ന്യൂഡൽഹി: ഇന്ത്യയിൽ സന്ദർശനം നടത്തിയ ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണാൻ അനുമതി നൽകിയില്ലെന്ന് ദി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു. മോദിയുടെ ഉത്തർ പ്രദേശ് യാത്ര മുൻനിർത്തി തിരക്കായതിനാലാണ് അനുമതി നിഷേധിച്ചതെന്നാണ് വിവരം.
അതേസമയം, പരസ്പര ബന്ധം പഴയപടിയാക്കാനുള്ള ശ്രമത്തിൽ ഇന്ത്യ, ചൈന വിദേശകാര്യ മന്ത്രിമാർ ഡൽഹിയിൽ ഇന്നലെ നടത്തിയ ചർച്ച കാര്യമായ ഫലം ചെയ്തിട്ടില്ല. അതിർത്തിയിൽ അസാധാരണ സാഹചര്യം നിലനിന്നാൽ ബന്ധം സാധാരണ നിലയിലാവില്ലെന്ന നിലപാട് ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയെ വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കർ അറിയിച്ചു. എന്നാൽ അതിർത്തി പ്രശ്നവും വികസന വിഷയവും വെവ്വേറെ കാണണമെന്ന വാദം ചൈന മുന്നോട്ടു വെച്ചു. കൂടിക്കാഴ്ചക്ക് ശേഷം ചൈന പുറത്തിറക്കിയ പ്രസ്താവനയിൽ ലഡാക്ക് സംഘർഷം പരാമർശ വിഷയം തന്നെയായില്ല.
2020 മേയിൽ ലഡാക്കിൽ ഇരു സൈന്യങ്ങളും ഏറ്റുമുട്ടിയതോടെ രൂപപ്പെട്ട സംഘർഷാവസ്ഥക്കു ശേഷം ഇതാദ്യമായാണ് ചൈനീസ് ഭരണപ്രതിനിധി ഇന്ത്യയിൽ എത്തിയത്. പാകിസ്താനും അഫ്ഗാനിസ്താനും സന്ദർശിച്ചായിരുന്നു ഇന്ത്യയിലെത്തിയത്. കഴിഞ്ഞ ദിവസം നേപ്പാളിലേക്ക് മടങ്ങുകയും ചെയ്തു. ഈ വർഷം ബീജിങ്ങിൽ നടക്കേണ്ട ബ്രിക്സ് രാഷ്ട്ര നേതാക്കളുടെ യോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയും പങ്കെടുക്കേണ്ടിയിരിക്കെ, ബന്ധം മെച്ചപ്പെടുത്താനുള്ള ശ്രമങ്ങളിലാണ് ഇരുരാജ്യങ്ങളും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.