മുംബൈ: ശിവസേന, എൻ.സി.പി പിളർപ്പോടെ മഹാരാഷ്ട്രയിലെ രാഷ്ട്രീയ വഴിത്തിരിവുകൾ അവസാനിക്കുന്നില്ലെന്ന് സൂചന. താമസിയാതെ മറ്റൊരു രാഷ്ട്രീയനാടകത്തിനുകൂടി മഹാരാഷ്ട്ര വേദിയാകുമെന്നാണ് പ്രവചനം. ഏക്നാഥ് ഷിൻഡെ അടക്കം 16 ശിവസേന വിമതർ അയോഗ്യരാക്കപ്പെട്ടേക്കുമെന്നാണ് സൂചനകളിലൊന്ന്.
16 ശിവസേന വിമതരെ അയോഗ്യരാക്കണമെന്ന ഔദ്യോഗിക പക്ഷത്തിന്റെ ഹരജിയിൽ തീർപ്പാക്കാൻ മഹാരാഷ്ട്ര സ്പീക്കർ രാഹുൽ നർവേക്കർക്ക് സുപ്രീംകോടതി രണ്ടുമാസം മുമ്പ് നിർദേശം നൽകിയിരുന്നു.
എൻ.സി.പിയിലെ പിളർപ്പിന് പിന്നാലെ ഹരജികളിൽ വേഗത്തിൽ വിധിപറയാൻ സ്പീക്കർക്ക് നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ട് ഉദ്ധവ് പക്ഷം വീണ്ടും സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്. സുപ്രീംകോടതി വിമർശനത്തിന് ഇടംനൽകാതെ സ്പീക്കർ ഉടൻ അയോഗ്യത ഹരജികളിൽ തീർപ്പുകല്പിക്കുമെന്നാണ് സൂചന. ഷിൻഡെ അടക്കം 16 പേരെ അയോഗ്യരാക്കാനാണ് സാധ്യത. അയോഗ്യത ഹരജി തീർപ്പാക്കേണ്ടത് സ്പീക്കറാണെന്ന് പറഞ്ഞ് പന്ത് സ്പീക്കറുടെ കോർട്ടിലിട്ടെങ്കിലും സുപ്രീംകോടതി നടത്തിയ പരാമർശങ്ങൾ ഷിൻഡെ പക്ഷത്തിന് എതിരാണ്. അതിനാൽ അതിസൂക്ഷ്മതയോടെയെ സ്പീക്കർക്ക് ഹരജി കൈകാര്യംചെയ്യാൻ കഴിയുകയുള്ളൂവെന്ന് നിയമവിദഗ്ധർ പറയുന്നു.
കഴിഞ്ഞ ദിവസം രാഷ്ട്രപതി ദ്രൗപദി മുർമുവിനെ സ്വീകരിക്കാൻ നാഗ്പുരിലേക്ക് പോകുകയായിരുന്ന മുഖ്യമന്ത്രി ഷിൻഡെയെ തിരിച്ചുവിളിച്ചിരുന്നു. ഉപമുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ ദേവേന്ദ്ര ഫഡ്നാവിസ് മാത്രമാണ് രാഷ്ട്രപതിയെ സ്വീകരിക്കാൻ ചെന്നത്.
ഇതിനിടയിൽ മാതൃ സംഘടനയിലേക്ക് മടങ്ങിപ്പോകാനായി ഷിൻഡെപക്ഷ വിമത എം.എൽ.എമാർ ഔദ്യോഗിക പക്ഷവുമായി ബന്ധപ്പെടുന്നതായും റിപ്പോർട്ടുകളുണ്ട്. ‘അഭ്യൂഹങ്ങൾ’ ഷിൻഡെയും ബി.ജെ.പിയും നിഷേധിച്ചെങ്കിലും ഷിൻഡെ പക്ഷം അസ്വസ്ഥരാണ്. ഷിൻഡെയെ അയോഗ്യനാക്കും മുമ്പ് രാജിവെക്കാനുള്ള സാധ്യതയും പ്രവചിക്കപ്പെടുന്നുണ്ട്. ഷിൻഡെ വീണാൽ എൻ.സി.പി വിമതൻ അജിത് പവാർ മുഖ്യമന്ത്രിയാകും. എന്നാൽ, എൻ.സി.പിയെ പിളർത്താനുള്ള മൂന്നിൽ രണ്ട് ഭൂരിപക്ഷം (36-എം.എൽ.എമാർ) ഇനിയും അജിത് പവാറിനായിട്ടല്ല. 53ൽ 29 എം.എൽ.എമാരെ ഇതുവരെ അജിതിനൊപ്പമുള്ളു. 16 പേർ ഔദ്യോഗികപക്ഷത്താണ്. ശേഷിച്ച എട്ട് പേരുടെ നിലപാട് നിർണായകമാണ്. അതേസമയം, കോൺഗ്രസിലും പിളർപ്പ് പ്രവചിക്കപ്പെടുന്നു. ഷിൻഡെയുടെ വിശ്വാസ വോട്ടെടുപ്പിൽനിന്ന് വിട്ടുനിന്ന അശോക് ചവാനടക്കം 11 കോൺഗ്രസ് എം.എൽ.എമാരുൾപെടെ കൂറുമാറുമെന്നാണ് അഭ്യൂഹം. ആദർശ് കുംഭകോണ കേസിൽ അന്വേഷണം നേരിടുന്ന ആളാണ് അശോക് ചവാൻ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.