ശൈശവ വിവാഹവും സതിയും ഇന്ത്യയിൽ വ്യാപകമായത് ഇസ്‍ലാമിന്റെ കടന്നു വരവോടെ; വിവാദ പരാമർശവുമായി ആർ.എസ്.എസ് നേതാവ്

ന്യൂഡൽഹി: ശൈശവ വിവാഹവും സതിയും വിധവ പുനർവിവാഹ നിരോധനവും സ്‍ത്രീകൾക്കിടയിലെ നിരക്ഷരതയും ഇന്ത്യയിൽ വ്യാപകമാകാൻ കാരണം ഇസ്‍ലാമിന്റെ അധിനിവേശത്തോടെയാണെന്ന് മുതിർന്ന ആർ.എസ്.എസ് നേതാവ് കൃഷ്ണ ഗോപാൽ. ഡൽഹി സർവകലാശാലയിലെ 'നാരി ശക്തി സംഗമം' എന്ന പരിപാടിയിൽ സ്ത്രീ ശാക്തീകരണത്തെക്കുറിച്ച് സംസാരിക്കവെയാണ് കൃഷ്ണ ഗോപാൽ വിവാദ പരാമർശം നടത്തിയത്. മധ്യകാലഘട്ടത്തിൽ സ്ത്രീകൾക്കും പെൺകുട്ടികൾക്കും ആക്രമണകാരികളിൽ നിന്ന് അവരെ സംരക്ഷിക്കാൻ നിരവധി നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നതായി ഗോപാൽ അവകാശപ്പെട്ടു. മധ്യകാലഘട്ടം വളരെ ബുദ്ധിമുട്ടുള്ള സമയമായിരുന്നു. രാജ്യമൊന്നാകെ കീഴടക്കലുമായി മല്ലിടുകയായിരുന്നു. ക്ഷേത്രങ്ങൾ തകർക്കപ്പെട്ടു. വലിയ സർവകലാശാലകൾ നശിപ്പിക്കപ്പെട്ടു. സ്ത്രീകൾ അപകടത്തിലായി.-ആർ.എസ്.എസ് നേതാവ് തുടർന്നു.

ലക്ഷക്കണക്കിന് സ്ത്രീകളെ തട്ടിക്കൊണ്ടുപോയി ലോകമെമ്പാടുമുള്ള മാർക്കറ്റുകളിൽ വിൽപ്പന നടത്തി. അത് (അഹ്മദ് ഷാ) അബ്ദാലി, (മുഹമ്മദ്) ഘോരി, (ഗസ്നിയുടെ മഹ്മൂദ്) ആകട്ടെ, അവരെല്ലാം ഇവിടെ നിന്ന് സ്ത്രീകളെ കൊണ്ടുവന്ന് ലോകമെമ്പാടുമുള്ള വിപണികളിൽ വിറ്റു. അത് വലിയ അപമാനത്തിന്റെ കാലഘട്ടമായിരുന്നുവെന്നും ഗോപാൽ ആരോപിച്ചു.

ഇസ്ലാമിക അധിനിവേശത്തിനുമുമ്പ്, വലിയ തോതിലുള്ള സ്ത്രീശാക്തീകരണം നടന്നിരുന്നു. എന്നാൽ ഇസ്‍ലാം മതത്തിന്റെ കടന്നു വരവോടെ, ചെറുപ്പത്തിൽ തന്നെ വിവാഹം കഴിച്ച് പെൺമക്കളെ ആക്രമണകാരികളിൽ നിന്ന് സംരക്ഷിക്കുന്നതിനുള്ള ഒരു മാർഗമായാണ് ശൈശവ വിവാഹം ആരംഭിച്ചത്. അങ്ങനെ പെൺകുട്ടിൾ സ്കൂളുകളിലേക്കും ഗുരുകുലങ്ങളിലേക്കും പോകുന്നത് നിർത്തുകയും വിദ്യാഭ്യാസമില്ലാത്തവരായി മാറുകയും ചെയ്തു.

സതിക്ക് നമ്മുടെ നാട്ടിൽ സ്ഥാനമില്ലായിരുന്നു. പിന്നീട് സ്വയം തീക്കൊളുത്തി മരിക്കുന്ന സംഭവങ്ങൾ ഉണ്ടാകാൻ തുടങ്ങി. വിധവകളുടെ പുനർവിവാഹത്തിന് നിയ​ന്ത്രണം വന്നു. യുദ്ധങ്ങളിൽ ധാരാളം ഹിന്ദു പുരുഷൻമാർ കൊല്ലപ്പെട്ടതോടെ സാഹചര്യം കൂടുതൽ വഷളായി. എന്നാൽ ഇന്ന് അതിൽ നിന്നെല്ലാം ഒരുപാട് മാറ്റം വന്നു.-ആർ.എസ്.എസ് നേതാവ് പറഞ്ഞു.

ഇന്ന് ബോർഡ് പരീക്ഷകളിൽ പെൺകുട്ടികളാണ് ആൺകുട്ടി​കളേക്കാൾ മുന്നേറ്റം നടത്തുന്നത്. വിവിധ പ്രഫഷനൽ മേഖലകളിൽ സ്ത്രീകൾ വലിയ സംഭാവന നൽകുന്നു. പാശ്ചാത്യ സംസ്കാരത്തിന്റെ സ്വാധീനത്തിൽ നിന്ന് മുക്തരാകണമെന്ന് സ്‍​ത്രീകളോട് ആഹ്വാനം ചെയ്ത ആർ.എസ്.എസ് നേതാവ് ഇന്ത്യൻ മൂല്യങ്ങൾ മുറുകെപ്പിടിക്കാൻ കുട്ടികളെ ബോധവത്കരിക്കണമെന്നും ആവശ്യപ്പെട്ടു.

'സാങ്കേതികവിദ്യ ഉപയോഗിക്കുക, വിമാനം പറത്തുക, ഐ.എസ്.ആർ.ഒയിൽ ജോലി ചെയ്യുക ഒരു ശാസ്ത്രജ്ഞനോ ഡോക്ടറോ എൻജിനീയറോ ആകുക...നിങ്ങൾക്ക് ഇഷ്ടമുള്ളതെന്തും ചെയ്യുക, എന്നാൽ ഒരു സ്ത്രീയായി തുടരുക.കാരണം കുടുംബത്തിന്റെ നെടുംതൂണ് സ്ത്രീയാണ്. ആഗ്രഹിക്കുന്ന കരിയറിനൊപ്പം അടുക്കളയും കൈകാര്യം ചെയ്യണം. പ്രധാനമന്ത്രിയായപ്പോൾ പോലും ഇന്ദിരാഗാന്ധി അടുക്കള ജോലികൾ നിർവഹിച്ചിരുന്നു.​'-കൃഷ്ണ ഗോപാൽ കൂട്ടിച്ചേർത്തു.

Tags:    
News Summary - Child Marriage, Sati And Other Curbs On Women Were Imposed Because Of Islamic Invasion: RSS Leader Krishna Gopal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.