൃശ്യം എന്തുകൊണ്ടാണ് തള്ളിക്കളഞ്ഞതെന്ന് ബി.ജെ.പി വിശദീകരിക്കണം. അദ്ദേഹം ഹിന്ദു മതത്തിന്റെ ഭാഗമല്ലാത്തതുകൊണ്ടാണോ എന്നും സിദ്ധരാമയ്യ ചോദിച്ചു. ജീവിതം മുഴുവൻ തൊട്ടുകൂടായ്മക്കെതിരെ ഉൾപ്പെടെ പൊരുതി സാമൂഹിക നീതിക്കായി പ്രവർത്തിച്ച മഹത് വ്യക്തിയാണ് ശ്രീനാരായണ ഗുരു. അദ്ദേഹത്തെ അപമാനിക്കുന്ന ഈ പ്രവൃത്തിയിൽ ബി.ജെ.പി മാപ്പുപറയണം.
റിപ്പബ്ലിക് ദിന പരേഡിൽ ഗുരുവിന്റെ നിശ്ചലദൃശ്യം അനുവദിക്കണം. ഇക്കാര്യത്തിൽ ഇതുവരെ പ്രധാനമന്ത്രിയോ അദ്ദേഹത്തിന്റെ ഓഫിസോ മാപ്പുപറയാൻ തയാറായിട്ടില്ലെന്നും സിദ്ധരാമയ്യ പറഞ്ഞു. ചില സംസ്ഥാനങ്ങളോട് ശത്രുതാ സമീപനമാണ് ബി.ജെ.പിക്കെന്നും കേരളത്തിന്റെ നിശ്ചലദൃശ്യം തള്ളിക്കളഞ്ഞ നടപടിയും ഇതാണ് സൂചിപ്പിക്കുന്നതെന്നും കോൺഗ്രസ് എം.എൽ.സി ബി.കെ. ഹരിപ്രസാദ് പറഞ്ഞു.
പശ്ചിമ ബംഗാളിന്റെ നേതാജി സുഭാഷ് ചന്ദ്ര ബോസിന്റെ നിശ്ചലദൃശ്യവും കേരളത്തിന്റെ ശ്രീനാരായണ ഗുരുവിന്റെ നിശ്ചലദൃശ്യവും തള്ളിക്കളഞ്ഞ കേന്ദ്ര നടപടിക്കെതിരെ ജില്ല ഡെപ്യൂട്ടി കമീഷണർ മുഖേന രാഷ്ട്രപതിക്ക് നിവേദനം നൽകിയതായി ദക്ഷിണ കന്നട ജില്ല കോൺഗ്രസ് കമ്മിറ്റി അധ്യക്ഷൻ ഹരിഷ് കുമാർ, മുൻ എം.എൽ.എ ജെ.ആർ. ലോബോ എന്നിവർ പറഞ്ഞു. ദേശത്തെതന്നെ അപമാനിക്കുന്ന കേന്ദ്ര സർക്കാർ മാപ്പുപറയണമെന്നും അവർ ആവശ്യപ്പെട്ടു. കോൺഗ്രസിന് പുറമെ കർണാടകയിലെ സി.പി.എം ഉൾപ്പെടെയുള്ള പാർട്ടികളും കേന്ദ്ര തീരുമാനത്തെ വിമർശിച്ച് രംഗത്തെത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.