ലഖ്നോ: വിഷം കലർന്ന ചായ കുടിച്ച് ഉത്തർപ്രദേശിൽ രണ്ട് കുട്ടികളടക്കം നാല് പേർ മരിച്ചു. ഉത്തർപ്രദേശിലെ ആഗ്ര ഡിവിഷനിലെ മെയിൻപുരി ജില്ലയിലാണ് സംഭവം. ചായയിൽ കീടനാശിനി കലർന്നതാണ് മരണ കാരണമെന്ന് ഡോക്ടർമാർ അറിയിച്ചു. സംഭവം നടന്ന നഗ്ല കൻഹായ് ഗ്രാമത്തിലെ വീട്ടിൽ നിന്ന് കീടനാശിനി പൊടിയുടെ പാക്കറ്റും പൊലീസ് കണ്ടെടുത്തു.
നഗ്ല കൻഹായിലെ ശിവ് നന്ദിന്‍റെ വീട്ടിലാണ് മരണങ്ങൾ നടന്നത്. നന്ദന്റെ ഭാര്യയാണ് എല്ലാവർക്കുമായി ചായ തയാറാക്കിയത്. ചായ കുടിച്ച് അൽപ്പം കഴിഞ്ഞപ്പോൾ എല്ലാവർക്കും ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. ഉടൻ തന്നെ നന്ദന്റെ മക്കളായ ദിവ്യാൻഷും ശിവങ്ങും ബോധരഹിതരായി. നന്ദനും സഹോദരൻ ശോഭനും വായിൽ നിന്ന് നുരയും പതയും വന്ന് അബോധാവസ്ഥയിലായി.
ഇതേത്തുടർന്ന് എല്ലാവരേയും ഉടൻ തന്നെ മെയിൻപുരി ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും രവീന്ദ്ര സിങ്, ശിവംഗ്, ദിവ്യാൻഷ് എന്നിവർ മരിച്ചിരുന്നു. മറ്റ് രണ്ട് പേരെ സൈഫായി മെഡിക്കൽ കോളേജിലേക്ക് മാറ്റിയെങ്കിലും ഒരാൾ സംഭവ സ്ഥലത്ത് തന്നെ മരിച്ചു.
ചായയിൽ കീടനാശിനി കലർന്നാണ് അപകടം ഉണ്ടായതെന്നും എന്നാൽ ഇത് ബോധപൂർവമായ പ്രവൃത്തിയാണോ അപകടമാണോ എന്നത് അന്വേഷിക്കേണ്ടതുണ്ടെന്നും പൊലീസ് അറിയിച്ചു. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി അയച്ചു. ആന്തരികാവയവങ്ങൾ പരിശോധനക്കായി ആഗ്ര ഫോറൻസിക് സയൻസ് ലബോറട്ടറിയിലേക്കും അയച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.