ബെയ്ജിങ്: സിക്കിം അതിർത്തിയിലെ ഡോക്ലയിൽനിന്ന് ഇന്ത്യൻ സൈന്യത്തെ ഉടൻ പിൻവലിക്കണമെന്ന താക്കീതുമായി ചൈന. ഡോക്ല പ്രദേശത്ത് ൈസന്യത്തിെൻറ കടന്നുകയറ്റം രാഷ്ട്രീയ ലക്ഷ്യം നേടാനുള്ള നയപരമായ തന്ത്രമാണെന്ന് കുറ്റപ്പെടുത്തിയാണ് ചൈനീസ് വിദേശകാര്യ മന്ത്രാലയം താക്കീത് നൽകിയത്. ‘‘ഇന്ത്യൻ അതിർത്തി സേന നിയമവിരുദ്ധമായാണ് അതിർത്തിയിൽ കടന്നു കയറിയത്. ചൈനയിലുള്ള നിരവധി വിദേശ നയതന്ത്രപ്രതിനിധികൾ ഇൗ സംഭവത്തിൽ ഞെട്ടൽ പ്രകടിപ്പിച്ചു. കടന്നുകയറ്റം സത്യമാണോ എന്നാണവർ ആരാഞ്ഞത്’’ -വിദേശകാര്യ വക്താവ് ലു കാങ് വാർത്തലേഖകരോട് പറഞ്ഞു.
അതിർത്തിയിൽ ഇന്ത്യയുടെ ഭാഗത്തു നിന്നുള്ള ‘അതിക്രമിച്ചു കടക്കൽ’ സംബന്ധിച്ച് വിദേശ പ്രതിനിധികളുമായി ആശയവിനിമയം നടത്തുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.അതിർത്തിയിലെ ട്രൈജങ്ഷനിൽ ചൈന റോഡ് നിർമാണം തുടങ്ങിയതോടെയാണ് ഇന്ത്യയുടെ കൂടുതൽ സൈനികർ അതിർത്തിയിലേക്ക് നീങ്ങിയത്. അവിടെ ചൈനീസ് സൈനികരും നിലയുറപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ ഒരു മാസത്തിലേറെയായി ഇരു രാജ്യങ്ങളുടെയും സേന മുഖാമുഖം നിൽക്കുകയാണ്.
രാജ്യ സുരക്ഷക്ക് കനത്ത വെല്ലുവിളി ഉയർത്തുന്ന തരത്തിലുള്ള നിർമാണ പ്രവൃത്തികളിൽനിന്ന് ചൈന പിന്തിരിയണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടിട്ടുണ്ട്. വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലേക്ക് ചൈനീസ് പട്ടാളക്കാർക്ക് കടന്നുകയറാൻ ഇൗ പാത സഹായകമാവുമെന്ന ഉത്കണ്ഠയാണ് ഇന്ത്യക്കുള്ളത്. ശക്തമായ എതിർപ്പ് ചൈനീസ് അധികൃതരെ അറിയിച്ചിട്ടുണ്ട്.
സിക്കിം ഭാഗത്തെ അതിർത്തി ഇരുരാജ്യങ്ങളും പരസ്പര ധാരണയോടെ തീരുമാനിച്ചിട്ടുള്ളതാണ്. ആ കാര്യത്തിൽ അവ്യക്തതയില്ല. എന്നാൽ, ഇന്ത്യ ൻ െെസനികർ അനധികൃതമായി ചൈന അതിർത്തിയിലേക്ക് പ്രവേശിക്കുകയായിരുന്നു. ഇൗ കാര്യത്തിൽ ഇനിയും ക്ഷമിക്കാനാവില്ലെന്ന് വ്യക്തമാക്കിയതാണ്. ഇന്ത്യൻ ഭാഗത്തുനിന്ന് കടന്നു കയറ്റമാണ് സംഭവിച്ചിരിക്കുന്നതെന്ന് പലവട്ടം ആവർത്തിച്ചതുമാണ് -വക്താവ് പറഞ്ഞു. സാഹചര്യങ്ങൾ മനസ്സിലാക്കി സൈനികരെ പിവലിക്കാൻ ഇന്ത്യ തയാറാകുമെന്നാണ് പ്രതീക്ഷിക്കുന്നത്- ലു കാങ് തുടർന്നു.
അതിനിടെ, ഇന്ത്യ അവഗണിക്കാനാവാത്ത ശക്തിയാണെന്ന് ചൈന സമ്മതിക്കണെമന്ന് അമേരിക്കയുടെ മുൻ നയതന്ത്രജ്ഞ നിഷ ദേശായി ബിശ്വാൽ വാഷിങ്ടണിൽ പറഞ്ഞു. ഇന്ത്യ-ചൈന അതിർത്തിയിൽ സിക്കിം മേഖലയിലെ സംഘർഷത്തിെൻറ പശ്ചാത്തലത്തിലാണ് പ്രതികരണം. ഒബാമ ഭരണകാലത്ത് െതക്കൻ-മധ്യ ഏഷ്യൻ കാര്യങ്ങൾക്കുള്ള ഇന്ത്യൻ-അമേരിക്കൻ അസി. സെക്രട്ടറിയായിരുന്നു ബിശ്വാൽ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.