ന്യൂഡൽഹി: ജുഡീഷ്യറിയിൽ 50 ശതമാനം വനിത സംവരണം അനിവാര്യമാണെന്ന് ചീഫ് ജസ്റ്റിസ് എൻ.വി. രമണ. ഇതു നിങ്ങളുടെ അവകാശമാണെന്നും നിങ്ങളിത് ആവശ്യപ്പെടണമെന്നും തന്റെ പരിപൂർണ പിന്തുണ ഉണ്ടാവുമെന്നും ചീഫ് ജസ്റ്റിസ് വനിത അഭിഭാഷകരോട് ആവശ്യപ്പെട്ടു. ലോ കോളജുകളിലും നിശ്ചിത ശതമാനം വനിത സംവരണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ചീഫ് ജസ്റ്റിസിനും പുതുതായി ചുമതലയേറ്റ ജഡ്ജിമാർക്കും സുപ്രീംകോടതിയിലെ വനിത അഭിഭാഷകർ സംഘടിപ്പിച്ച സ്വീകരണ പരിപാടിയിലാണ് രമണ, നീതിന്യായ സംവിധാനത്തിലെ വനിത പ്രാതിനിധ്യത്തിനുവേണ്ടി ശക്തമായി വാദിച്ചത്.
ഈ അവകാശ ത്തിനുവേണ്ടി കരയുകയല്ല, രോഷത്തോടെ ആവശ്യമുന്നയിക്കുകയാണ് വേണ്ടതെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.
'ജുഡീഷ്യറിയിൽ 50 ശതമാനം സ്ത്രീ സംവരണം ആവശ്യമാണ്. ഇത് അവകാശത്തിെൻറ പ്രശ്നമാണ്, ഔദാര്യത്തിേന്റതല്ല. ആയിരക്കണക്കിന് വർഷങ്ങൾ നീണ്ട അടിച്ചമർത്തലുമായി ബന്ധപ്പെട്ട വിഷയമാണിത്. എല്ലാ നിയമ വിദ്യാലയങ്ങളിലും നിശ്ചിത ശതമാനം വനിത സംവരണം വേണമെന്നും ഞാൻ ശക്തമായി ആവശ്യപ്പെടുകയാണ്. കീഴ്കോടതി ജഡ്ജിമാരിൽ 30 ശതമാനത്തിനു താഴെയാണ് വനിത പ്രാതിനിധ്യമെങ്കിൽ ഹൈകോടതികളിൽ ഇത് 11.5 ശതമാനമാണ്. സുപ്രീംകോടതിയിൽ 11-12 ശതമാനം മാത്രമേ വനിത ജഡ്ജിമാരുള്ളൂ.
രാജ്യത്തെ 17 ലക്ഷം അഭിഭാഷകരിൽ 15 ശതമാനം മാത്രമാണ് വനിതകൾ. സംസ്ഥാന ബാർ കൗൺസിലുകളിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നവരിൽ വെറും രണ്ടു ശതമാനമാണ് സ്ത്രീകൾ. ബാർ കൗൺസിൽ ഓഫ് ഇന്ത്യ ദേശീയ കമ്മിറ്റിയിൽ ഒറ്റ വനിതപോലുമില്ലാത്ത കാര്യം ഞാൻ നേരത്തേ ചൂണ്ടിക്കാട്ടിയതാണ്. ഇത്തരം പ്രശ്നങ്ങൾ അടിയന്തരമായി പരിഹരിക്കപ്പെടേണ്ടതുണ്ട്'-രമണ വിശദീകരിച്ചു. 'സർവലോക തൊഴിലാളികളേ ഒന്നിക്കൂ, നിങ്ങൾക്ക് നഷ്ടപ്പെടാൻ വിലങ്ങുകൾ മാത്രം' എന്ന കാൾമാക്സിെൻറ വാചകങ്ങളിൽ തിരുത്തൽ വരുത്തി, 'സർവലോക സ്ത്രീകളെ ഒന്നിക്കൂ, നിങ്ങൾക്ക് നഷ്ടപ്പെടാൻ വിലങ്ങുകൾ മാത്രം' എന്നു പറയാനാണ് താൻ ആഗ്രഹിക്കുന്നതെന്നും ചീഫ് ജസ്റ്റിസ് തുറന്നടിച്ചു.
വനിത അഭിഭാഷകർ നേരിടുന്ന വെല്ലുവിളികൾ ചൂണ്ടിക്കാട്ടിയ അദ്ദേഹം, ബുദ്ധിമുേട്ടറിയ തൊഴിൽ സാഹചര്യവും വനിത ശുചിമുറിയുടെയും അമ്മമാർക്കുള്ള സൗകര്യങ്ങളുടെയും അഭാവവുമെല്ലാം പരിഹരിക്കപ്പെടേണ്ടതാണെന്നും വ്യക്തമാക്കി. രാജ്യത്താകെയുള്ള 6000 കോടതികളിൽ 22 ശതമാനത്തിൽ മാത്രമേ സ്ത്രീകൾക്ക് പ്രത്യേക ശുചിമുറികൾ ഉള്ളൂ. അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം പരിഹരിക്കാൻ ഭരണസംവിധാനങ്ങൾക്കുമേൽ സമ്മർദം ചെലുത്താൻ തെൻറ ഭാഗത്തുനിന്ന് പരിശ്രമം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
ഇതിനായി ജുഡീഷ്യൽ ഇൻഫ്രാസ്ട്രക്ചർ കോർപറേഷൻ സ്ഥാപിക്കണമെന്ന ആവശ്യം മുന്നോട്ടുവെക്കുകയാണെന്നും അദ്ദേഹം തുടർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.