ന്യൂഡൽഹി: ബി.ജെ.പിയുടെ പാർലമെന്‍റ് അംഗങ്ങൾക്ക് മുന്നറിയിപ്പുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. പാർലമെന്‍റ് സമ്മേളനത്തിൽ തുടർച്ചയായി പങ്കെടുക്കാതിരിക്കുന്ന ബി.ജെ.പി എം.പിമാർക്ക് മുന്നറിയിപ്പുമായാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്തെത്തിയത്. 'സ്വയം മാറൂ, അല്ലെങ്കിൽ മാറ്റങ്ങളുണ്ടാകും–മോദി പറഞ്ഞു. ബി.ജെ.പി പാർലമെന്‍ററി പാർട്ടി യോഗത്തിലാണ് മോദി എം.പിമാരെ വിമർശിച്ചത്. 'ദയവായി കൃത്യമായി പാർലമെന്‍റ് സമ്മേളനത്തിൽ പങ്കെടുക്കൂ. ഇതുമായി ബന്ധപ്പെട്ട് തുടർച്ചയായി സമ്മർദം ചെലുത്തുന്നത് നല്ലതല്ല. കുട്ടികളെപ്പോലെ പരിഗണിക്കാനാകില്ല. നിങ്ങൾ മാറാൻ തയാറായില്ലെങ്കിൽ അതുമൂലം പല മാറ്റങ്ങളും സംഭവിക്കും'– മോദി പറഞ്ഞു. ബി.ജെ.പി സർക്കാരിനെതിരെ പാർലമെന്‍റിൽ പ്രതിപക്ഷ പ്രതിഷേധം ശക്തമാണ്. നാഗാലാൻഡിൽ സൈന്യം നടത്തിയ വെടിവയ്പ്പിൽ ഗ്രാമീണർ കൊല്ലപ്പെട്ടതുൾപ്പെടെ നിരവധി വിഷയങ്ങളിൽ സർക്കാർ പ്രതിരോധത്തിലായി. 12 പ്രതിപക്ഷ എം.പിമാരെ സസ്പെൻഡ് െചയ്തതിലും പ്രതിഷേധം രൂക്ഷമാണ്. ഡിസംബർ 23 വരെയാണ് പാർലമെന്‍റ് ശീതകാല സമ്മേളനം. എന്നാൽ ഇരു സഭകളും പ്രതിപക്ഷ പ്രതിഷേധം മൂലം മൂന്നോട്ടുപോകാൻ സാധിക്കാത്ത അവസ്ഥയാണ്. ആഭ്യന്തര മന്ത്രി അമിത് ഷാ, വ്യവസായ മന്ത്രി പീയുഷ് ഗോയൽ, വിദേശകാര്യ മന്ത്രി എസ്.ജയ്ശങ്കർ, ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി.നഡ്ഡ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.