ഗുവാഹതി: അസമിൽ ശൈശവ വിവാഹം ആരോപിച്ച് മൂവായിരത്തിലധികം പേരെ അറസ്റ്റ് ചെയ്ത് താൽക്കാലിക ജയിലുകളിൽ അടച്ച സംഭവത്തിൽ സർക്കാറിനും പൊലീസിനുമെതിരെ ചോദ്യങ്ങളുമായി ഗുവാഹതി ഹൈകോടതി.
നിങ്ങൾക്ക് ഏത് കേസിലും പോക്സോ ഉൾപ്പെടുത്താമെന്നാണോ കരുതുന്നതെന്ന് ജസ്റ്റിസ് സുമൻ ശ്യാം ചോദിച്ചു. പോക്സോ കുറ്റം ചുമത്തപ്പെട്ട ഒമ്പത് പേർക്ക് അറസ്റ്റിൽ നിന്ന് സംരക്ഷണം നൽകി ഉത്തരവിട്ടു. ഇത്തരം കേസുകളിൽ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ട ആവശ്യമില്ലെന്നും കോടതി വ്യക്തമാക്കി. ‘നിങ്ങൾ പോക്സോ ചുമത്തിയാൽ ജഡ്ജിമാർ മറ്റൊന്നും കാണില്ലെന്നാണോ കരുതുന്നത്. ഞങ്ങൾ ആരെയും വെറുതെ വിടുന്നില്ല. അന്വേഷണത്തിൽ നിന്ന് നിങ്ങളെ ആരും തടയില്ല’ കോടതി വ്യക്തമാക്കി. ബലാത്സംഗം ചെയ്യപ്പെട്ടതായി എന്തെങ്കിലും ആരോപണം ഉണ്ടോയെന്നും ജസ്റ്റിസ് സുമൻ ശ്യാം ചോദിച്ചു.
ശൈശവ വിവാഹം സംബന്ധിച്ച മറ്റൊരു കേസ് പരിഗണിക്കുന്നതിനിടെ പൊലീസ് ആരോപണങ്ങൾ വിചിത്രമാണെന്നും കോടതി പറഞ്ഞു.
കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ട ആവശ്യം പോലുമില്ലാത്ത കേസുകളാണിത്. ആരെയെങ്കിലും കുറ്റക്കാരാണെന്ന് കണ്ടെത്തിയാൽ കുറ്റപത്രം സമർപ്പിക്കുകയാണ് വേണ്ടതെന്നും കോടതി പൊലീസിനെ ഓർമിപ്പിച്ചു.
ആളുകളുടെ സ്വകാര്യജീവിതം നശിപ്പിക്കാൻ ഇത്തരം കേസുകൾ കാരണമാകുന്നതായി മറ്റൊരു കേസിൽ ഗുവാഹതി ഹൈകോടതി ചൂണ്ടിക്കാട്ടി. ശൈശവ വിവാഹം ഒരു മോശം പ്രവൃത്തിയാണ്. നമ്മുടെ അഭിപ്രായങ്ങൾ മുന്നോട്ടുവെക്കാം. അതല്ലാതെ എല്ലാവരെയും അറസ്റ്റ് ചെയ്ത് തടവിലിടാനാകുമോയെന്നും കോടതി ചോദിച്ചു. മൂവായിരത്തോളം പേരെ തടവിലാക്കിയതിനെതിരെ അസമിൽ സ്ത്രീകൾ പ്രക്ഷോഭരംഗത്താണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.