മുസ്‍ലിംകളുടെ താൽപര്യം ഹനിക്കുന്ന ഒരു ബില്ലും കൊണ്ടുവരാൻ ചന്ദ്രബാബു നായിഡു സമ്മതിക്കില്ലെന്ന് ടി.ഡി.പി നേതാവ്

ഹൈദരാബാദ്: മുസ്‍ലിംകളുടെ താൽപര്യം ഹനിക്കുന്ന ഒരു ബില്ലും കൊണ്ടുവരാൻ ചന്ദ്രബാബു നായിഡു സമ്മതിക്കില്ലെന്ന് ടി.ഡി.പി നേതാവ് നവാബ് ജാൻ. വഖഫ് ഭേദഗതി ബില്ലടക്കം മുസ്‍ലിംകളുടെ താൽപര്യത്തിന് വിരുദ്ധമാണെന്ന വിമർശനങ്ങൾ ശക്തമാകുന്നതിനിടെയാണ് ടി.ഡി.പി നേതാവിന്റെ പരാമർശം. ജമാത്-ഉലമ-ഇ-ഹിന്ദ് സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുമ്പോഴാണ് അദ്ദേഹത്തിന്റെ പരാമർശം. വഖഫ് ബിൽ അവതരിപ്പിക്കുന്നത് തടയാൻ എല്ലാവരും ഒന്നിച്ച് നിൽക്കണമെന്നും അദ്ദേഹം പറഞ്ഞു.

ചന്ദ്രബാബു നായിഡുവിന് രണ്ട് കണ്ണുകളുണ്ട്. അതിൽ ഒന്ന് ഹിന്ദുക്കൾക്ക് വേണ്ടിയും മറ്റൊന്ന് മുസ്‍ലിംകൾക്ക് വേണ്ടിയുമാണ്. ഏതെങ്കിലുമൊരു കണ്ണിന് പ്രശ്നമുണ്ടായാൽ അത് മൊത്തം ശരീരത്തെ ബാധിക്കും. വികസനത്തിന്റെ പാതയിലൂടെയാണ് ചന്ദ്രബാബു നായിഡു സർക്കാർ മുന്നോട്ട് പോകുന്നതെന്നും അദ്ദേഹം പറഞ്ഞു.

മതേതര മനസ്സുള്ളയാളാണ് ചന്ദ്രബാബു നായിഡു. ഒരിക്കലും മുസ്‍ലിംകളെ ബാധിക്കുന്ന ബില്ലുകൾ അവതരിപ്പിക്കാൻ അദ്ദേഹം സമ്മതിക്കില്ല. നായിഡുവാണ് വഖഫ് നിയമഭേദഗതി ബിൽ ജെ.പി.സിക്ക് വിടാനായി പ്രവർത്തിച്ചതെന്നും അദ്ദേഹം പറഞ്ഞു. എല്ലാം ഞങ്ങൾ സഹിക്കും. എന്നാൽ, രാജ്യത്തിന്റെ ഐക്യംതകർക്കുന്ന നടപടികൾ വെച്ചുപൊറുപ്പിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ബി.ജെ.പിക്ക് നിലവിൽ ലോക്സഭയിൽ കേവലഭൂരിപക്ഷമില്ല. ടി.ഡി.പിയുടേയും ജെ.ഡി.യുവിന്റേയും പിന്തുണയോടെയാണ് ബി.ജെ.പി ഭരണം നടത്തുന്നത്. ഇതിനിടെയാണ് വിവാദ വ്യവസ്ഥകളുമായി വഖഫ് നിയമഭേദഗതി ബിൽ ബി.ജെ.പി കൊണ്ടു വന്നത്. എന്നാൽ, എതിർപ്പുയർന്നതോടെ ഇത് പാർലമെന്റിന്റെ സംയുക്തസമിതിക്ക് വിടുകയായിരുന്നു.

Tags:    
News Summary - ‘Chandrababu Naidu will not allow any bill that harms Muslims

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.