ചണ്ഡീഗഢ് മേയർ തെരഞ്ഞെടുപ്പ്: വരണാധികാരിയെ പ്രോസിക്യൂട്ട് ചെയ്യേണ്ടിവരുമെന്ന് സുപ്രീംകോടതി; ബാലറ്റ് പേപ്പറും വിഡിയോകളും ഹാജരാക്കണം

ന്യൂഡൽഹി: ഭൂരിപക്ഷമില്ലാത്ത ബി.ജെ.പിക്ക് ജയിപ്പിക്കാൻ അട്ടിമറിനീക്കം നടത്തിയ ചണ്ഡീഗഡ് മേയർ തെരഞ്ഞെടുപ്പിലെ വരണാധികാരിയെ പ്രോസിക്യൂട്ട് ചെയ്യേണ്ടി വരുമെന്ന് സുപ്രീംകോടതി. വരണാധികാരി കൃത്രിമം കാണിച്ചുവെന്ന് ആരോപിക്കപ്പെട്ട ബാലറ്റ് പേപ്പറുകളും അതിന്റെ വിഡിയോ ദൃശ്യങ്ങളും ഹാജരാക്കണമെന്നും സുപ്രീം കോടതി ആവശ്യ​​പ്പെട്ടു.

ക്രമക്കേട് നടന്ന മേയർ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് എ.എ.പി സമർപ്പിച്ച ഹരജിയിലാണ് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന്റെ നിർദേശം. രാഷ്ട്രീയ ബന്ധമില്ലാത്ത പുതിയ റിട്ടേണിംഗ് ഓഫിസറെ നിയമിക്കണ​മെന്നും ഡെപ്യൂട്ടി കമ്മീഷണർക്ക് കോടതി നിർദേശം നൽകി.

ജനുവരി 30ന് നടന്ന ചണ്ഡീഗഢ് മേയർ തെരഞ്ഞെടുപ്പിലാണ് വിവാദരംഗങ്ങൾ അരങ്ങേറിയത്. റിട്ടേണിങ് ഓഫിസർ അനിൽ മസീഹ് ബാലറ്റ് പേപ്പറുകളിൽ കുത്തിവരക്കുന്നത് കാമറയിൽ പതിയുകയായിരുന്നു. തുടർന്ന് എ.എ.പി സു​പ്രീംകോടതിയെ സമീപിച്ചു. ദൃശ്യങ്ങൾ പരിശോധിച്ച കോടതി, ‘വരണാധികാരി ജനാധിപത്യത്തെ കൊലപ്പെടുത്തുകയും പരിഹസിക്കുകയും’ ചെയ്തതായി നേരത്തെ അഭിപ്രായ​പ്പെട്ടിരുന്നു. തുടർന്ന് കേസ് ഇന്നത്തേക്ക് വാദം കേൾക്കാൻ മാറ്റിവെച്ചതായിരുന്നു.

അസാധുവായ ബാലറ്റ് പേപ്പറുകൾ ഇടകലരുന്നത് തടയാനാണ് താൻ അവയിൽ അടയാള​മിട്ടതെന്ന് അനിൽ മസീഹ് കോടതിയിൽ ന്യായീകരിച്ചു. എന്നാൽ, ഇതിനെ ശക്തമായി അപലപിച്ച ബെഞ്ച് ജനാധിപത്യത്തിൽ ഇത്തരം നടപടികൾ അനുവദനീയമല്ലെന്നും പ്രോസിക്യൂട്ട് ചെയ്യണമെന്നും വ്യക്തമാക്കി. ഇങ്ങനെ അടയാളപ്പെടുത്താൻ ആരാണ് താങ്കൾക്ക് അനുവാദം തന്നതെന്നും കോടതി ചോദിച്ചു.

ബാലറ്റിൽ കൃത്രിമം കാണിക്കുന്നതിനിടെ സി.സി.ടി.വി കാമറയിുലക്ക് തുറിച്ചുനോക്കിയതിനെക്കുറിച്ചും കോടതി അനിലിനോട് ചോദിച്ചു. നിരവധി കാമറകൾ അവിടെയുണ്ടായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

വീണ്ടും അട്ടിമറി, ചാക്കിട്ടുപിടുത്തം

പുതുതായി തെരഞ്ഞെടുക്കപ്പെട്ട ചണ്ഡീഗഡ് മേയർ മനോജ് സോങ്കർ ഇന്നലെ രാത്രി നാടകീയ നീക്കങ്ങൾക്കൊടുവിൽ സ്ഥാനം രാജിവച്ചു. മുനിസിപ്പൽ കമ്മീഷണർക്ക് രാജിക്കത്ത് സമർപ്പിക്കുകയായിരുന്നു. ഭരണം തിരിച്ചുപിടിക്കാനുള്ള കുതിരക്കച്ചവടം നടത്തിയാണ് ഇയാൾ രാജിവെച്ചത്. മൂന്ന് എ.എ.പി കൗൺസിലർമാരെ ബി.ജെ.പി ചാക്കിട്ടുപിടിക്കുകയായിരുന്നു. ഇവർ ഇന്നലെ ബി.ജെ.പിയിൽ ചേർന്നു. ഇതോടെ ബി.ജെ.പിയുടെ അംഗബലം 17 ആകും. ശിരോമണി അകാലിദളിന്റെയും എം.പിയുടെയും വോട്ട് കൂടി ചേരുന്നതോടെ അധികാരം പിടിക്കാനുമാകും.

