ന്യൂഡൽഹി: ന്യൂനപക്ഷ വിദ്യാർഥികള്‍ക്കുള്ള സ്കോളര്ഷിപ്പുകളില് 3000 കോടി രൂപ വെട്ടിക്കുറച്ചതായി കേന്ദ്രസർക്കാർ. ലോക്സഭയില്‍ കൊടിക്കുന്നില്‍ സുരേഷ് എം.പിയുടെ ചോദ്യത്തിന് ന്യൂനപക്ഷ മന്ത്രി കിരണ്‍ റിജിജു നൽകിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ഒന്നു മുതല്‍ എട്ടു വരെ ക്ലാസിലുള്ള വിദ്യാര്‍ഥികള്‍ക്കുള്ള പ്രീ-മെട്രിക് സ്കോളര്‍ഷിപ് പദ്ധതി നിർത്തലാക്കി. നിലവിൽ ഒമ്പത്, 10 ക്ലാസുകൾക്ക് മാത്രമാണ് സ്കോളർഷിപ് നൽകുന്നതെന്നും മറുപടിയിൽ പറയുന്നു.
ന്യൂനപക്ഷ വിദ്യാർഥികള്‍ക്കുള്ള സ്കോളര്‍ഷിപ്പിനായി അഞ്ച് വര്‍ഷത്തിനിടെ 10,432.53 കോടി അനുവദിച്ചപ്പോള്‍, 7369.95 കോടി മാത്രമാണ് വിതരണം ചെയ്തത്. ന്യൂനപക്ഷ വിദ്യാര്‍ഥികള്‍ക്കുള്ള നിരവധി സാമ്പത്തിക സഹായ പദ്ധതികള്‍ നിര്‍ത്തലാക്കുകയോ നിയന്ത്രിക്കുകയോ ചെയ്തിട്ടില്ലെന്നും മറുപടിയിലുണ്ട്.
കൂടാതെ, മൗലാന ആസാദ് നാഷനല്‍ ഫെലോഷിപ്പും വിദേശരാജ്യങ്ങളിൽ പഠനത്തിന് നൽകുന്ന പധോ പര്‍ദേശ് പലിശ സബ്സിഡി സ്കീമും 2022ല്‍ നിര്‍ത്തലാക്കി. മറ്റു മന്ത്രാലയങ്ങള്‍ വഴി സമാനമായ സ്കോളര്‍ഷിപ്പുകള്‍ ലഭ്യമാണെന്നും മറുപടിയിൽ വ്യക്തമാക്കുന്നു.
കേന്ദ്രസർക്കാറിന്റെ ന്യൂനപക്ഷ വിരുദ്ധ സമീപനത്തെ തുറന്നുകാണിക്കുന്നതാണ് പാർലമെന്റിലെ വിശദീകരണമെന്ന് കൊടിക്കുന്നിൽ സുരേഷ് എം.പി പറഞ്ഞു. നിർത്തലാക്കിയ പദ്ധതികൾ പുനരാരംഭിക്കണമെന്നും കാര്യക്ഷമമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.