ന്യൂഡൽഹി: വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി പാർട്ടി അടിത്തറ ശക്തമാക്കുന്നതിന് ഹരിയാന കോൺഗ്രസ് അഴിച്ചുപണിക്കൊരുങ്ങുന്നു. സംസ്ഥാനത്തെ പാർട്ടി അധ്യക്ഷയെ മാറ്റാൻ നേതൃത്വം തീരുമാനിച്ചതായി പാർട്ടി വൃത്തങ്ങൾ അറിയിച്ചു.
ഹരിയാനയിലെ കോൺഗ്രസ് നേതാക്കൾ അടുത്തിടെ രാഹുൽ ഗാന്ധിയുമായി നിലവിലെ രാഷ്ട്രീയ സാഹചര്യം ചർച്ച ചെയ്തിരുന്നു. വെല്ലുവിളികൾ ഒറ്റക്കെട്ടായി നേരിടണമെന്ന് ഹൈക്കമാൻഡ് സംസ്ഥാന നേതാക്കളോട് നിർദേശിച്ചു. പഞ്ചാബിലെ തോൽവി കണക്കിലെടുത്ത് ഹരിയാനയിലെ നേതൃത്വത്തിലെ പ്രശ്നങ്ങളെല്ലാം പരിഹരിക്കാനുള്ള ശ്രമത്തിലാണ് ഹൈക്കമാൻഡ്.
സംസ്ഥാനത്ത് പാർട്ടിക്കകത്തെ പ്രശ്നങ്ങൾ കാരണം കഴിഞ്ഞ തവണയും കോൺഗ്രസ് പാർട്ടിക്ക് സർക്കാർ രൂപീകരിക്കാൻ സാധിച്ചിരുന്നില്ല. ഇത്തവണ ആം ആദ്മി പാർട്ടിയും ശക്തമായ എതിരാളികളായി രംഗത്തുള്ളതിനാൽ കോൺഗ്രസിന് പ്രശ്നങ്ങൾ പരിഹരിക്കേണ്ടത് അത്യാവശ്യമാണ്.
രാഹുൽ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയിൽ നേതാക്കൾ അഭിപ്രായങ്ങൾ പങ്കുവെച്ചിരുന്നു. നിലവിലെ സംസ്ഥാന അധ്യക്ഷ കുമാരി സെൽജ പാർട്ടി ആഗ്രഹിക്കുന്നുവെങ്കിൽ സ്ഥാനം ഒഴിയാൻ തയാറാണെന്ന് അറിയിച്ചു. പുതിയ സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് ഭൂപീന്ദർ സിങ് ഹൂഡയെ ആണ് പാർട്ടി പരിഗണിക്കുന്നത്. രൺദീപ് സിങ് സുർജേവാലയെയോ കുമാരി സെൽജയെയോ രാജ്യസഭയിലേക്ക് പരിഗണിക്കാനാണ് സാധ്യത.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.