മേയർ തെരഞ്ഞെടുപ്പിൽ വ്യാപക ക്രമക്കേട് നടന്നതായി സുപ്രീംകോടതി നിരീക്ഷിച്ചിരുന്നു. ബാലറ്റ് പേപ്പറിൽ ക്രമക്കേട് നടത്തിയ പ്രിസൈഡിങ് ഓഫിസർക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട കോടതി ജനാധിപത്യത്തെ കശാപ്പ് ചെയ്യാൻ അനുവദിക്കില്ലെന്നും മുന്നറിയിപ്പ് നൽകിയിരുന്നു. തെരഞ്ഞെടുപ്പിന്‍റെ വിശുദ്ധിയെ കളങ്കപ്പെടുത്തരുതെന്ന് പറഞ്ഞ സുപ്രീംകോടതി, തെരഞ്ഞെടുപ്പിന്‍റെ എല്ലാ രേഖകളും കൈമാറണമെന്നും നിർദേശിച്ചിരുന്നു.

ചണ്ഡിഗഢിൽ വീണ്ടും മേയർ തെരഞ്ഞെടുപ്പ് നടത്തണമെന്ന ആവശ്യവുമായി ആം ആദ്മി കൗൺസിലർ കുൽദീപ് കുമാർ പഞ്ചാബ്-ഹരിയാന ഹൈകോടതിയെ സമീപിച്ചിരുന്നു. ഇടക്കാല ഉത്തരവിന് വിസമ്മതിച്ച ഹൈകോടതി വിധിക്കെതി​രെ സുപ്രീംകോടതിയിൽ ഹരജി നൽകുകയായിരുന്നു. കോൺഗ്രസ്-എ.എ.പി സഖ്യത്തിന് വ്യക്തമായ ഭൂരിപക്ഷമുണ്ടായിട്ടും പ്രിസൈഡിങ് ഓഫിസർ ബാലറ്റ് പേപ്പറിൽ കൃത്രിമം കാണിച്ചെന്ന് ഹരജിയിൽ ചൂണ്ടിക്കാട്ടി.

അംഗബലമനുസരിച്ച് ‘ഇൻഡ്യ’ സഖ്യം അനായാസം ജയിക്കാനിരിക്കെ, ഇവരുടെ എട്ട് വോട്ട് പ്രിസൈഡിങ് ഓഫിസർ അനിൽ മസീഹ് ‘അസാധു’വായി പ്രഖ്യാപിച്ചതോടെയാണ് ചണ്ഡിഗഢ് മേയർ തെരഞ്ഞെടുപ്പിൽ ബി​.ജെ.പി ജയിച്ചത്. 35 അംഗ കോർപറേഷനിൽ ബി.ജെ.പിക്ക് 14ഉം എ.എ.പിക്ക് 13ഉം കോൺഗ്രസിന് ഏഴും ശിരോമണ അകാലിദളിന് ഒന്നും കൗൺസിലർമാരാണ് ഉണ്ടായിരുന്നത്. കോൺഗ്രസുമായി സഖ്യമായാണ് എ.എ.പി മത്സരിച്ചത്.

എന്നാൽ, എ.എ.പിയുടെ കുൽദീപ് കുമാറിനെ തോൽപിച്ച് ബി.ജെ.പിയുടെ മനോജ് സോങ്കർ മേയറായി തെരഞ്ഞെടുക്കപ്പെടുകയായിരുന്നു. മനോജ് സോങ്കറിന് എം.പിയുടെയും ശിരോമണി അകാലിദളിന്റെയും അടക്കം 16 വോട്ട് ലഭിച്ചപ്പോൾ കുൽദീപ് കുമാറിന് ലഭിച്ചത് 12 ആണ്. വോട്ടെണ്ണുമ്പോൾ പ്രിസൈഡിങ് ഓഫിസർ ചില അടയാളങ്ങളിട്ട് ​കൃത്രിമം നടത്തിയെന്നാണ് വിഡിയോ പങ്കുവെച്ച് എ.എ.പി ആരോപിച്ചത്. തുടർന്ന് ഹൈകോടതിയെ സമീപിച്ചെങ്കിലും തെര​ഞ്ഞെടുപ്പിന്റെ കാര്യത്തിൽ ഉടനടിയുള്ള ഉത്തരവ് പുറപ്പെടുവിച്ചിരുന്നില്ല. ഇതോടെ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു.

Tags:    
News Summary - Chandigarh mayor polls: SC says returning officer to be prosecuted for interfering in election process

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.