ന്യൂഡൽഹി: ഏതെങ്കിലും ഒരു വ്യക്തിക്ക് സർക്കാർ തലത്തിൽ സ്ഥാനമാനങ്ങൾ നൽകുന്നതിന് മുമ്പ് പ്രത്യയശാസ്ത്ര പശ്ചാത്തലം പരിശോധിക്കണമെന്ന് ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങൾക്ക് കേന്ദ്രനേതൃത്വത്തിന്‍റെ നിർദേശം. നിർദേശങ്ങൾ എഴുതി നൽകാതെ വാക്കാൽ നൽകുകയായിരുന്നു.
സർക്കാർ സ്ഥാനമാനങ്ങൾ നൽകുന്നതിന് മുമ്പ് അവരുടെ രാഷ്ട്രീയ അഭിപ്രായങ്ങളും സർക്കാറുമായി ബന്ധപ്പെട്ട നടപടികളും അഭിപ്രായങ്ങളും പരിശോധിക്കണം. അവരുടെ സമൂഹമാധ്യമ അക്കൗണ്ടുകളിൽ രാഷ്ട്രീയ അഭിപ്രായവുമായി ബന്ധപ്പെട്ട് ശരിയായ പരിശോധന നടത്തണം. പ്രത്യേകിച്ച് പ്രത്യയ ശാസ്ത്രപരമായും കേന്ദ്രം ഭരിക്കുന്ന നരേന്ദ്രമോദി സർക്കാർ, ബി.ജെ.പി, ആർ.എസ്.എസ്, പ്രതിപക്ഷ പാർട്ടികൾ എന്നിവയോടുള്ള നിലപാടുകളും പരിശോധിക്കണമെന്നാണ് നിർദേശം.
മധ്യപ്രദേശിൽ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ കമ്യൂണിക്കേഷൻ അഡ്വൈസർ/ഓഫിസർ പദവിയിൽ നിയമിച്ച തുഷാർ പഞ്ചലുമായി ബന്ധപ്പെട്ട് വിവാദം ഉയർന്ന പശ്ചാത്തലത്തിലാണ് തീരുമാനം.
തുഷാറിനെ പദവിയിൽ നിയമിച്ച് ഉത്തരവിറങ്ങിയതിന് പിന്നാലെ അദ്ദേഹം മധ്യപ്രദേശ് മുഖ്യമന്ത്രിയുമായി ചേർന്ന് പ്രവർത്തിക്കില്ലെന്നും അതിനാൽ പദവി സ്വീകരിക്കില്ലെന്നും വ്യക്തമാക്കി ട്വിറ്ററിൽ കുറിക്കുകയായിരുന്നു. ഇത് ബി.ജെ.പി സർക്കാറിന് തിരിച്ചടിയായിരുന്നു.
എന്നാൽ, സംസ്ഥാന സർക്കാർ വാഗ്ദാനം ചെയ്ത സ്ഥാനം കേന്ദ്ര നേതൃത്വത്തിന്‍റെ ഇടപെടലിനെ തുടർന്ന് പിൻവലിക്കുകയായിരുന്നുവെന്നായിരുന്നു മുതിർന്ന ബി.ജെ.പി നേതാവിന്‍റെ പ്രതികരണം. 'സംസ്ഥാന സർക്കാറിന്‍റെ ഉന്നത പദവിയിൽ ഒരു വ്യക്തിക്ക് സ്ഥാനം വാഗ്ദാനം ചെയ്തു. അദ്ദേഹത്തിന്‍റെ മുൻ സമൂഹമാധ്യമ പോസ്റ്റുകളിൽ സർക്കാറിനെതിരെ വിമർശനം ഉയർത്തിയിരുന്നു. അതിൽ വിമർശനം ഉയർന്നതിനാൽ അദ്ദേഹം സ്ഥാനം നിരസിച്ചു. എന്നാൽ, അദ്ദേഹം സ്ഥാനം നിരസിച്ചത് കേന്ദ്ര നേതൃത്വം ഇടപ്പെട്ടതിന് ശേഷമായിരുന്നു' -മുതിർന്ന ബി.ജെ.പി നേതാവ് പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ബി.ജെ.പിയെയും ആർ.എസ്.എസിനെയും വിമർശിക്കുന്നവരെ എങ്ങനെ സർക്കാരിന്‍റെ ഭാഗമാക്കുമെന്ന് കേന്ദ്രനേതൃത്വം ചോദിച്ചതായും മധ്യപ്രദേശ് ബി.ജെ.പി നേതാവ് കൂട്ടിച്ചേർത്തു. കൂടുതൽ നാണക്കേട് ഒഴിവാക്കാൻ തിരുത്തൽ നടപടി സ്വീകരിക്കാൻ നേതൃത്വം നിർദേശം നൽകിയതായും അദ്ദേഹം പറഞ്ഞു.
സംഭവങ്ങളുെട പശ്ചാത്തലത്തിലാണ് ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങൾക്ക് കേന്ദ്ര ബി.ജെ.പി നേതൃത്വത്തിന്‍റെ വാക്കാലുള്ള നിർദേശം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.