കൊൽക്കത്ത: പ്രധാനമന്ത്രി നരേന്ദ്ര മോദി ബംഗാളിൽ വിളിച്ച യോഗത്തിൽ പങ്കെടുക്കാത്തതിന് ചീഫ് സെക്രട്ടറി ആലാപൻ ബന്ദോപാധ്യായയെ തിരികെ വിളിച്ചതിന് അനുമതി നൽകാതെ മമത സർക്കാർ. സംസ്ഥാന സർക്കാർ ഫയലിൽ ഒപ്പുവെക്കണമെന്നിരിക്കെ തിങ്കളാഴ്ച ഡൽഹിയിലെത്തി പുതിയ ജോലിയുടെ ഭാഗമാകാൻ ചീഫ് സെക്രട്ടറിക്കാകില്ല.
ആലാപൻ ബന്ദോപാധ്യായയെ തിരികെ അയക്കേണ്ടതില്ലെന്നാണ് മമത ബാനർജിയുടെ തീരുമാനം. മേയ് 31നകം തിരികെ ഡൽഹിയിൽ റിപ്പോർട്ട് ചെയ്യണമെന്നായിരുന്നു നേരത്തെ നിർദേശം. ഇതേ തീയതിയിൽ തന്നെയാണ് അദ്ദേഹം വിരമിക്കേണ്ടത്. കേന്ദ്രം നടപ്പാക്കിയ സ്ഥലംമാറ്റം സംസ്ഥാന സർക്കാർ അവഗണിച്ച സാഹചര്യത്തിൽ തിങ്കളാഴ്ച നടക്കുന്ന ദുരിതാശ്വാസ അവലോകന യോഗത്തിൽ അദ്ദേഹം പങ്കെടുക്കും.
കേന്ദ്ര പഴ്സണൽ ആന്‍റ് പരിശീലന വിഭാഗമാണ് ചീഫ് സെക്രട്ടറി തിങ്കളാഴ്ച രാവിലെ 10 മണിയോടെ ഡൽഹിയിൽ ജോലിയിൽ പ്രവേശിക്കണമെന്ന ഉത്തരവിറക്കിയത്. നിയമോപദേശം തേടിയ മമത സർക്കാർ ഇവരെ അയക്കേണ്ടതില്ലെന്ന് തീരുമാനമെടുക്കുകയായിരുന്നു. 1987 ബാച്ചുകാരനായ ബന്ദോപാധ്യായ തിങ്കളാഴ്ച വിരമിക്കേണ്ടതായിരുന്നുവെങ്കിലും കോവിഡ് സാഹചര്യം കൈകാര്യം ചെയ്യുന്നതിലെ മിടുക്ക് പരിഗണിച്ച് മൂന്നു മാസം സേവനം നീട്ടിയിരുന്നു. സ്ഥലംമാറ്റം പാലിക്കാനാവില്ലെന്ന് കാണിച്ച് കേന്ദ്ര പഴ്സണൽ വിഭാഗത്തിന് കത്തെഴുതാനാണ് തീരുമാനം.
ചീഫ് സെക്രട്ടറിയെ മാറ്റിയ നടപടിക്കെതിരെ രൂക്ഷ വിമർശനമുയർന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.