ന്യൂഡൽഹി: ജനസംഖ്യാടിസ്ഥാനത്തിലുള്ള ലോക്സഭാ മണ്ഡല പുനർനിർണയത്തിനെതിരായ ഡി.എം.കെ പ്രതിഷേധത്തിൽ പാർലമെന്റിന്റെ ഇരു സഭകളും വ്യാഴാഴ്ച സ്തംഭിച്ചു. മണ്ഡല പുനർനിർണയത്തിനെതിരെയുള്ള മുദ്രാവാക്യം എഴുതിയ ടീഷർട്ടുകൾ അണിഞ്ഞുവന്ന ഡി.എം.കെ എം.പിമാർ ഇരുസഭാധ്യക്ഷന്മാരും അവ അഴിച്ചുമാറ്റാൻ പറഞ്ഞെങ്കിലും അതിന് തയാറാകാതിരുന്നതോടെ ഇരു സഭകളും സ്തംഭിക്കുകയായിരുന്നു. ഈ വേഷത്തിൽ വന്ന എം.പിമാരുമായി ലോക്സഭ നടത്തില്ലെന്ന് സ്പീക്കർ ഓം ബിർളയും ഈ പ്രതിഷേധം രാജ്യസഭയിൽ അനുവദിക്കില്ലെന്ന് ചെയർമാൻ ജഗ്ദീപ് ധൻഖറും ഉറച്ച നിലപാടെടുത്തതാണ് സഭാ സ്തംഭനത്തിലേക്ക് നയിച്ചത്.
ശനിയാഴ്ച ചെന്നൈയിൽ മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ വിളിച്ച യോഗത്തിന്റെ പശ്ചാത്തലത്തിലാണ് ഡി.എം.കെ പാർലമെന്റിനകത്തെ പ്രതിഷേധം കടുപ്പിച്ചത്. ‘നീതിപൂർവകമായ മണ്ഡല പുനർനിർണയം: തമിഴ്നാട് പൊരുതും, തമിഴ്നാട് ജയിക്കും’ എന്നെഴുതിയ ടീഷർട്ടും അപരിഷ്കൃതരല്ല പരിഷ്കൃതർ എന്നെഴുതിയ ഷാളുമണിഞ്ഞ് ഇരു സഭകളും സമ്മേളിക്കും മുമ്പ് പുതിയ പാർലമെന്റിന്റെ മുഖ്യ കവാടമായ മകരദ്വാറിൽ പ്രതിഷേധിച്ച ശേഷമാണ് ഡി.എം.കെ എം.പിമാർ അതേ വേഷത്തിൽ ലോക്സഭയിലെത്തിയത്.
കനിമൊഴി, ദയാനിധി മാരൻ തുടങ്ങിയ മുതിർന്ന നേതാക്കൾ അടക്കം എല്ലാവരും പ്രതിഷേധ ടീഷർട്ടുമായി വന്നതു കണ്ട് സ്പീക്കർ രോഷാകുലനായി. എം.പിമാർ സഭക്ക് പുറത്തുപോയി ആ ടീഷർട്ട് അഴിച്ചുവന്നിട്ടല്ലാതെ സഭ നടപടികളിലേക്ക് കടക്കില്ലെന്ന് ബിർള പറഞ്ഞു. എന്നാൽ ഡി.എം.കെ എം.പിമാർ ടീ ഷർട്ടുകൾ അഴിക്കില്ലെന്ന് പറഞ്ഞു.
അതോടെ 12 വരെ ആദ്യം നിർത്തിയ സഭ വീണ്ടും ചേർന്നപ്പോഴും ടീ ഷർട്ടുമായി ഡി.എം.കെ എം.പിമാർ എത്തിയതു കണ്ട് നിർത്തിവെച്ചു. രാജ്യസഭയിൽ ചെയർമാനും സമാന നിലപാടെടുത്തു. സസ്പെൻഡ് ചെയ്താലും പ്രതിഷേധത്തിന്റെ ടീ ഷർട്ട് അഴിക്കില്ലെന്ന് ഡി.എം.കെ എം.പിമാർ വ്യക്തമാക്കിയതോടെ ഒരു നടപടികളിലേക്കും കടക്കാനാകാതെ ഇരു അധ്യക്ഷന്മാർക്കും സഭ നിർത്തിവെക്കേണ്ടി വന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.