പിൻഗാമിയെ നിർദേശിച്ച് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഢ്

ന്യൂഡൽഹി: സുപ്രീംകോടതി ചീഫ് ജസ്റ്റിസ് പദവിയിലേക്കുള്ള തന്റെ പിൻഗാമിയെ നിർദേശിച്ച് ഡി.വൈ ചന്ദ്രചൂഢ്. സുപ്രീംകോടതിയിലെ ഏറ്റവും മുതിർന്ന ജഡ്ജിയായ സഞ്ജീവ് ഖന്നയെയാണ് ചന്ദ്രചൂഢ് പിൻഗാമിയായി നിർദേശിച്ചിരിക്കുന്നത്. ശിപാർശ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് കേന്ദ്ര നിയമമന്ത്രാലയത്തിന് കൈമാറി.

കേന്ദ്രസർക്കാർ കഴിഞ്ഞ വെള്ളിയാഴ്ച ഡി.വൈ ചന്ദ്രചൂഢിന് കത്തെഴുതി പിൻഗാമിയെ നിർദേശിക്കാൻ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ചീഫ് ജസ്റ്റിസിന്റെ നടപടി. നവംബർ എട്ടിനാണ് സുപ്രീംകോടതി ചീഫ് ജസ്റ്റിസായുള്ള ഡി.വൈ ചന്ദ്രചൂഢിന്റെ കാലാവധി പൂർത്തിയാകുന്നത്. ചന്ദ്രചൂഢിന്റെ നിർദേശം അംഗീകരിക്കപ്പെട്ടാൽ രാജ്യത്തിന്റെ 51ാം ചീഫ് ജസ്റ്റിസായി സഞ്ജീവ് ഖന്ന ചുമതലയേൽക്കും.ആറ് മാസമായിരിക്കും സഞ്ജീവ് ഖന്നയുടെ കാലാവധി. 2025 മെയ് 13ന് അദ്ദേഹം ചീഫ് ജസ്റ്റിസ് സ്ഥാനത്ത് നിന്ന് പടിയിറങ്ങും.

ഇന്ത്യൻ ജുഡീഷ്യറിയുടെ ചരിത്രത്തിൽ ഒരു പ്രമുഖ വ്യക്തിയാണ് സഞ്ജീവ് ഖന്ന.1983ൽ ഡൽഹി ബാർ കൗൺസിലിൽ എൻറോൾ ചെയ്താണ് സഞ്ജീവ് ഖന്ന അഭിഭാഷക ജീവിതം തുടങ്ങുന്നത്. തീസ് ഹസാരി കോടതിയിൽ അഭിഭാഷക ജീവിതം തുടങ്ങിയ അദ്ദേഹം വൈകാതെ ഡൽഹി ഹൈകോടതിയിലേക്കും വിവിധ ട്രിബ്യൂണലുകളി​ലേക്കും എത്തി.

2005ൽ ഡൽഹി ഹൈകോടതിയിൽ അദ്ദേഹം അഡീഷണൽ ജഡ്ജിയായി നിയമിതനായി. ആ വർഷം തന്നെ സഞ്ജീവ് ഖന്നക്ക് സ്ഥിര ജഡ്ജിയായി നിയമനം ലഭിച്ചു. ജഡ്ജിയെന്ന നിലയിൽ പല സ്ഥാനങ്ങളുടേയും അധ്യക്ഷപദവി അദ്ദേഹം അലങ്കരിച്ചിട്ടുണ്ട്. ഡൽഹി ജുഡീഷ്യൽ അക്കാദമി, ഡൽഹി ആർബി​ട്രേഷൻ സെന്റർ എന്നിവ ഇവയിൽ ചിലത് മാത്രമാണ്. 2019 ജനുവരി 18നാണ് സഞ്ജീവ് ഖന്ന സുപ്രീംകോടതിയിലേക്ക് എത്തുന്നത്.

Tags:    
News Summary - Chief Justice DY Chandrachud proposes Successor

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.