ന്യൂഡൽഹി: രാജ്യത്ത് ലോക്ഡൗൺ കാലളവിൽ ക്രിസ്ത്യാനികൾക്കെതിരായ ആക്രമണങ്ങൾ വർധിച്ചെന്ന് റിപ്പോർട്ട്. ജൂലൈ പകുതിയോടെ ഇവാഞ്ചലിക്കൽ ഫെലോഷിപ് ഓഫ് ഇന്ത്യ പുറത്തിറക്കിയ റിപ്പോർട്ട് പ്രകാരം 135ഓളം കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഫ്രണ്ട്ലൈൻ മാഗസിനാണ് ഇതുസംബന്ധിച്ച റിപ്പോർട്ട് പുറത്തുകൊണ്ടുവന്നത്.
2020ലെ ആദ്യ ആറുമാസത്തെ കണക്ക് മാത്രമാണിത്. ക്രിസ്ത്യൻ വീടുകൾ, പള്ളികൾ, വിശ്വാസികൾ എന്നിവക്ക് നേരെയുള്ള ആക്രമണങ്ങൾ വർധിച്ചതായും റിപ്പോർട്ടിൽ പറയുന്നു. 'ലോക്ഡൗൺ കാരണം കച്ചവടങ്ങൾ, മാർക്കറ്റുകൾ, സ്കൂളുകൾ, കോളജുകൾ എന്നിവ അടക്കുേമ്പാൾ ആക്രമണങ്ങൾ കുറയുമെന്നാണ് ഞങ്ങൾ കരുതിയത്. പക്ഷേ ഞങ്ങൾക്ക് തെറ്റുപറ്റി' - ഇവാഞ്ചലിക്കൽ ഫെലോഷിപ് ഓഫ് ഇന്ത്യ സെക്രട്ടറി വിജയേഷ് ലാൽ പ്രതികരിച്ചു. ക്രിസ്ത്യാനികൾ എന്നാൽ മതപരിവർത്തനമാണെന്ന തരത്തിലൊരു പ്രതിഛായ നിർമിച്ചതിൽ ആർ.എസ്.എസിനുള്ള പങ്കും വിജയേഷ് ലാൽ തുറന്നുകാട്ടുന്നു.
പേഴ്സിക്യൂഷൻ റിലീഫ് എന്ന സംഘടനയുടെ കണക്കുകൾ പ്രകാരം ലോക്ഡൗണിനിടയിൽ ക്രിസ്ത്യാനികൾക്കെതിരെയുള്ള ആക്രമണം 40.87 ശതമാനം ഉയർന്നു. ആറുകൊലപാതകങ്ങളും അഞ്ചു ബലാത്സംഗങ്ങളും അടക്കം 293 കേസുകളാണ് ഈ വർഷത്തെ ആദ്യ ആറുമാസങ്ങളിൽ നടന്നത്. ഝാർഖണ്ഡ്, ഛത്തീസ്ഗഢ്, ഒഡീഷ എന്നിവിടങ്ങളിൽ കഴിഞ്ഞ മൂന്നുമാസങ്ങളിലായി മതഭ്രാന്തുമൂലം ആറു ക്രിസ്ത്യാനികൾക്ക് ജീവൻ നഷ്ടമായതായി പെഴ്സിക്യൂഷൻ റിലീഫ് സ്ഥാപകൻ ഷിബു തോമസ് അറിയിച്ചു.
യോഗി ആദിത്യനാഥ് ഭരിക്കുന്ന ഉത്തർപ്രദേശിലാണ് ഏറ്റവും കൂടുതൽ ആക്രമണങ്ങൾ നടക്കുന്നതെന്ന് രണ്ടുറിപ്പോർട്ടുകളും പറയുന്നു. മുമ്പ് ബജ്റംഗ്ദൾ മാത്രമാണ് ആക്രമണങ്ങളിൽ പങ്കാളികളായിരുന്നതെങ്കിൽ ഇപ്പോൾ അഭിനവ് ഭാരത്, മോദി സേന, അമർ സേന, ധർമ സേന തുടങ്ങിയവരുമുണ്ട്.വെറുപ്പ് താഴേത്തട്ടിലേക്ക് പടർന്നതായും റിപ്പോർട്ടിലുണ്ട്.
ജൂൺ നാലിന് ഒറീസയിൽ 14 കാരെൻറ ശരീരഭാഗത്തിെൻറ കഷ്ണങ്ങൾ പലയിടത്തായി കണ്ടെത്തിയിരുന്നു. ഈ ആൺകുട്ടിയുടെ കുടുംബം മൂന്നുവർഷം മുമ്പ് ക്രിസ്തുമതം സ്വീകരിച്ചവരായതിനാൽ ഗ്രാമീണരിൽ നിന്നും നിരവധി ഭീഷണികൾ നേരിട്ടിരുന്നതായി പൊലീസ് എഫ്.ഐ.ആറിലുണ്ടായിരുന്നതായും ഫ്രണ്ട്ലൈൻ റിപ്പോർട്ടിലുണ്ട്.
സംഘ്പരിവാര്‍ സംഘടനയായ ബജ്റംഗ്ദള്‍ മതപരിവര്‍ത്തനം ആരോപിച്ച് പ്രാര്‍ഥന തടസ്സപ്പെടുത്തിയ മുംബൈയിലെ ന്യൂലൈഫ് ഫെലോഷിപ് അസോസിയേഷന് അടക്കം നാല് ക്രിസ്ത്യന്‍ സംഘടനകൾക്ക് വിദേശ സംഭാവന സ്വീകരിക്കാനുള്ള അനുമതി ഈ മാസമാദ്യം കേന്ദ്ര ആഭ്യന്തര മന്ത്രാലയം റദ്ദാക്കിയിരുന്നു. ഇന്ത്യയിലെ ചില സന്നദ്ധ സംഘടനകള്‍ക്ക് വിദേശ സംഭാവന നല്കുന്ന അമേരിക്ക കേന്ദ്രീകരിച്ചുള്ള രണ്ട് ദാതാക്കളെക്കുറിച്ച് വിദേശ സംഭാവന നിയന്ത്രണ നിയമ (എഫ്.സി.ആര്.എ) പ്രകാരം കേന്ദ്ര ആഭ്യന്തര മന്ത്രാലയം അന്വേഷണവും തുടങ്ങിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.