ഹൈദരാബാദ്: മൊബൈൽ ആപ്പ് വഴി എളുപ്പത്തിൽ വായ്പ നൽകുന്ന തട്ടിപ്പുമായി ബന്ധപ്പെട്ട് തെലങ്കാനയിൽ നാലുേപർ അറസ്റ്റിൽ. ഒരു ചൈനീസ് പൗരൻ ഉൾപ്പെടെ നാലുപേരാണ് അറസ്റ്റിലായത്.
സൈബറാബാദ് സൈബർ ക്രൈം പൊലീസ് ചൈനീസ് പൗരന്‍റെ ഉടമസ്ഥതയിലുള്ള കുബേവോ ടെക്നോളജി പ്രൈവറ്റ് ലിമിറ്റഡിൽ നടത്തിയ റെയ്ഡിലാണ് നാലുപേരും പിടിയിലാകുന്നത്. കമ്പനിയുടെ ആസ്ഥാനം ഡൽഹിയിലെ സ്കൈൈലൻ ഇന്നോവേഷൻസ് ടെക്നോളജീസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡാണ്. ഇതിന്‍റെ ഡയറക്ടർമാർ സിക്സിയ ഷാങ്ങും ഉമാപതി അജയ്യുമാണ്.
11 വായ്പ ആപ്ലിക്കേഷനാണ് ഇവർക്ക് സ്വന്തമായുള്ളത്. ലോൺ ഗ്രാം, ക്യാഷ് ട്രെയിൻ, ക്യാഷ് ബസ്, AAA ക്യാഷ്, സൂപ്പർ ക്യാഷ്, മിന്‍റ് ക്യാഷ്, ഹാപ്പി ക്യാഷ്, ലോൺ കാർഡ്, റീപേ വൺ, മണി ബോക്സ്, മങ്കി ബോക്സ് തുടങ്ങിയവയാണവ.
ഇതുവഴി വ്യക്തിഗത വായ്പ അനുവദിക്കുകയും കൊള്ളപലിശക്ക് പുറമെ മറ്റു നിരക്കുകളും വായ്പയെടുത്തവരിൽനിന്ന് ഈടാക്കുകയുമായിരുന്നു. കൂടാതെ മുതലും പലിശയും തിരിച്ചുപിടിക്കുന്നതിനായി ഭീഷണിപ്പെടുത്തലും അക്രമ നടപടികളും സ്വീകരിച്ചിരുന്നു. ബന്ധുക്കൾക്ക് വ്യാജ ലീഗൽ നോട്ടീസുകൾ അയച്ച് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.
അടുത്തിടെ എട്ടു കേസുകളാണ് സൈബറാബാദ് സൈബർ ക്രൈം പൊലീസ് സ്റ്റേഷനിൽ വായ്പ തട്ടിപ്പുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്തത്.
രാജ്യത്ത് ഇത്തരം വായ്പ തട്ടിപ്പുമായി ബന്ധപ്പെട്ട് നിരവധി കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. വായ്പ കമ്പനികളുടെ ഭീഷണിയെ തുടർന്ന് മൂന്നുപേർ ആത്മഹത്യചെയ്യുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.