ന്യൂഡൽഹി: റേഷൻ വിഹിതം വീടുകളിൽ എത്തിക്കുന്ന ഡൽഹി സർക്കാറിന്‍റെ പദ്ധതിക്ക് പാരയുമായി കേന്ദ്ര സർക്കാർ. 72 ലക്ഷം പാവപ്പെട്ട ഗുണഭോക്താക്കൾക്ക് അവരുടെ വീടുകളിൽ റേഷൻ വിതരണം ചെയ്യാനുള്ള കെജ്‌രിവാൾ സർക്കാറിന്‍റെ സ്വപ്ന പദ്ധതി ഇതോടെ അനിശ്ചിതത്വത്തിലായി.
പദ്ധതി അൽപദിവസത്തിനുള്ളിൽ ആരംഭിക്കാനുള്ള എല്ലാ തയ്യാറെടുപ്പും പൂർത്തിയായതായി സർക്കാർ വൃത്തങ്ങൾ അറിയിച്ചിരുന്നു. കോവിഡ് സാഹചര്യത്തിൽ ജനങ്ങൾക്ക് ഏറെ സൗകര്യപ്രദമാണ് ഈ സേവനം. കേന്ദ്രം ഉടക്കുവെച്ച പശ്ചാത്തലത്തിൽ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ നാളെ രാവിലെ 11 ന് വാർത്താസമ്മേളനം വിളിച്ചിട്ടുണ്ട്.
പദ്ധതി നടപ്പാക്കുന്നതിന് മുമ്പ് അനുമതി തേടിയിട്ടില്ലെന്ന് ആരോപിച്ചാണ് പദ്ധതി നിർത്തിവെക്കാൻ കേന്ദ്രസർക്കാർ ഉത്തരവിട്ടത്. പദ്ധതി നടപ്പാക്കാനുള്ള ഫയൽ കോടതിയിൽ കേസ് നിലനിൽക്കുന്നത് ചൂണ്ടിക്കാട്ടി ലെഫ്റ്റനന്‍റ് ഗവർണർ മടക്കിയതായും മുഖ്യമന്ത്രിയുടെ ഓഫിസ് പ്രസ്താവനയിൽ പറഞ്ഞു.
പദ്ധതി ആരംഭിക്കുന്നതിന് നിലവിൽ അനുമതി ആവശ്യമില്ലെന്ന് ഡൽഹി ഭക്ഷ്യമന്ത്രി ഇമ്രാൻ ഹുസൈൻ പറഞ്ഞു. . 'കോടതി ഇത് സ്റ്റേ ചെയ്തിട്ടില്ല. വിപ്ലവകരമായ സേവനം നടപ്പാക്കുന്നത് തടയാനുള്ള കേന്ദ്രത്തിന്‍റെ തീരുമാനം രാഷ്ട്രീയ പ്രേരിതമാണെന്ന് വ്യക്തമാണ്' -അദ്ദേഹം പറഞ്ഞു.
ദേശീയ ഭക്ഷ്യസുരക്ഷാ നിയമപ്രകാരം (എൻഎഫ്‌എസ്‌എ) അനുവദിച്ച സബ്‌സിഡി ഭക്ഷ്യധാന്യം പദ്ധതിക്കായി ഉപയോഗിക്കരുതെന്ന് ചൂണ്ടിക്കാട്ടി ഡൽഹി സർക്കാരിനോട് പദ്ധതി നടപ്പാക്കരുതെന്ന് കേന്ദ്രം മാർച്ചിൽ തന്നെ ആവശ്യപ്പെട്ടിരുന്നു. എൻഎഫ്‌എസ്‌എ എന്ന പേരിലല്ലാതെ മറ്റ് പദ്ധതികളുടെ കീഴിൽ വിതരണം ചെയ്യാൻ ഒരുസംസ്ഥാനവും ഈ ധാന്യം ഉപയോഗിക്കരുതെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി. ഈ പശ്ചാത്തലത്തിലാണ് കഴിഞ്ഞ മാർച്ച് 25 ന് ആരംഭിക്കാനിരുന്ന പദ്ധതി നീട്ടിവെച്ചത്.
കേന്ദ്രത്തിന്‍റ എതിർപ്പിനെത്തുടർന്ന് കെജ്‌രിവാൾ സർക്കാർ പദ്ധതിയുടെ 'മുഖ്യമന്ത്രി ഘർ ഘർ റേഷൻ യോജന' എന്ന പേര് ഉപേക്ഷിച്ചു. പകരം, 2013ലെ എൻഎഫ്‌എസ് നിയമത്തിന്‍റെ കീഴിൽ റേഷൻ വാതിൽപ്പടി വിതരണം നടപ്പാക്കാൻ തീരുമാനിക്കുകയും ചെയ്തു. എന്നാൽ, ഇതിനുള്ള അംഗീകാരവും കേന്ദ്രം നിരസിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.